ഒന്നു കുണുങ്ങി, കുതറിച്ചാടി രണ്ടരവര്‍ഷം മുമ്പ് താഴത്തനാട്ട് വിനോദ് കുമാറിന്റെ വീടിന്റെ പടികയറിയതാണ് കൃഷ്ണ. അന്നവള്‍ നന്നേ ചെറുപ്പം. കണ്ടാലാരുമൊന്ന് നോക്കും.
ഉരുണ്ട വിശാലമായ നെറ്റിത്തടവും, കുഞ്ചിരോമങ്ങളും, കരിമഷിക്കണ്ണുകളും ഉയര്‍ന്ന ഉപ്പൂടിയും, പുലിപ്പുള്ളി നിറവുമായി കൊഴുത്തു തുടുത്തൊരു പശുക്കുട്ടി. ഗുജറാത്തില്‍ നിന്നുള്ള തനി ഗീര്‍ ഇനത്തില്‍പ്പെട്ട അവള് കാലുകുത്തിയ നാള് മുതല്‍ പത്തനംതിട്ട, കുന്നന്താനം മുണ്ടിയപ്പള്ളി താഴത്തനാട്ട് വീട്ടില്‍ ലക്ഷ്മീ വിളയാട്ടമാണ്. സാക്ഷാല്‍ മഹാലക്ഷ്മീ വിളയാട്ടം. കൃഷ്ണയ്ക്കു കൂട്ടിന് ഇന്ന് നൂറിലേറെ തനി നാടന്‍ ഗോക്കള്‍.
മധ്യതിരുവിതാംകൂറിലെ വ്യവസായ പ്രമുഖനായ മഹാലക്ഷ്മീ സില്‍ക്ക്സ് ഉടമ വിനോദ് കുമാറിന്റെ വിജയപഥത്തില്‍ ഗോപാലനത്തിന്റെ കാല്‍പ്പാടുകളുണ്ട്. തിരക്കുകളേറെയെങ്കിലും ഒരു നേരമെങ്കിലുമെത്തി ഗോക്കളെ തലോടാതെ ഉറങ്ങാത്ത വിജയശില്പി. നാടന്‍ പശുപരിപാലനം ജീവിതചര്യയാക്കിമാറ്റിയപ്പോള് വിനോദ് കുമാറിനു സാധ്യമായത് ഭാരതത്തിലെ തന്നെ അപൂര്‍വ്വമെന്നു പറയാവുന്ന മഹാലക്ഷ്മി ഗോശാലയാണ്.
പാലുവാങ്ങാന്‍ ആവശ്യത്തിലേറെ പണവും, ബിസിനസ്സിനു തന്നെ സമയം തികയാതിരുന്നിട്ടും ഈ നാട്ടിന്പുറത്തുകാരന് ഗോശാലയോട് പ്രേമം തോന്നിയതിന് കാരണങ്ങളേറെ.
പുതിയ തലമുറയ്ക്കു കൈമോശം വന്ന പഴയ ജീവിതശൈലിയായിരുന്നു നമ്മുടെ സമ്പത്ത്. സാമൂഹിക-സാംസ്കാരിക ആരോഗ്യ രംഗത്ത് നാമിന്ന് അധഃപ്പതനത്തിന്റെ നാള്‍വഴിയിലാണ്.
ആധുനികതയെന്ന പേരില്‍ വൈദേശികാനുകരണം നമ്മുടെ സമ്പുഷ്ടമായിരുന്ന സര്വ്വരംഗങ്ങളേയും രോഗാതുരമാക്കി എന്നാണ് ഈ വ്യവസായിയുടെ അഭിപ്രായം.
പണ്ടൊക്കെ തറവാടുകളില്‍ ഐശ്വര്യ ചിഹ്നമായിരുന്നു ഗോക്കള്‍. തറവാടിന്റെ സ്ഥാനം നോക്കുന്നതിനൊപ്പം തൊഴുത്തിനും സ്ഥാനം നോക്കും. തൊഴുത്തില്‍ നിരന്നു നില്ക്കുന്ന പശുക്കള്‍ക്ക് അമ്മിണി, നന്ദിനി, പൂവാലി, എന്നിങ്ങനെ പേരുകള്‍…പാലു നല്കുന്ന വളര്‍ത്തു മൃഗമായല്ല, വീടിന്റെ ഐശ്വര്യദേവതയായിട്ടാണ് പശുക്കളെ നാം കണ്ടിരുന്നത്.
കേരളത്തില്‍ മാത്രമല്ല ഈ പശുപ്രേമം. ഭാരതസംസ്കാരം ഗോമാതാവിന് വലിയ സ്ഥാനം കല്പിച്ചുനല്കിയിരിക്കുന്നു. വേദങ്ങളിലും ഹൈന്ദവ ഇതിഹാസ പുരാണഗ്രന്ഥങ്ങളിലും ഗോക്കളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ ശ്രേഷ്ഠ ഗ്രന്ഥങ്ങളെല്ലാം തന്നെ ഗോവ് സര്വ്വസദ്ഗുണങ്ങളോടും കൂടിയ ദൈവസൃഷ്ടിയാണ്.
പശുക്കള്‍ക്ക് വേണ്ടി യുദ്ധങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. ഒരാളുടെ ഉടമസ്ഥതയിലുള്ള പശുക്കളുടെ എണ്ണമാണ് അയാള്‍ എത്ര സമ്പന്നനാണെന്ന് നിര്‍ണ്ണയിക്കാന്‍ മാനദണ്ഡമാക്കിയിരുന്നത്. ജമദഗ്നി മഹര്‍ഷിയുടെ ആശ്രമത്തിലെ ഗോമാതാവായ കാമധേനുവിനു വേണ്ടിയും വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തിലെ നന്ദിനിയ്ക്കായും നടന്ന പടപ്പുറപ്പാടിനെപ്പറ്റി നമുക്കറിയാം. പുരാണത്തില്‍ മാത്രമല്ല…ഗോക്കള്‍ക്ക് എന്നും നമ്മുടെ സമൂഹത്തിലും പ്രസക്തിയുണ്ടെന്നാണ് വിനോദിന്റെ പക്ഷം.
എന്നും അതത് നാട്ടിലെ തനത് ഇനങ്ങള്‍ക്കു തന്നെയാണ് പശുവളര്‍ത്തല്‍ തൊഴിലാക്കിയവര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ഈ രംഗത്തെ പഴയതലമുറ പറയുന്നത്. കാരണം നമ്മുടെ നാട്ടിലെ സാഹചര്യങ്ങളുമായി ഇണങ്ങി ഇവ വളരുമെന്നതു തന്നെയാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഭാരതത്തിലെ നാഷണല്‍ ബ്യൂറോ ആന്‍ഡ് ആനിമല്‍ ജനറ്റിക് റിസര്‍ച്ച് എന്ന സ്ഥാപനം കേരളത്തിലെ വെച്ചൂര്‍ പശു ഉള്‍പ്പെടെ 34 ഇനങ്ങളെയാണ് നാടന്‍ പശുക്കളുടെ കൂട്ടത്തില്പ്പെടുത്തിയിട്ടുള്ളത്. നാടന്‍ പശുക്കളുടെ പാലുല്പാദനം കുറവാണെങ്കിലും പാലിന് ഗുണമേറും. ഇവയ്ക്ക് രോഗപ്രതിരോധശക്തി വളരെ കൂടുതലാണ്. കുറച്ച് തീറ്റയും മതി.
നാടന്‍ പശുക്കളില്‍ നടത്തിയ പഠനത്തില്‍, കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫോലിപിഡ് വളരെ കൂടുതലുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫോസ്ഫോലിപിഡ് തലച്ചോറിന്റെയും ഞരമ്പുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. ഇത് കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെ ഗുണം ചെയ്യും.
ഭാരതത്തിലെ നാടന്‍ പശുക്കളെക്കുറിച്ച് 1980 ന്റെ തുടക്കത്തില്‍ തന്നെ ബ്രസീല്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഗവേഷണം നടത്തിവന്നിരുന്നു. അവര്‍ ഗുജറാത്തില്‍ നിന്നു കൊണ്ടുപോയ ഗീര്‍ പശുക്കളില്‍നിന്ന് വികസിപ്പിച്ചെടുത്ത മുന്തിയ ഇനങ്ങള്‍ വഴി ഇന്നവര്‍ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ പാല് ഉല്പാദിപ്പിക്കാന് കഴിയുന്നു.
ഭാരതത്തില്‍ ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഗോസംരക്ഷണത്തിലും പാല് ഉല്പാദനത്തിലും മുന്നേറുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഗോകുല്‍ മിഷന് പദ്ധതിപോലും കേരളത്തില്‍ നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു.
അമ്മയുടെ മുലപ്പാല്‍ കഴിഞ്ഞാല്‍ പിന്നീട് കുടിക്കുന്നത് പശുവിന് പാലാണ്. ആ പശുവിനെ അമ്മയായി കരുതുന്നതാണ് നമ്മുടെ സംസ്കാരം.
പശുവിന്റെ ശരീരം പുറത്തേക്കുവിടുന്നതെല്ലാം ഔഷധങ്ങളാണ്. ലോകത്തെ മറ്റൊരു ജീവിയ്ക്കും ഇത്തരം വൈശിഷ്ട്യമില്ല. ദിവ്യ ഔഷധങ്ങളായ ഗോമൂത്രവും, ചാണകവും, പഞ്ചഗവ്യവുമെല്ലാം ഉപേക്ഷിച്ച് ഗോമാതാവിനെ കൊന്നു തിന്നാനാണ് നമുക്കിഷ്ടം. വേണ്ടതു കഴിക്കുന്നില്ല. വേണ്ടാത്തതു കഴിക്കുന്നു. മലയാളികളുടെ ആരോഗ്യം തകരാന്‍ പ്രധാന കാരണം ഇത്തരം തലതിരിഞ്ഞ രീതികളാണ്.
നാടന്‍ പശുക്കളുടെ സാമീപ്യം തന്നെ അസുഖം മാറ്റുന്നതാണ്. അമൃതാണ് നാടന്‍ പശുവിന് പാല്. ഇതു മറന്ന് സങ്കരയിനങ്ങളെ സൃഷ്ടിച്ച് കെമിക്കലുകള്‍ ചേര്‍ന്ന കാലിത്തീറ്റകളും ഉല്പാദന വര്‍ദ്ധനവിനുള്ള ഹോര്‍മ്മോണുകളും മരുന്നും നല്കി ഉല്പാദിപ്പിച്ച് വിഷതുല്യമായ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് കവറിലാക്കി വില്പന നടത്തുന്ന പാല്, രോഗങ്ങളെ വിളിച്ചുവരുത്തും. വിനോദ് കുമാര്‍ പറയുന്നു.
ഭാരതത്തിലെമ്പാടുമായി ഒട്ടേറെ തനി നാടന്‍ പശുക്കളുണ്ട്. ഉന്നത നിലവാരത്തിലുള്ള ഇത്തരം യഥാര്‍ത്ഥ ബ്രീഡുകളെയാണ് വിനോദ് കുമാര്‍ തന്റെ ഗോശാലയില്‍ അന്തേവാസികളാക്കിയിരിക്കുന്നത്.
വലിയ ചെവിയും വലിയ നെറ്റിയുമുള്ള ഗീര്‍ ഒരങ്കത്തിനു തന്നെ ബാല്യമുള്ള ഇനമാണ്. ഗീര്‍ ഇനം ഭാരതത്തില്‍ തന്നെ അപൂര്‍വ്വമാകുന്ന സ്ഥിതിയിലും മഹാലക്ഷ്മി ഗോശാലയില്‍ 25ലധികം ഒറിജിനല്‍ ഗീര്‍ പശുക്കളും കാളകളുമുണ്ട്. ഇതിനു പുറമേ സഹ്യവാള്, ഓംഗോള്‍, കണ്ക്രേജ് നഗോരി, ധാര്പാര്ക്കര് തുടങ്ങിയ ഉത്തരേന്ത്യന്‍ പശുക്കളുടെ നീണ്ടനിര.
16 ഇനങ്ങളിലായി നൂറിലേറെ പശുക്കള്‍. ഇതിനു പുറമേ ഈ ഗോശാലയിലുള്ള നാടന്‍ ഇനങ്ങളെ കൂടി പരിചയപ്പെടാം.
വെച്ചൂര്‍
സ്വദേശം കോട്ടയം ജില്ലയിലെ വെച്ചൂരാണ് വെച്ചൂര്‍ പശുക്കളുടെ സ്വദേശം. 85.87 സെന്റിമീറ്റര്‍ ഉയരവും 124 സെന്റിമീറ്റര്‍ നീളവും 130 കിലോഗ്രാം തൂക്കവുമുള്ള ഈ ഇനം പശുക്കള്‍ ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ പാല് തരും. ഭക്ഷണം പച്ചപ്പുല്ലും കുറച്ച് തീറ്റയും.
കാസര്‍കോട് കുള്ളന്‍
കാസര്‍കോട്ടെ മലമ്പ്രദേശങ്ങളായ പെരിയ, ബദിയടുക്ക എന്നിവിടങ്ങളാണ് സ്വദേശം. പാലുല്പാദനം ദിവസം 2-3 ലിറ്റര്‍, ഉയരം, 95.83 സെ.മീ, തൂക്കം 147 കിലോ. 33 മാസം മുതല്‍ 36 മാസം വരെ പ്രായമാകുമ്പോള്‍ കറന്നുതുടങ്ങാം
വടകര കുള്ളന്‍
കോഴിക്കോട് ജില്ലയിലെ വടകരയിലും പരിസരങ്ങളിലും സുലഭമായ ഇനം. ദിവസം 3-4 ലിറ്റര്‍ പാല് നല്‍കും. പാലിന് കൊഴുപ്പ് കൂടുതലാണ്.
ഹൈറേഞ്ച് കുള്ളന്‍
പീരുമേട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളില്‍ കാണപ്പെടുന്നു. പച്ചപ്പുല്ലാണ് ഇഷ്ട ആഹാരം. കുറച്ച് തീറ്റ മതിയാവും. ഒരു വയസ്സുള്ള ഒരു പശുവിന് 100 സെ.മീറ്റര്‍ ഉയരവും 90 സെ.മീറ്റര്‍ നീളവും ഉണ്ടാകും. ഉയര്ന്നുനില്ക്കുന്ന മുതുകും തൂങ്ങിനില്‍ക്കുന്ന പൂഞ്ഞയും ഹൈറേഞ്ച് കുള്ളന്റെ പ്രത്യേകതയാണ്. സാധാരണയായി ചുവപ്പ്, ചാരനിറങ്ങളില്‍ കാണപ്പെടുന്നു. പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണ്.
ചെറുവള്ളി പശുക്കള്‍
കാഞ്ഞിരപ്പള്ളിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിന് സമീപപ്രദേശങ്ങളിലായി കാണുന്നു. കൊമ്പ് ചെറുതും സൂചിയുടെ മുനപോലെ കൂര്‍ത്തതുമാണ്. കൊമ്പില്ലാത്ത മോഴകളുമുണ്ട്. വെച്ചൂറിനേക്കാള്‍ അല്പം ഉയരക്കൂടുതലുണ്ട്. നീണ്ടവാല്, ചെറിയ കുളമ്പ്, ചെമ്പന്‍ കണ്ണുകള്‍, കറുപ്പ്, തവിട്ട്, വെള്ള തുടങ്ങിയ നിറങ്ങളില്‍ ഇവയെ കാണാം. ദിവസം മൂന്നര ലിറ്റര്‍ പാല് കിട്ടും.
പഞ്ചഗവ്യങ്ങള്‍
പശുവിന്റെ മൂത്രം, ചാണകം, പാല്, തൈര്, നെയ്യ് എന്നിവയാണ് പഞ്ചഗവ്യങ്ങള്‍. ഹൈന്ദവാചാരങ്ങളില്‍ പഞ്ചഗവ്യം ഒഴിവാക്കാനാവാത്ത വിശിഷ്ടവസ്തുവാണ്. മാത്രമല്ല ജൈവകൃഷിയില്‍ കീടങ്ങളെ അകറ്റാനും ചെടികളിലെ രോഗസംഹാരിയായും പഞ്ചഗവ്യങ്ങള്‍ ചേര്‍ത്ത് 31 നാള് വച്ചിരുന്ന ശേഷം തയ്യാറാക്കുന്ന ലായനി നിശ്ചിത അളവ് വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുന്നു. പാല്, തൈര്, നെയ്യ്, തേന്‍, പഞ്ചസാര ഇവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചാമൃതവും വിശേഷമാണ്.
ഗോരോചനം
പശുവില്‍നിന്ന് ലഭിക്കുന്ന അപൂര്‍വ്വ ഔഷധമാണിത്. ആരോഗ്യമുള്ള അപൂര്‍വ്വം പശുക്കളിലും കാളകളിലും കാണുന്ന പിത്തസഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോചനം. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെയാണ് വില. ഇവ അപൂര്‍വ്വമായി മാത്രമേ കിട്ടാറുള്ളു. അതിനാല്‍ പിത്തസഞ്ചിയിലെ ബൈല്‍ ശേഖരിച്ച് ലാബോറട്ടറികളില്‍ കല്ലുപോലെയാക്കിയ ഗോരോചനം ആണ് ഇപ്പോള്‍ അധികമായും മരുന്നിനായി ഉപയോഗിക്കുന്നത്.
തിലകം ചാര്‍ത്താനും ഗോരോചനം ഉപയോഗിച്ചുവരുന്നു. ഗോരോചനത്തിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട കഥയിങ്ങനെ: ഒരിക്കല്‍ ദേവരാജനായ ഇന്ദ്രന്, സ്വര്‍ണ്ണം, വെള്ളി, മുത്ത്, പവിഴം, ഇന്ദ്രനീലം തുടങ്ങിയവ സമുദ്രത്തില്‍ നിക്ഷേപിച്ചു. ഇവ വിവിധ മൃഗങ്ങളുടെ ഉള്ളിലെത്തുകയും അങ്ങനെ പശുവിന്റെ ഉള്ളിലെത്തിയ കല്ലുകള്‍ അതിന്റെ പിത്തസഞ്ചിയില്‍ ഗോരോചനമായി മാറുകയും ചെയ്തു.
പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്ക്കെതിരെ ഉത്തമ ഔഷധമായി ഗോരോചനം ഉപയോഗിക്കുന്നു. വശീകരണമന്ത്രം ജപിച്ച് ഗോരോചനക്കുറി വരച്ചാല്‍ ആരെയും വശീകരിക്കാമെന്നൊരു വിശ്വാസമുണ്ട്. ഗോരോചനക്കുറി ധരിച്ചാല്‍ തടസ്സങ്ങള്‍ അകലുമെന്നും പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുമെന്നും വിശ്വാസമുണ്ട്.
തനി നാടന്‍ പശുക്കളുടെ കലവറയായ മഹാലക്ഷ്മി ഗോശാലയില്‍നിന്ന് ശുദ്ധമായ പാലും പാല് ഉല്‍പ്പന്നങ്ങളും വിപണനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം ദിവ്യ ഔഷധങ്ങളായ ഗോതീര്ത്ഥവും പഞ്ചഗവ്യവും വിപണിയിലെത്തും. ഗോമൂത്രം വേപ്പിലയും മറ്റും ചേര്‍ത്ത് ഫലപ്രദമായ കീടനാശിനിയാക്കുന്നതിനും പദ്ധതിയുണ്ട്. ജൈവ കൃഷി പ്രോത്സാഹനത്തിന് ചാണകപ്പൊടിയും വളമാക്കി വിപണിയിലെത്തിക്കും.
വസ്ത്രവ്യാപാരരംഗത്ത് എതിരില്ലാത്ത കുതിപ്പിലാണ് മഹാലക്ഷ്മി സില്‍ക്സ്. ഗുണമേന്മയും വൈവിധ്യവും മഹാലക്ഷ്മിസില്ക്സിന്റെ മുഖമുദ്രയാണ്. കുറഞ്ഞകാലംകൊണ്ട് ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്ന മഹാലക്ഷ്മി തിരുവല്ലയിലും തിരുവനന്തപുരത്തും ഉടന്‍ പുതിയ ഷോറൂമുകള്‍ തുറക്കും. ഈ തിരക്കിനിടയിലും യുവത്വം നെയ്തെടുത്ത മഹാലക്ഷ്മീമഹത്വം ദേവതുല്യരായ ഗോമാതാക്കളുടെ സര്വ്വാനുഗ്രഹമാണെന്ന് വിനോദ് കുമാര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: