ആലുവ: കുടിവെള്ള ശ്രോതസ്സായ പെരിയാറിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ നഗരത്തിന്റെ സമഗ്ര വികസനത്തിന് ബ്രിട്ടീഷ് ഹൈകമ്മീഷന്റെ സഹകരണത്തോടെ തയാറാക്കിയ വികസന പദ്ധതി റിപ്പോര്‍ട്ട് ‘ഫ്രെയിം വര്‍ക്ക് ഫോര്‍ ഫ്യൂച്ചര്‍ ആലുവ’ സ്വീകരിച്ച് ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനതലത്തില്‍ തന്നെ വളരെ പ്രാധാന്യമേറിയ നദിയായ പെരിയാര്‍ ആലുവയുടെ നേട്ടമാണ്. സമഗ്ര വികസന പദ്ധതിയില്‍ ആദ്യത്തേത് പെരിയാറിന്റെ സംരക്ഷണമായത് പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോ റെയില്‍ വരുന്നതോടെ ‘ഗേയ്റ്റ് വേ ഓഫ് മെട്രോ’ എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ആലുവ നഗരസഭക്ക് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്താന്‍ ആവശ്യമായ ഫണ്ട് വായ്പയായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ ഭാവിയിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടും. വിദേശ രാജ്യങ്ങള്‍ നമ്മുടെ പല നഗരങ്ങളും ദത്തെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും, ആലുവയിലേതുപോലെ മറ്റു സ്ഥലങ്ങളില്‍ പുരോഗതിയുണ്ടായില്ലെന്നും രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതെ പദ്ധതിയൂടെ രൂപരേഖ തയ്യാറാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ഭരത് ജോഷി പദ്ധതി രേഖ കൈമാറി. മന്ത്രി മഞ്ഞളാംകുഴി അലി അദ്ധ്യക്ഷത വഹിച്ചു.
‘ടു ഗ്രേറ്റ് ഡെസ്റ്റിനേഷന്‍സ് വണ്‍ ഗ്രേറ്റ് കോസ് ദി ജേര്‍ണി സോ ഫാര്‍’ എന്ന പുസ്തകം ബ്രിട്ടീഷ് ഹൈകമ്മീഷന് ഹെഡ് ഓഫ് എനര്‍ജി, ക്ലൈമറ്റ് ആന്‍ഡ് ഗ്രോത്ത് സാന്ദ്രയില്‍ നിന്നും മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഏറ്റുവാങ്ങി. മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രഖ്യാപനവും നിര്‍മാണോദ്ഘാടനവും ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ശ്യാം ശ്രീനിവാസന് നിര്‍വഹിച്ചു. മാര്‍ത്താണ്ഡവര്‍മ്മ പാലം മുതല്‍ പുളിഞ്ചുവട് കവല വരെയുള്ള വികസനവും സൗന്ദര്യവത്കരണവും (ഗേറ്റ് വേ ടു മെട്രോ) കെ.എം.ആര്.എല്‍ ഡയറക്ടര്‍ മഹേഷ്കുമാര്‍ പ്രഖ്യാപിച്ചു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹകരണത്തോടെ തയാറാക്കിയ സഹായ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മറ്റു വിവിധ പദ്ധതികള്‍ക്കും ചടങ്ങില്‍ തുടക്കമായി. നഗരവികസന സെക്രട്ടറി മുഹമ്മദ് ഹനീഷ്, അസിസ്റ്റന്റ് കലക്ടര്‍ ഏഞ്ചല്‍ ഭാട്ടിയ, പൗലോസ് തെപ്പാല, വിദ്യ സൗന്ദരജന്‍, റോജര്‍ സാവേജ്, കെ.ഐ. വര്‍ഗീസ്, രാജു ഹോര്‍മിസ്, സി.പി. സുരേഷ്കുമാര്‍, എം.ഒ. ജോണ്‍, അഡ്വ. എ.ജെ. റിയാസ് തുടങ്ങിയവ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: