കാഞ്ഞാര്‍ : കാഞ്ഞാര്‍ മുതല്‍ അറക്കുളം വരെയുള്ള റോഡില്‍ അപകടം തുടര്‍കഥയാകുന്നു. തൊടുപുഴ മൂലമറ്റം റോഡില്‍ വാഹനം ഏറ്റവും അധികം വേഗതയില്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഈ ഭാഗം. കാഞ്ഞാര്‍ പാലം കഴിഞ്ഞാല്‍ അറക്കുളം വരെ നിരപ്പാര്‍ന്ന വളവുകള്‍ ഇല്ലാത്ത റോഡായതിനാല്‍ വാഹനങ്ങള്‍ വേഗപരീക്ഷണം നടത്തുന്നത് ഇവിടെ വച്ചാണ്. കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞാര്‍ ലെയ്ക്ക് വുഡ് ഹോട്ടലിന് സമീപം നടന്ന അപകടത്തില്‍ കല്ലാര്‍കുട്ടി സ്വദേശി അഡ്വ. ജോളി കെ. മാണി മരണമടഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തൊടുപുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു. വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ വരെ ഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. പുഴയോര വിശ്രമസ്ഥലം കൂടിയായതിനാല്‍ ഇതുവഴി സഞ്ചരിക്കുന്ന വിനോദ സഞ്ചാരികള്‍ വാഹനം നിര്‍ത്തി ഇവിടെ ഇറങ്ങുന്നതും പതിവാണ്. അതിവേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ വിശ്രമിക്കാന്‍ ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഭീഷണിയാണ്. രണ്ട് മാസം മുമ്പാണ് അറക്കുളം സെന്റ് ജോസഫ് കോളേജിന്റെ മുന്‍വശത്തുള്ള വെയിറ്റിംഗ് ഷെഡ്ഡ് തകര്‍ത്ത് സ്വകാര്യ ബസ് അപകടം വിതച്ചത്. വെയിറ്റിംഗ് ഷെഡ്ഡിലും റോഡിലും നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വെയിറ്റിംഗ് ഷെഡ്ഡിന് സമീപം നിര്‍ത്തിവച്ചിരുന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ ഡിയോ സ്കൂട്ടര്‍ ഈ അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂന്നു മാസം മുമ്പ് പെട്രോള്‍ പമ്പിന് സമീപം ഉണ്ടായ കാര്‍ അപകടത്തില്‍ സെന്റ് ജോസഫ് കോളേജ് കെമിസ്ട്രി വിഭാഗം തലവന്‍ ഡോ. സിബി ജോസഫിന് ജീവന് നഷ്ടമായി. കുട്ടികളുടെ പ്രിയപ്പെട്ട സിബി ജോസഫ് സാറിന്റെ ജീവന് പൊലിയാന്‍ ഈ അപകട നിരത്ത് കാരണമായി. അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഈ നിരത്തിലൂടെ വാഹനങ്ങള്‍ അതിവേഗതയില്‍ ചീറിപ്പായുകയാണ്. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് വിലപ്പെട്ട ജീവന് നിരത്തില്‍ പൊലിയുമ്പോഴും വേഗനിയന്ത്രണം കൊണ്ടുവരുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: