ന്യൂദല്‍ഹി: മലയാളി ഹോക്കി താരവും ഭാരത ടീമിന്റെ വൈസ് ക്യാപ്റ്റനുമായ പി.ആര്‍. ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം. ടെന്നീസ് താരം സാനിയ മിര്‍സയ്‌ക്ക് പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന നല്‍കാനും പുരസ്‌കാര നിര്‍ണ്ണയ സമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ശ്രീജേഷ് ഉള്‍പ്പെടെ 17 കായികതാരങ്ങള്‍ക്കാണ് ഇത്തവണ അര്‍ജുന അവാര്‍ഡ് നല്‍കുന്നത്.
സ്വരണ്‍ സിങ്(തുഴച്ചില്‍), രോഹിത് ശര്‍മ്മ (ക്രിക്കറ്റ്), എം.ആര്‍. പൂവമ്മ (അത്‌ലറ്റിക്‌സ്), സന്ദീപ് കുമാര്‍ (അമ്പെയ്‌ത്ത്), മന്ദീപ് ജാഗ്ര (ബോക്‌സിങ്), ദീപ കര്‍മ്മാകര്‍ (ജിംനാസ്റ്റിക്‌സ്), ജിത്തു റായ് (ഷൂട്ടിങ്), വൈ. ശാരദാ ദേവി(വുഷു), അനൂപ് കുമാര്‍ (റോളര്‍ സ്‌കേറ്റിങ്), കെ. ശ്രീകാന്ത് (ബാഡ്മിന്റണ്‍) തുടങ്ങിയവര്‍ക്കും ഗുസ്തി താരങ്ങളായ ബജ്‌റംഗ് കുമാര്‍, ബബിതാ കുമാരി, കബഡി താരങ്ങളായ മന്‍ജീത് ചില്ലാര്‍, പാരാലിമ്പിക്‌സ് താരം ശരത് ഗെയ്‌ക്കവാദ് എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് നല്‍കും. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വി.കെ. ബാലി അധ്യക്ഷനായ അവാര്‍ഡ് നിര്‍ണ്ണയ സമിതി അഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുരസ്‌കാര ജേതാക്കളുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് കൈമാറിയത്.
എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേരിപറാട്ട് വീട്ടില്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടേയും മകനായ ശ്രീജേഷിന്റെ മികച്ച ഫോമിന്റെ ബലത്തിലാണ് ഭാരതം ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി ചാമ്പ്യന്‍മാരായത്. പാക്കിസ്ഥാനെതിരായ ഫൈനലില്‍ ശ്രീജേഷിന്റെ മികവിലാണ് ഷൂട്ടൗട്ടില്‍ വിജയിച്ച് ഭാരതം സ്വര്‍ണ്ണം നേടിയത്. ഒളിംപിക്‌സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ശ്രീജേഷ് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലുമായി നാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് സാനിയ. ഈ വര്‍ഷം വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സിലും ജേത്രിയായി. വികാസ് ഗൗഡ, ടിന്റു ലൂക്ക എന്നിവരെ മറികടന്നാണ് സാനിയയുടെ പേര് പുരസ്‌കാര നിര്‍ണയ സമിതി അംഗീകരിച്ചത്.
















