ടിബിലിസ്: അധിക സമയത്ത് പകരക്കാരനായി ഇറങ്ങിയ പെഡ്രോയുടെ ഗോളില്‍ യുവേഫ സൂപ്പര്‍ കപ്പ് കിരീടം ബാഴ്‌സലോണയ്‌ക്ക്. യുറോപ്പ ലീഗ് ചാമ്പ്യന്മാരായ സ്പാനിഷ് ടീം സെവിയയെ ആദ്യന്തം വാശിയേറിയ മത്സരത്തിനൊടുവില്‍ മെസിപ്പട നിലംപരിശാക്കി. നാലിനെതിരെ അഞ്ച് ഗോളിന് ജയിച്ച കറ്റാലന്മാര്‍ സീസണിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു.
നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്. ഒരുഘട്ടത്തില്‍ 4-1ന്റെ ലീഡ് നേടിയ ബാഴ്‌സയ്‌ക്കെതിരെ ഉജ്ജ്വല പ്രകടനം പുറത്തെടുത്താണ് സെവിയ കളി അധിക സമയത്തേക്ക് നീട്ടിയത്. ബാഴ്‌സ നിരയില്‍ സൂപ്പര്‍ താരം നെയ്‌മറില്ലായിരുന്നു. 2006ലും ബാഴ്‌സയും സെവിയയും സൂപ്പര്‍ കപ്പിനായി ഏറ്റുമുട്ടിയിരുന്നു. അന്ന് ബാഴ്‌സയെ 3-0ന് കീഴടക്കി സെവിയ ജേതാക്കളായി. അതിനുള്ള മറുപടി നല്‍കി ഇത്തവണ കറ്റാലന്മാര്‍. 2015-16 സീസണിലെ ആദ്യ മേജര്‍ കിരീടമാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യുവേഫ കപ്പ് ജേതാക്കളും ഏറ്റുമുട്ടിയ യുവേഫ സൂപ്പര്‍ കപ്പ്.
ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ അഞ്ചാം തവണയാണ് ബാഴ്‌സയുടെ കിരീട നേട്ടം. ഇതോടെ എസി മിലാനൊപ്പം ഏറ്റവും കൂടുതല്‍ തവണ ജേതാക്കളാകുമെന്ന ടീമെന്ന ബഹുമതിയും സ്പാനിഷ് ടീമിന് സ്വന്തം. 1992, 1997, 2009, 2011 വര്‍ഷങ്ങളിലായിരുന്നു ബാഴ്‌സയുടെ മുന്‍പത്തെ കിരീടങ്ങള്‍.
സൂപ്പര്‍താരം മെസിയുടെ ഇരട്ട ഗോളാണ് കളിയിലെ സവിശേഷത. ആദ്യ പതിനഞ്ച് മിനിറ്റായപ്പോഴേക്കും മൂന്ന് ഗോളുകള്‍ സെവിയ വലയില്‍ വീണു. മെസിക്കും പെഡ്രോക്കും പുറമെ നാസിമെന്റോ, ഉറുഗ്വെ സൂപ്പര്‍താരം ലൂയി സുവാരസ് എന്നിവരും ലക്ഷ്യം കണ്ടു. എവര്‍ബനേഗ, റെയ്‌സ്, ഗമെയ്‌റോ, കോനോപ്ല്യാന്‍ക എന്നിവര്‍ സെവിയയുടെ സ്‌കോറര്‍മാര്‍. കളിയില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ടുകള്‍ ഉതിര്‍ത്തതും ബാഴ്‌സ. 66 ശതമാനവും പന്ത് നിയന്ത്രിച്ചു നിര്‍ത്തിയ അവര്‍ 24 തവണ എതിര്‍ പോസ്റ്റ് ലക്ഷ്യം വച്ചു. സെവിയയും മോശമാക്കിയില്ല. 17 ഷോട്ടുകളാണ് അവര്‍ ബാഴ്‌സയുടെ പോസ്റ്റിലേക്കും പറത്തി.
കളിയുടെ ഗതിക്കെതിരെ ആദ്യം ഗോള്‍ നേടിയത് സെവിയ. മൂന്നാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് എവര്‍ ബനേഗ എടുത്ത ഫ്രീകിക്ക് ബാഴ്‌സ വലയില്‍ പതിച്ചു. ബനേഗയുടെ കിക്കിന്റെ ഗതി മനസിലാക്കാന്‍ കഴിയാതെ ബാഴ്‌സ ഗോളി അന്തംവിട്ടുനിന്നു. ലീഡ് നേടിയ സെവിയ താരങ്ങളുടെ ആഹ്ലാദത്തിന് ഏറെ ആയുസുണ്ടായില്ല. ഏഴാം മിനിറ്റിലും 15-ാം മിനിറ്റിലും മെസിയുടെ രണ്ട് തകര്‍പ്പന്‍ ഫ്രീകിക്കുകള്‍ സെവിയ വലയില്‍ പതിച്ചതോടെ അവര്‍ ലീഡ് നേടി. 44-ാം മിനിറ്റില്‍ സുവാരസിന്റെ പാസില്‍ നിന്ന് നാസിമെന്റോയുടെ ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ കറ്റാലന്മാര്‍ക്ക് 3-1ന്റെ ലീഡ്. ഇടവേള കഴിഞ്ഞ് കളത്തിലെത്തിയ ബാഴ്‌സ 52-ാം മിനിറ്റില്‍ സുവാരസിലൂടെ നാലാം ഗോളും കണ്ടെത്തി. സെര്‍ജിയോ ബുസ്‌ക്കറ്റ്‌സിന്റെ പാസാണ് ഗോളിന് വഴിവച്ചത്.
അനായാസ ജയം പ്രതീക്ഷിച്ച ബാഴ്‌സയെ ഞെട്ടിക്കുന്ന പോരാട്ടമാണ് സെവിയ താരങ്ങള്‍ പിന്നീട് പുറത്തെടുത്തത്.
57-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് റെയ്‌സ് ഉതിര്‍ത്ത ഷോട്ട് കറ്റാലന്‍ വലയില്‍ കയറിയതോടെ സെവിയ ലീഡ് കുറച്ചു. 72-ാം മിനിറ്റില്‍ ഗമെയ്‌റോ പെനാല്‍റ്റിയിലൂടെ മൂന്നാം ഗോള്‍ നേടി. വിറ്റോലോയെ ബോക്‌സിനുള്ളില്‍ ജെര്‍മി മത്തേയു വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ഒമ്പത് മിനിറ്റിനു ശേഷം കോനോപ്ല്യാന്‍കയും ലക്ഷ്യം കണ്ടതോടെ മത്സരം ഒപ്പത്തിനൊപ്പം. ബാഴ്‌സ പ്രതിരോധത്തിന്റെ ദൗര്‍ബല്യം മുഴുവന്‍ തുറന്നുകാട്ടിയാണ് സെവിയ കറ്റാലന്‍ വലയില്‍ മൂന്ന് ഗോളുകള്‍ നിക്ഷേപിച്ചത്. ഇതോടെ കളി അധികസമയത്തേക്ക്. ഒടുവില്‍ 115-ാം മിനിറ്റില്‍ ബാഴ്‌സയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നു.
ബോക്‌സിന് പുറത്തുനിന്ന് മെസിയെടുത്ത ഫ്രീകിക്ക് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു. മെസി വീണ്ടും ഇടംകാലുകൊണ്ട് ഷോട്ട് പായിച്ചെങ്കിലും സെവിയ ഗോളി വീണുകിടന്ന് പന്ത് തടുത്തിട്ടു. എന്നാല്‍, കൈപ്പിടിയിലൊതുക്കാന്‍ കഴിയാതിരുന്ന പന്ത് ആരാലും മാര്‍ക്ക് ചെയ്യാപ്പെടാതെ നിന്ന പെഡ്രോ വലയുടെ മോന്തായത്തിലേക്ക് അടിച്ചുകയറ്റി (5-4). അധികസമയത്ത് ഗോളെന്നുറച്ച അവസരങ്ങള്‍ തുലച്ചതാണ് സെവിയയ്‌ക്ക് വിനയായത്.
















