ആലപ്പുഴ: ഓണം പ്രമാണിച്ച് ഭക്ഷണശാലകളില്‍ ഓപ്പറേഷന് രുചി റെയ്ഡ് എന്ന പേരില്‍ മിന്നല്‍ പരിശോധന തുടരുന്നു. പക്ഷെ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതുമായ ഹോട്ടലുകളുടെ പേര് വിവരം അധികൃതര്‍ വെളിപ്പെടുത്താത്തതില്‍ ദുരൂഹത.
പതിവുപോലെ ചില ഉദ്യോഗസ്ഥരുടെ സാമ്പത്തിക നേട്ടത്തിനുള്ള പ്രവര്‍ത്തനം മാത്രമായി ഓപ്പറേഷന് രുചി ഒതുങ്ങുമോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. നഗരസഭാ ഹെല്‍ത്ത് വിഭാഗം നടത്തുന്ന റെയ്ഡുകള്‍ക്കെതിരെ നേരത്തെ തന്നെ ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
ജനങ്ങള്‍ക്ക് മിന്നല്‍ പരിശോധനകളുടെ യഥാര്‍ത്ഥ പ്രയോജനം ലഭിക്കണമെങ്കില്‍ കുടുങ്ങുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. വല്ലപ്പോഴും നടത്തുന്ന മിന്നല്‍ പരിശോധനയില്‍ അനേകം ഹോട്ടലുകളില്‍ പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ ‘ഭക്ഷണവസ്തുക്കള്‍ കുറ്റകരമായി വില്പനയ്ക്കു വച്ചിരിക്കുന്നത് കണ്ടെത്താറുണ്ടെങ്കിലും അതിനുള്ള ശിക്ഷാനടപടികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ അതു ആവര്‍ത്തിക്കുകയാണ് പതിവ്.
കഴിഞ്ഞ ദിവസം ആലപ്പുഴ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു. ഭക്ഷ്യവസ്തുക്കളില്‍ രുചിവര്ധിപ്പിക്കുന്നതിനും മറ്റുമായി രാസപദാര്‍ഥങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് തടയാനാണ് ഓപ്പറേഷന് രുചിയുടെ ഭാഗമായി റെയ്ഡ് നടത്തുന്നത്.
ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ‘ഭക്ഷണശാലകളില്‍ ‘ഭക്ഷ്യസുരക്ഷാസ്ക്വാഡുകളാണ് പരിശോധിക്കുന്നത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, തട്ടുകടകള്‍, ശീതളപാനീയ കടകള്‍, ബേക്കറികള്‍ തുടങ്ങിയ ഇടങ്ങളില്‍ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വിഭവങ്ങള്‍ പാചകം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും. ഗുണനിലവാരമില്ലാത്ത ഘടക പദാര്‍ഥങ്ങളാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്.
തുറന്നുവച്ചിരിക്കുന്ന ആഹാരപദാര്‍ഥങ്ങളുടെ മുകളില്‍ ഈച്ച, പാറ്റ, എലി തുടങ്ങിയ ജീവികള്‍ കാണുന്നത് സാധാരണമാണ്. രോഗങ്ങള്‍ പടരാന്‍ ഇതു കാരണമാകും.
അടുക്കളയും പരിസരവും പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളും വളരെ വൃത്തിഹീനമായിക്കിടക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
രോഗബാധിതരായ പാചകക്കാരേയും വിളമ്പുകാരേയും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
അന്യസംസ്ഥാന തൊഴിലാളികളാണ് ഹോട്ടലുകളില്‍ കൂടുതലായി ജോലി ചെയ്യുന്നത്. ശുദ്ധജലദൗര്‍ലഭ്യമാണ് നഗരത്തിലെ ഹോട്ടലുകളും, ഭക്ഷണശാലകളൂം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.‘
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ നിര്‍ബന്ധമാക്കുന്നതിന്റെ ‘ഭാഗമായി സ്ക്വാഡ് പ്രവര്‍ത്തനം വ്യാപകമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: