വര്‍ക്കല: ഒരു കാലഘട്ടത്തില്‍ ഒരു വിഭാഗം ജനങ്ങളുടെ അന്നവും അത്താണിയുമായിരുന്ന പാപനാശത്തെ തെള്ളിക്കുന്നുകള്‍ വിസ്മൃതിയിലായിട്ട് പതിറ്റാണ്ടുകളാകുന്നു. മുന്‍പ് തെള്ളിക്കുന്നുകള്‍ തേടി ഉള്‍പ്രദേശങ്ങളില്‍ നിന്നും ഗ്രാമീണര്‍ എത്താറുണ്ടായിരുന്നു. വര്‍ക്കലയുടെ വിഭവസമൃദ്ധിയില്‍ തെള്ളിക്കുന്നുകള്ക്കുണ്ടായിരുന്ന പ്രാധാന്യം ചരിത്രപരാമര്‍ശങ്ങളില്‍ നിന്നു പോലും അന്യാധീനപ്പെട്ട് തുടങ്ങി. ഹോമം, മന്ത്രവാദം തുടങ്ങിയ കര്‍മ്മങ്ങള്‍ക്ക് അഗ്നി ജ്വലിപ്പിക്കാന്‍ എറിയുന്ന തെള്ളിക്ക് പൂജ്യ ദ്രവ്യങ്ങളില്‍ പ്രമുഖസ്ഥാനമുണ്ട്. ഇവ തേടി കാല്‍നടയായും കാളവണ്ടിയിലും ധാരാളം ആളുകള്‍ എത്തിയിരുന്നു.
കൂട്ടത്തൊടെ പണിയായുധങ്ങളുമായി എത്തുന്ന ഇവര്‍ ആഴ്ചകളോളം തമ്പടിച്ചായിരുന്നു തെള്ളികള് ശേഖരിച്ചിരുന്നത്. വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ പെരുകുളത്തിന്റെ തെക്കുഭാഗത്ത് ബ്രാഹ്മണരുടെ ചുടുകാടായിരുന്നു. അതിനോട് ചേര്‍ന്നായിരുന്നു തെള്ളിക്കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂര്‍, ഇടവ, ചെമ്മരുതി, ഇലകമണ്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ തെള്ളി ശേഖരിക്കാന്‍ എത്തിയിരുന്നുത് ആദിദ്രവിഡ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു.
കുന്നിന്റെ അടിവാരം തെളിച്ച് പണിയെടുക്കാന്‍ വന്നവര്‍ രാവും പകലും ഒരുപോലെ ഇവിടം പണിയെടുത്തതായി പഴമക്കാര്‍ ഓര്‍ക്കുന്നു. കൊടിയ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇവര്‍ ഇരയായി തീര്‍ന്നതായും പറയപ്പെടുന്നു. ചോരനീരാക്കി വെട്ടിയെടുത്ത തെള്ളി ഇവരില്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി ദൂരെ സ്ഥലങ്ങില്‍ കൊണ്ടുപോയി കൊടുക്കുവാന്‍ ഇടനിലക്കാരും ഉണ്ടായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും തെള്ളിക്കുന്ന് തേടി ധാരാളം ആള്ക്കാര് എത്തിയതോടെ ഇവരെ ഓടിക്കാനായി പല കെട്ടുകഥകള്‍ പറഞ്ഞുപരത്തിയതായും പറയുന്നു. ഇത്തരം കഥകളില്‍ ഭയപ്പെട്ട ജനങ്ങള്‍ ഇവിടം ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ തേടി പോയി. ഇതൊടെ ഒരു തൊഴിലും തൊഴിലാളികളും വര്‍ക്കലയുടെ ഓര്‍മ്മകളില്‍ മാത്രമായി അവശേഷിച്ചു. തെള്ളി വെട്ടിയെടുത്ത കുന്നുകള്‍ ഇന്ന് പാപനാശത്തിന്റെ സൗന്ദര്യം തേടിയെത്തുന്ന വിദേശ വിനോദസഞ്ചാരികളെ എറെ ആകര്‍ഷിക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: