ശാസ്ത്രീയ സംഗീതം ഒരു തപസ്സാണ്. അതു കാത്തു സൂക്ഷിക്കുന്നതു തന്നെ ഒരു സാധനയാണ്. വര്‍ഷങ്ങളോളം രാഗവും താളവും സമന്വയിപ്പിച്ച് ശാസ്ത്രീയ സംഗീതത്തെ സ്‌നേഹിക്കുകയും അതിനെ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയുമാണ് രാജലക്ഷ്മി. പെരുമ്പാവൂര്‍ സ്വദേശിയായ ഇവര്‍ക്ക് സംഗീതം അപ്രതീക്ഷിതമായി കിട്ടിയതല്ല, മറിച്ച് പൈതൃകമാണ്. കമ്പനി ഉദ്യോഗസ്ഥനായിരുന്ന പത്മനാഭന്‍ നായരുടേയും സീതാലക്ഷ്മിയുടേയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. നാദസ്വര, പുല്ലാങ്കുഴല്‍ കച്ചേരി നടത്തിയിരുന്നു അച്ഛന്‍ അനന്തപത്മനാഭന്‍ നായര്‍. അമ്മയാണെങ്കിലോ ഗായികയും. പിന്നെ പറയേണ്ടതില്ലല്ലോ. സംഗീതത്തോട് താല്‍പര്യമുള്ള കുടുംബത്തില്‍ ജനിച്ചതുകൊണ്ടു തന്നെ ആറാം വയസില്‍ സംഗീത പഠനം ആരംഭിച്ചു.
വീടിനടുള്ള ബാലന്‍ ഭാഗവതരില്‍ നിന്നാണ് കൊച്ചു രാജലക്ഷ്മി സ്വരസ്ഥാനം ഉറപ്പിക്കുന്നത്. അതിനുശേഷം പരമേശ്വരന്‍ ഭാഗവതരുടെ ശിക്ഷണത്തിലായി പിന്നീടുള്ള ശിക്ഷണം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി പ്രീഡിഗ്രി പഠനത്തിനായി തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ എത്തിയതോടെയാണ് കുട്ടിക്കളിയില്‍ നിന്നുമാറി സംഗീതത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത്. അതിനുശേഷം അവിടെ നിന്നുതന്നെ ബിഎ മ്യൂസിക്കും പൂര്‍ത്തിയാക്കി.
മൂവായിരത്തോളം കൊല്ലം പഴക്കമുള്ളതാണ് വേദകാലത്ത് ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ശാസ്ത്രീയ സംഗീതം. സംഗീതത്തോട് അകമഴിഞ്ഞ സാധനയും ഈശ്വരന്‍ നല്‍കിയ കഴിവില്‍ പൂര്‍ണ്ണ വിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ അത് എന്നെന്നും നിലനിര്‍ത്തുവാന്‍ സാധിക്കൂ.
ബിഎ മ്യൂസിക്കിനു ചേര്‍ന്ന രാജലക്ഷ്മിയ്‌ക്ക് ഗുരുക്കന്മാരായി അനന്ദ ലക്ഷ്മി വെങ്കിട്ടരാമന്‍, നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍, ജലജാവര്‍മ്മ, അമ്പലപ്പുഴ തുളസി തുടങ്ങി ഈ മേഖലയിലെ പ്രമുഖരെത്തന്നെ ലഭിച്ചു. ഇവിടെ നിന്നും വീണാവാദനത്തിലും രാജലക്ഷ്മി പ്രാവീണ്യം നേടി.
ബിരുദം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദത്തിനു പോകാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും വിവാഹിതയായി കുടുംബജീവിതത്തിലേക്കു പ്രവേശിച്ചപ്പോള്‍ തുടര്‍പഠനമെന്ന സ്വപ്‌നത്തെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. കുടുംബിനിയായെങ്കിലും താന്‍ അകമഴിഞ്ഞ് സ്‌നേഹിച്ച സംഗീതത്തെ കൂടുതല്‍ കൂടുതല്‍ അറിയാനുള്ള ആഗ്രഹം കൈവിട്ടില്ല. ഭര്‍ത്താവിന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ ഗുരുക്കന്മാരില്‍ നിന്നുതന്നെ സംഗീതമെന്ന മഹാസാഗരത്തില്‍ നിന്നുള്ള അറിവ് നേടിക്കൊണ്ടിരുന്നു. ഒപ്പം തനിക്ക് പ്രാപ്തമായ അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനും രാജലക്ഷ്മി തീരുമാനിച്ചു. അച്ഛന്‍ അനന്ത പത്മനാഭന്‍ നായരുടെ സഹായത്തോടെ നാദസ്വരത്തിന്റേയും പുല്ലാങ്കുഴലിന്റേയും അകമ്പടിയോടെ സംഗീത നാടക അക്കാദമി രജിസ്‌ട്രേഷനോടെ ശാസ്ത്രീയ സംഗീത വിദ്യാലയം എന്ന പേരില്‍ ഒരു സംഗീത പഠന വിദ്യാലയത്തിന് തുടക്കം കുറിച്ചു. ഒപ്പം തന്നെ കച്ചേരികളും ആരംഭിച്ചു.
ഉത്തമയായ ഭാര്യ, അമ്മ എന്നീ റോളുകള്‍ കൂടാതെ നല്ലൊരു അധ്യാപിക കൂടിയാവാന്‍ പറ്റുമെന്ന തെളിയിക്കല്‍ കൂടിയായിരുന്നു അത്. പെരുമ്പാവൂരിലും മറ്റു അന്യസ്ഥലങ്ങളിലുമായി ഒട്ടനവധി ശിഷ്യഗണങ്ങളാണ് രാജലക്ഷ്മിയ്‌ക്കുള്ളത്. ഗുരുകുല സമ്പ്രദായത്തിലുള്ള ഈ സരസ്വതീ വിദ്യാലയം 27 വര്‍ഷം പിന്നിടുകയാണ്. ശിഷ്യര്‍ക്ക് അവരുടെ പ്രിയപ്പെട്ട ടീച്ചറിന്റെയടുത്ത് എപ്പോള്‍ വേണമെങ്കിലും വന്ന് സംഗീത പഠനം നടത്താനും അവസരമുണ്ട്. സംഗീത വിദ്യാലയത്തില്‍ സഹായിക്കുന്നതിനായി രാജലക്ഷ്മിയുടെ രണ്ട് ശിഷ്യരും ഒപ്പമുണ്ട്.
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് അവിടുത്തെ ഊട്ടു പുരയിലായിരുന്നു രാജലക്ഷ്മിയുടെ ആദ്യ കച്ചേരി. അതിനുശേഷം മള്ളിയൂര്‍, ചേലാമറ്റം, തുടങ്ങി കേരളത്തില്‍ അങ്ങോളമിങ്ങോളമായി നൂറിലധികം ശാസ്ത്രീയ സംഗീത കച്ചേരികള്‍ രജലക്ഷ്മി നടത്തിയിട്ടുണ്ട്. സംഗീത പഠനവും കൈവിട്ടിട്ടില്ല. വിനായക ചതുര്‍ത്ഥിയ്‌ക്ക് നാലു സുഹൃത്തുക്കള്‍ക്കൊപ്പം മുത്തുസ്വാമി ദീക്ഷിതരുടെ ഷോഢശ ഗണപതി കൃതികള്‍ ആലപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.
വിദ്യപകര്‍ന്നു കൊടുത്തശേഷം വിദ്യാര്‍ത്ഥികള്‍ കാഴ്ചവെയ്‌ക്കുന്ന പ്രകടനമാണ് യഥാര്‍ത്ഥ പ്രതിഫലമെന്നാണ് രാജലക്ഷ്മിയുടെ വാദം. വിദ്യ ശരിയായ രീതിയില്‍ കൃത്യമായ അളവില്‍ പകര്‍ന്നു നല്‍കാന്‍ അധ്യാപകനും അറിഞ്ഞിരിക്കണം. ഒരു നല്ല അധ്യാപകന്റെ സ്വകാര്യമായ അഹങ്കാരവും ആത്മസംതൃപ്തിയും അവരുടെ ശിഷ്യ ഗണങ്ങളാണ്. ഇന്നത്തെ റിയാലിറ്റി ഷോ തരംഗങ്ങളെ കുറിച്ചും രാജലക്ഷ്മിക്ക് നല്ല അഭിപ്രായമാണ്. കലയെ പരിപോഷിപ്പിച്ചെടുക്കാന്‍ കിട്ടുന്ന മികച്ച അവസരമാണെന്നാണ് അതിനെക്കുറിച്ചുള്ള വിലയിരുത്തല്‍. കഴിവും സാധനയും ഈശ്വര വിശ്വാസവുമുണ്ടെങ്കില്‍ നമുക്ക് എന്തും നേടാം. അതും പ്രായവ്യത്യാസമില്ലാതെ. സംഗീതപഠനത്തിന് പ്രായം ഒരു മാനദണ്ഡമാണെന്നാണ് പലരും കണക്കൂകൂട്ടുന്നത്. ജന്മസിദ്ധമായ കഴിവുണ്ടെങ്കില്‍ ഏത് പ്രായത്തിലും അത് വളര്‍ത്തിയെടുക്കാം. അല്ലെങ്കില്‍ ഒരു പ്രായത്തിനുശേഷം അതുതന്നെ മറ്റുള്ളവര്‍ക്കുമുന്നില്‍ പ്രകടമാക്കാനും ആരംഭിക്കും. കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ അതുവേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നയാളാണ് കലാകാരനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നീണ്ട 27 വര്‍ഷത്തെ സാധനയ്‌ക്കുശേഷം ഇപ്പോള്‍ എന്തെങ്കിലും സ്വപ്‌നമുണ്ടോ എന്ന് രാജലക്ഷ്മിയോട് ചോദിച്ചാല്‍ മികച്ച അധ്യാപികയാവണമെന്നാകും അവര്‍ പറയുക. പണ്ടത്തെ തുടര്‍പഠനമെന്ന സ്വപ്‌നം അവര്‍ താണ്ടിക്കഴിഞ്ഞു. ഈ ലക്ഷ്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഭര്‍ത്താവ് അശോകനും മകന്‍ അരവിന്ദ് അശോകനും ഒരുപിടി മികച്ച ശിഷ്യഗണങ്ങളും രാജലക്ഷ്മിക്കൊപ്പം തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: