കോഴിക്കോട്: ജനകീയപ്രതിരോധ സമരത്തിന് ആളെക്കൂട്ടാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും വേണ്ടത്ര വിജയിപ്പിക്കാന്‍ കഴിയാത്തതില്‍ സിപിഎം നേതൃത്വത്തിന് അങ്കലാപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധത്തില്‍ പങ്കെടുക്കാന്‍ ആളുകളില്ലാത്ത നിലയായിരുന്നു. സമരത്തിന്റെ പ്രചാരണപ്രവര്‍ത്തനം ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. സമരത്തിന്റെ വിജയത്തിന് ലക്ഷങ്ങള്‍ മുടക്കിയ പ്രചാരണപ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ സിപിഎം നടത്തിയത്. ആളെക്കൂട്ടാന്‍ വേണ്ടി ഓരോ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലും രണ്ട്ദിവസം മുമ്പ്തന്നെ വാഹനപ്രചാരണജാഥ ആരംഭിച്ചിരുന്നു. കൂടാതെ കാല്നടപ്രചാരണജാഥയും നടത്തി. കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും പേരില്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തി സമരത്തില്‍ പങ്കെടുപ്പിക്കാന്‍ വ്യാപകശ്രമമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം നടത്തിയത്. എന്നാല്‍ സ്വന്തം പാര്‍ട്ടി അണികളില്‍ നിന്നുതന്നെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പൂഴിത്തല മുതല്‍ ഐക്കരപ്പടി വരെയായിരുന്നു ജില്ലയിലെ സമരം.
വടകര: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ജനകീയ പ്രതിരോധം ഒഞ്ചിയം മേഖലയില്‍ പരാജയപ്പെട്ടു, ദേശീയപാതയില്‍ ഒഞ്ചിയം മേഖലയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ എത്താത്തതിനെതുടര്‍ന്ന് പ്രതിരോധത്തിലായത് നേതാക്കളായിരുന്നു. 4 മണി മുതല്‍ 5 മണി വരെയാണ് പരിപാടി നിശ്ചയിച്ചതെങ്കിലും ദേശീയപാത കിലോമീറ്ററുകളോളം വിജനമായിരുന്നു. ചോറോട്, മുക്കാളി, മടപ്പള്ളി, കെ.ടി ബസാര്‍, തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ പോലും പ്രവര്‍ത്തകരെ എത്തിക്കാന്‍ കഴിയാഞ്ഞത് സിപിഎമ്മിന് വന്‍ തിരിച്ചടിയായി. പ്രതിജ്ഞയെടുക്കാന്‍ പോലും പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. മറ്റ് സ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ പ്രധാന കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന പ്രഖ്യാപനവും വെള്ളത്തിലായി. ആര്‍എംപിയുടെ കേന്ദ്രത്തില്‍ സിപിഎമ്മിന് ഏറ്റ പിഴവ് വരുംനാളുകളില്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്ന ആശങ്കയിലാണ് സിപിഎം നേതാക്കള്‍.
കൊയിലാണ്ടി: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തമില്ലാതെ നേതാക്കള്‍ വലഞ്ഞു. കൊയിലാണ്ടി നഗരത്തില്‍ പ്രവര്‍ത്തകരുടെ എണ്ണം നന്നേ കുറവായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വീടുകള്‍കയറി പ്രവര്‍ത്തനം നടത്തിയെങ്കിലും ഒരു ബ്രാഞ്ചില്‍ നിന്നും പത്തുപേരെ പോലും പങ്കെടുപ്പിക്കാന്‍ പാര്‍ട്ടിക്കായില്ല. സാധാരണ സിപിഎം പരിപാടികളില്‍ കണ്ടുവരാറുള്ള സ്ത്രീ പങ്കാളിത്തം ജനകീയ പ്രതിരോധത്തിന് ലഭിച്ചില്ല.
ജനങ്ങള്‍ ഏതാണ്ട് പാര്‍ട്ടിയെ കൈയൊഴിഞ്ഞ കാഴ്ചയാണ് ദേശീയപാതയോരത്ത് കണ്ടത്. പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്കൂളിനും തിരുവങ്ങൂര്‍ ഹയര്‍സെക്കന്ററി സ്കൂളിനും ഉച്ചക്ക് ശേഷം അവധി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളെ ജനകീയ പ്രതിരോധത്തില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് സ്കൂള്‍ അധികൃതര്‍ ഉച്ചക്ക് ശേഷം സ്കൂളിന് അവധി നല്‍കിയതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: