ആലപ്പുഴ: നിരന്തരം രാജ്യവിരുദ്ധമായ നിലപാട് സ്വീകരിക്കുകയും ദേശവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന ആലപ്പുഴ എംപി രാജ്യവിരുദ്ധ ശക്തികളുടെ ഏജന്റായി മാറിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജപി സംസ്ഥാന സെല്‍ കോ- ഓഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന് ആരോപിച്ചു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള് മുതല്‍ ആലപ്പുഴ എംപി പാര്‍ലമെന്റില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ കുഴപ്പം സൃഷ്ടിക്കുന്ന എംപിക്കുള്ള പുരസ്കാരത്തിന് ആലപ്പുഴ എംപി അര്‍ഹനാണ്. പതിറ്റാണ്ടുകളായി ആലപ്പുഴയ്ക്കു ലഭിക്കാതിരുന്ന വികസനം ഒരു വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയം നോക്കാതെ അനുവദിച്ചതിന് നരേന്ദ്രമോദിയുടെ കാല്തൊട്ടുവന്ദിക്കുകയാണ് എംപി ചെയ്യേണ്ടത്. ബിജെപിയുടെ വളര്‍ച്ച ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ അജണ്ട വച്ച് കൂടേണ്ടിവരുന്നത് സിപിഎമ്മിന്റെ ദുരവസ്ഥയാണ് തെളിയിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തി വികസന തട്ടിപ്പ് നടത്തുന്ന ആലപ്പുഴ എംപിയുടെ നടപടിക്കെതിരെ എംപിയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍, പാലമുറ്റത്ത് വിജയകുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എല്‍.പി. ജയചന്ദ്രന്, ആര്. ഉണ്ണികൃഷ്ണന്, അഡ്വ. പി.കെ. ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. ചന്ദനക്കാവ് നിന്നാരംഭിച്ച പ്രകടനത്തിന് എസ്. സാജന്, വി. ശ്രീജിത്ത്, ഡി. പ്രദീപ്, ജി. മോഹനന്, രഞ്ചന്‍ പൊന്നാട്, വി.സി. സാബു, വി. ബാബുരാജ്, ആര്. കണ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: