തിരുവനന്തപുരം: യുവാക്കളെല്ലാം കൊഴിഞ്ഞുപോയ സിപിഎമ്മിനെ വൃദ്ധര്‍ക്ക് പോലും വേണ്ടാതായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. പിണറായിയും കൊടിയേരിയും ഗൗരിഅമ്മയുടെ പടിവാതിലില്‍ പോയി കെഞ്ചി നിന്നിട്ടും വെറു കൈയോടെ തിരികെ പോകേണ്ടി വന്നു. സിപിഎം തെറ്റില്‍ നിന്നു തെറ്റിലേക്ക് പോവുകയാണ്. പാക്കിസ്ഥാന്റെ സ്വരമായി മാറിയിരിക്കുകയാണ് സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍. യാക്കുബ് മേമനെ തൂക്കിലേറ്റിയതില്‍ ഏറ്റവും ദുഖിക്കുന്നത് സിപിഎം നേതാക്കളാണെന്നും സുരേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം നഗരസഭയുടെ ദുര്‍ഭരണത്തിനെതിരെ ബിജെപി നേമം നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടന്ന പദയാത്രകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രന്.
ബിജെപി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞതെല്ലാം സിപിഐ യും സിപിഎമ്മും പറഞ്ഞു നടക്കുകയാണ്. ന്യൂനപക്ഷ പ്രീണനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കാനം രാജേന്ദ്രനു പിന്നാലെ വി.എസ് അച്യുതാനന്ദനും പറഞ്ഞു തുടങ്ങി. കോടിയേരിക്ക് പിണറായി പറയുന്നത് തിരുത്തുന്ന ജോലിയാണ്. വെള്ളാപ്പള്ളിക്കെതിരെ പിണറായി ലേഖനം എഴുതി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കോടിയേരി തിരുത്തി.
ബിജെപി കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പറഞ്ഞു നടക്കുന്നത്. ആട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് വരെ ഇഎസ്ഐ നടപ്പിലാക്കി. ബാങ്കുവഴി ഇന്‍ഷ്വറന്‍സ് നടപ്പിലാക്കിയപ്പോള്‍ ഇടതുപക്ഷ ചിന്താഗതിക്കാരായ ബാങ്ക് ജീവനക്കാര്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രിമിച്ചു. പദ്ധതിയുടെ ആദ്യ ആനുകൂല്യം കേരളത്തില്‍ ലഭിച്ചത് കോഴിക്കോട്ടെ സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ കുടുംബങ്ങള്‍ക്കാണ്.
സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് സോളാര്‍കേസ് അന്വേഷിപ്പിക്കാന്‍ കഴിയാത്ത സിപിഎമ്മാണ് വ്യാപം കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയുന്നത്. കേരള യൂണിവേഴ്സിറ്റിയിലെ നിയമന തട്ടിപ്പിനെ കുറിച്ച് സിപിഎം വ്യക്തമാക്കണം. വ്യാപം അഴിമതി നടന്നത് കോണ്‍ഗ്രസ്സ് മദ്ധ്യപ്രദേശ് ഭരിച്ചിരുന്നപ്പോഴാണ്. ബിജെപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേരളത്തില്‍ സോളാര്‍കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാണോ എന്നും കെ. സുരേന്ദ്രന് ചോദിച്ചു.
ദേശീയ സമിതി അംഗം കരമനജയന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി, വക്താവ് വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, നേമം മണ്ഡലം പ്രസിഡന്റ് എം.ആര്. ഗോപന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: