ശിവാ കൈലാസ്
വെള്ളനാട്: അരങ്ങില്‍ നടന വിസ്മയം തീര്‍ത്ത, അണിയറയില്‍ തൂലിക പടവാളാക്കിയ വെള്ളനാടിന്റെ സ്വന്തം നാരായണേട്ടന് ഇനി ഓര്മ. ഗ്രാമവിശുദ്ധിയെ കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിച്ച നാടകകൃത്ത്, ദേവചരിതങ്ങള്ക്ക് നൃത്തഭാഷ ചമച്ച എഴുത്തുകാരന് അങ്ങനെ വെള്ളനാട് നാരായണന് വിശേഷണങ്ങള്‍ നിരവധി. നിന്നെ പുണരാന്‍ നീട്ടിയകൈകള്‍…എന്ന ഭാവ സാന്ദ്രമായ ചലച്ചിത്രഗാനം ആരാധകരുടെ ചുണ്ടുകളില്‍ ഇന്നും തത്തികളിക്കുന്നു. മഴമേഘങ്ങളെന്ന നാരായണന്റെ ആദ്യ മുഴുനീള നാടകത്തില്‍ തുടങ്ങി ഒട്ടുമിക്ക നാടകങ്ങളിലും ഹാസ്യപ്രധാനവേഷം കൈകാര്യം ചെയ്തിരുന്നത് നാരായണന് തന്നെയായിരുന്നു. വെള്ളനാടിന്റെ ഹൃദയത്തുടിപ്പ് നിഴലിക്കുന്നതായിരുന്നു നാരായണന്റെ നാടകങ്ങളെന്ന് ആദ്യകാല സുഹൃത്തും ചരിത്രകാരനുമായ വെള്ളനാട് രാമചന്ദ്രന്ഓര്ക്കുന്നു.
റിയലിസ്റ്റിക് നാടകങ്ങളെ സ്നേഹിക്കുന്നതില്‍ പിശുക്ക് കാണിച്ചിട്ടില്ലാത്ത നാരായണന് പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും തൂലിക ചലിപ്പിച്ചു. നൃത്തനാടകങ്ങളോട് വല്ലാത്ത ഭ്രമമായിരുന്നു നാരായണന്. ദേവീദേവന്മാരെ അരങ്ങില്‍ കൊണ്ടുവന്ന് കാണികള്‍ക്ക് ആസ്വാദ്യമാക്കാന്‍ ബാലെയ്ക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ മിക്ക ബാലെ ട്രൂപ്പുകളും നൃത്തനാടക രചനയ്ക്കായി സമീപിച്ചിരുന്നത് വെള്ളനാട് നാരായണനെയായിരുന്നു. നാടകകലയെ ജനകീയമാക്കാന്‍ അദ്ദേഹം സ്ഥാപിച്ച വിശ്വസാരഥി എന്ന കലാസമിതി രണ്ട് പതിറ്റാണ്ടോളം സജീവമായിരുന്നു. മലയാളികളുടെ സ്വീകരണ മുറികളില്‍ ഭക്തിയുടെ നൈവേദ്യം വിളമ്പിയിരുന്ന സ്വാമി അയ്യപ്പന്, ദേവീ മാഹാത്മ്യം എന്നീ പുരാണസീരിയലുകള്‍ വെള്ളനാട് നാരായണനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ദേവീമാഹാത്മ്യത്തിന്റെ അവസാന എപ്പിസോഡുകള്‍ എഴുതുന്നതിനിടെയാണ് അദ്ദേഹത്തിനു ശ്വാസകോശ അര്‍ബുദം പിടിപെടുന്നത്. റീജിണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സകള്ക്കിടയിലാണു ദേവീമാഹാത്മ്യം എഴുതി തീര്‍ത്തത്.
അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടാതെ പോയ സാഹിത്യപ്രതിഭയായിരുന്നു വെള്ളനാടിന്റെ സ്വന്തം നാരായണേട്ടന്. അവസാനനാളുകളി ല്‍ ബാക്കിവച്ച മോഹങ്ങളിലൊന്നായിരുന്നു ആത്മകഥ.
കാലം സമ്മാനിച്ച കണ്ണീരുപ്പുള്ള ഓര്‍മകള്‍ അക്ഷരത്താളില്‍ ചേര്‍ത്തുവയ്ക്കാന്‍ അദ്ദേഹം കൊതിച്ചിരുന്നു. തപസ്യ എന്ന സംഘടനയോട് എന്തെന്നില്ലാത്ത അടുപ്പമായിരുന്നു നാരായണന്. ഒരു പതിറ്റാണ്ടുകാലം വെള്ളനാട് തപസ്യ യൂണിറ്റിന്റെ രക്ഷാധികാരി നാരായണനായിരുന്നു. വെള്ളനാട് സ്കൂളില്‍ ഇന്നലെ രാവിലെ 11 ന് പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് നിരവധിപേരെത്തി. ഉച്ചയ്ക്ക് 12 നു സ്വവസതിയായ വസന്തത്തില്‍ ഒരുക്കിയ ചിതയില്‍ വെള്ളനാടിന്റെ പ്രിയഎഴുത്തുകാരന് എരിഞ്ഞടങ്ങുമ്പോഴും ഒരുചോദ്യം ബക്കിയായി. കലയുടെ സമസ്തമേഖലകളിലും കയ്യൊപ്പുചാര്‍ത്തിയ ഈ മഹാനുഭാവനെ വേണ്ടതുപോലെ അംഗീകരിക്കാന്മറന്നോ നമ്മുടെനാട് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: