കൊച്ചി: ലാപ്രോസ്കോപിയില് ത്രിമാന ചിത്രീകരണ സാങ്കേതിക വിദ്യ ശസ്ത്രക്രിയാരംഗത്ത് മനുഷ്യനേത്രങ്ങള്‍ക്ക് സമാനമായ കാഴ്ചശക്തിയുള്ള സമര്‍ത്ഥനായ സഹായിയെ സൃഷ്ടിച്ചതായി ജര്‍മന്‍ പ്രഫസറും എന്‍ഡോയൂറോളജി വേള്‍ഡ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനുമായ ഡോ: ജെന്‍സ് റാസ്വീലര്‍ അഭിപ്രായപ്പെട്ടു. ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന യൂറോളജി വിദഗ്ധരുടെ രണ്ട് ദിവസത്തെ അന്താരാഷ്ട്ര 3ഡി ലാപ്രോസ്കോപിക് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിമാന കാഴ്ചയും വസ്തുക്കള്‍ തമ്മിലുള്ള ദൂരനിശ്ചയവും സാധ്യമാക്കുന്നതാണ് മനുഷ്യനേത്രങ്ങള്‍. സര്‍ജറിക്ക് വിധേയമാക്കേണ്ട‘ഭാഗങ്ങളുടേയും, അവയവങ്ങളുടേയും ദ്വിമാന ചിത്രീകരണത്തിനു പകരം ത്രിമാന ചിത്രീകരണം സാധ്യമായതോടെ ഇമേജിങ്ങ് വഴിയുള്ള കാഴ്ച കണ്ണിന്റെ നേര്ക്കാഴ്ചക്കൊപ്പമെത്തിക്കുക എന്ന കടമ്പയാണ് വൈദ്യശാസ്ത്രലോകം തരണം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാവിദഗ്ധര്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാര്ജ്ജിച്ച് അവയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ഡോ. റാസ്വീലര്‍ പറഞ്ഞു.
യൂറോളജി ശസ്ത്രക്രിയാരംഗത്ത് 3ഡി ലാപ്രോസ്കോപി, റോബോട്ടിക്സ് എന്നിവയുടെ പ്രയോഗവും നേട്ടങ്ങളും സമ്മേളനം ചര്‍ച്ചചെയ്തു. തത്സമയ ശസ്ത്രക്രിയകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങളിലായി പിവിഎസ് ഹോസ്പിറ്റലില്‍ നടന്ന 3ഡി ലാപ്രോസ്കോപിക്, എന്‍ഡോയൂറോളജിക്കല്‍ ശസ്ത്രക്രിയകള്‍ സമ്മേളന വേദിയിലേക്ക് തത്സമയം സംപ്രേഷണം ചെയ്തു. യൂറോളജി വിദഗ്ധനായ ഡോ. ജോര്‍ജ്ജ് പി. എബ്രഹാം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്കി.
പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ലേക്ഷോര് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, യൂറോളജിക്കല്‍ അസോസിയേഷന് ഓഫ് കേരള, കൊച്ചി യൂറോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: