കൊല്ലം: അനധികൃതമായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 120 ചാക്ക് പുഴുക്കലരിയും 24 ചാക്ക് ഗോതമ്പും പിടികൂടി. ഉമയനല്ലൂര്‍ സ്വദേശി മെഹബൂബിന്റെ ഉടമസ്ഥതയിലുള്ള മീനാട് കിഴക്കുംകര മാടന്നടക്ക് സമീപമുള്ള കശുവണ്ടി കുടിവറുപ്പ് കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി ശാഖ കഴിഞ്ഞു വീട്ടിലേക്ക് പോയ സംഘപ്രവര്‍ത്തകരാണ് ഗോഡൗണില്‍ നിന്നും തിരിച്ചുപോയ പിക്കപ്പ് വാഹനം തടഞ്ഞത്. വാഹനം ഉപേക്ഷിച്ച് ഡ്രൈവറും കിളിയും ഓടി രക്ഷപ്പെട്ടു. വാഹനത്തിന് എക്സ്കോര്‍ട്ടു വന്ന രണ്ടുപേര്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയും ചെയ്തു.
അരിയും ഗോതമ്പും കയറ്റിയിറക്കുന്നതിന് തൊട്ടടുത്ത കട്ടച്ചൂളയില്നിന്നും കൊണ്ടുവന്ന ബംഗാളി തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. വിവിധ റേഷന്‍കടകളില്‍ നിന്നും കൊണ്ടുവന്ന അരി ഗോഡൗണില്‍ ഇറക്കി വച്ചതിനുശേഷം രാത്രി തന്നെ ബ്രാന്റ്ഡ് ചാക്കുകളിലേക്ക് മാറ്റുകയായിരുന്നു. ഗോഡൗണില്‍ നിന്നും കാലിയായ റേഷനരി ചാക്കുകളും ബെല്‍ ബ്രാന്റ്, ട്രിപ്പില്‍ ഹോഴ്സ് തുടങ്ങിയ ബ്രാന്റ് അരികളുടെ കാലിചാക്കുകളും ബ്രാന്റഡ് ചാക്കിലേക്ക് മാറ്റിയ നിലയില്‍ അരിചാക്കുകളും കണ്ടെടുത്തു. കൂടാതെ ക്വിന്റല്‍ ചാക്ക് തൂക്കുന്ന ത്രാസുകളും സീലു ചെയ്യുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഈ ഗോഡൗണില്‍ അനധികൃതമായി കശുവണ്ടി കുടില്വറുപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചുവരുകയായിരുന്നു. വറുത്ത കശുവണ്ടി കൊണ്ടുവന്നു കട്ട്ചെയ്ത് പരിസരത്തുള്ള വീടുകളില്‍ കൊടുത്തു പീലിംഗ് ചെയ്തു കൊണ്ടിരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കെയാണ് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന റേഷനരികൂടി സംഭരിച്ച് കൂടിയ ബ്രന്ഡുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്.
രാത്രികാലങ്ങില്‍ ഇവിടെ സ്ഥിരമായി അരികൊണ്ടുവരുകയും പോകുകയും ചെയ്യുമായിരുന്നു. കശുവണ്ടിയാണെന്നാണ് നാട്ടുകാര്‍ കരുതിയത്. രാത്രി എട്ടിന് വാഹനം തടഞ്ഞു പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പോലീസ് വന്നത് രാത്രി ഏറെ വൈകി. പോലീസ് എത്താതതിനെത്തുടര്ന്ന് നാട്ടുകാര്‍ കമ്മീഷണറുമായി ബന്ധപ്പെടുകയും കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് എത്തി ഗോഡൗണ്‍ പൂട്ടി സീല്‍ വയ്ക്കുകയും അരിയും ഗോതമ്പും പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റചെയ്തു. അരി കൊണ്ടുവന്ന പിക്കപ്പും സ്കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. റേഷന്‍ കള്ളക്കടത്ത് കണ്ടുപിടിക്കുകയും രാത്രി മുഴുവന്‍ ഗോഡൗണിന് കാവലിരിക്കുകയും അരിയും ഗോതമ്പും സ്റ്റേഷനിലേക്ക് മാറ്റുവാന്‍ സഹായിക്കുകയും ചെയ്ത് മീനാട് കിഴക്കുംകര സ്വയംസേവകരെ പോലീസ് കമ്മീഷണര്‍ അഭിനന്ദിച്ചു. ജില്ലാ റേഷനിംഗ് ഓഫീസര്‍ സ്ഥലത്തെത്തി പ്രാഥമികാന്വേഷണത്തില്‍ റേഷനരിയാണെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: