ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 183 റണ്‍സിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 375 റണ്‍സെടുത്തു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്ക രണ്ടാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്.
മൂന്ന് ദിവസവും എട്ട് വിക്കറ്റും കയ്യിലിരിക്കെ ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാന്‍ ശ്രീലങ്കക്ക് 187 റണ്‍സ് കൂടി വേണം. റണ്‍സൊന്നുമെടുക്കാതെ കരുണരത്‌നയും കൗശല്‍ സില്‍വയുമാണ് പുറത്തായത്. മൂന്ന് റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ ധമിക പ്രസാദും ഒരു റണ്‍സുമായി കുമാര്‍ സംഗക്കാരയുമാണ് ക്രീസില്‍.
നേരത്തെ 128 ന് രണ്ട് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് ശിഖര്‍ ധവാന്റെയും (134) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും (103) ശതകങ്ങളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്നാം വിക്കറ്റില്‍ 217 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഇരുവരും ലങ്കന്‍ ബൗളര്‍മാര്‍ക്കെതിരെ സൂക്ഷ്മായാണ് കളിച്ചത്. മികച്ച പന്തുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയും മോശം പന്തുകള്‍ അതിര്‍ത്തികടത്തിയും ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ലങ്കന്‍ ബൗളര്‍മാര്‍ കുഴങ്ങി.
ഒടുവില്‍ സ്‌കോര്‍ 255-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 191 പന്തില്‍ നിന്ന് 103 റണ്‍സെടുത്ത കോഹ്‌ലിയെ തരിന്‍ഡു കൗശല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതിരുന്ന അജിന്‍ക്യ രഹാനെയും കൗശല്‍ മടക്കി. സ്‌കോര്‍ 4ന് 257. തുടര്‍ന്നെത്തിയ വൃദ്ധിമാന്‍ സാഹക്കൊപ്പം ധവാന്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ 294 റണ്‍സുപ്പോള്‍ 271 പന്തില്‍ നിന്ന് 134 റണ്‍സെടുത്ത ധവാനെ ധമിക പ്രസാദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് വൃദ്ധിമാന്‍ സാഹ (60) മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. അശ്വിന്‍ (7), ഹര്‍ഭജന്‍ സിങ് (14), അമിത് മിശ്ര (10), വരുണ്‍ ആരോണ്‍ (4) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാതിരുന്നതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് 375-ല്‍ അവസാനിച്ചു. ഒമ്പതാമനായാണ് സാഹ മടങ്ങിയത്.
ശ്രീലങ്കക്ക് വേണ്ടി കൗശല്‍ 134 റണ്‍സ് വിട്ടുകൊടുത്ത്അ അഞ്ചും നുവാന്‍ പ്രദീപ് 98 റണ്‍സ് വഴങ്ങി മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ ബൗളിംഗ് ഓപ്പണ്‍ ചെയ്തത് അശ്വിനും അമിത് മിശ്രയും ചേര്‍ന്നായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ അശ്വിന്‍ കരുണരത്‌നയെയും രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ അമിത് മിശ്ര കൗശല്‍ സില്‍വയെയും ബൗള്‍ഡാക്കിയപ്പോള്‍ നോ ബോളിലൂടെ ലഭിച്ച ഒരു റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡില്‍.
















