കൊച്ചി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കണ്ടെയ്നര്‍ റോഡില്‍ ടോള്‍പിരിവ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. മുളവുകാട് നിവാസികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവ് പ്രശ്നത്തിന് ജില്ല കളക്ടര്‍ എം. ജി രാജമാണിക്യം വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച് സര്‍വീസ് റോഡ് നിര്‍മിക്കാന്‍ തയാറാണെന്നു ദേശീയപാതാ അതോറിട്ടി അധികൃതര്‍ അറിയിച്ചു. മുളവുകാട്, മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കും സര്‍വീസ് റോഡ്.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നാട്ടുകാരുടെ പ്രധാന ആവശ്യം അംഗീകരിക്കാന്‍ തയാറാണെന്നു ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറും ഡിജിഎമ്മുമായ സി.ടി. ഏബ്രഹാം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റോഡിന്റെ പ്രോജക്ട് തയാറാക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്കോയെ ഏല്‍പ്പിക്കാനും ധാരണയായി. ഇതു സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയാറാണെന്നു കിറ്റ്കോ പ്രതിനിധിയും അറിയിച്ചതോടെ ഈസമയം വരെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാനും തീരുമാനമായി.
പ്രശ്നത്തിന്റെ ഗൗരവം ദേശീയപാത അതോറിട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു. ദേശീയപാത അധികൃതര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള 60 മീറ്റര്‍ പരിധിയില്‍തന്നെ സര്‍വീസ് റോഡ് നിര്‍മിക്കണമെന്ന പ്രതിനിധികളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. യാത്രാസൗകര്യമില്ലാത്തതിനെത്തുടര്ന്ന് തങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ബോള്‍ഗാട്ടി മുതല്‍ കാട്ടാത്തി വരെയാണു സര്‍വീസ് റോഡ് നിര്‍മിക്കുന്നത്. കാട്ടാത്തിയില്‍ പുഴയ്ക്കു കുറുകെ ആവശ്യമായി വരുന്ന പാലത്തിന്റെ നിര്‍മാണം എംഎല്‍എ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചു നിര്‍മിക്കുമെന്ന മുന്‍ധാരണ പാലിക്കുമെന്നു എസ്. ശര്‍മയും ഉറപ്പു നല്കി.
തീരദേശ റോഡിനു പകരമായിട്ടാണു സര്‍വീസ് റോഡ് നിര്‍മിക്കുന്നത്. തീരദേശ റോഡിനായി കൂടുതല്‍ സ്ഥലവും മറ്റും ആവശ്യമായി വരും. ഇതിനു പോര്ട്ട്ട്രസ്റ്റിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതി ആവശ്യമാണ്. എന്നു മാത്രമല്ല വന്‍തുക ഇതിനായി ചെലവിടേണ്ടിവരും. കിറ്റ്കോയാടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേര്‍ന്ന് ചര്‍ച്ച നടത്താനും തീരുമാനമായി. കണ്ടെയ്നര്‍ ടെര്‍മിനലിനായി സ്ഥലം വിട്ടുകൊടുത്ത നാട്ടുകാര്‍ക്ക് ആനുകൂല്യങ്ങള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാനും അര്‍ഹതയുണ്ടെന്നു പ്രതിനിധികള്‍ വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യങ്ങള്‍ മാറ്റിവച്ചു ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് എസ്. ശര്‍മ എംഎല്‍എ പറഞ്ഞു. ഇക്കാര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നു ജില്ല കളക്ടര്‍ രാജമാണിക്യവും വ്യക്തമാക്കി. റോഡുമായി ബന്ധപ്പെട്ട അനുമതികള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതിനാലാണു ദേശീയപാത അതോറിറ്റിയെ തന്നെ അതിനു നിയോഗിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സര്‍വീസ് റോഡിന്റെ പേരില്‍ ഇനി ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടിവരില്ല.
തത്കാലം ടോള്‍ പല്സ് നിര്‍മിക്കാന്‍ അനുവദിക്കുക, ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുക എന്ന മുന്‍ധാരണ നടപ്പിലാക്കണമെന്ന ജില്ല കളക്ടറുടെ നിര്‍ദേശം യോഗം പൂര്‍ണമായും അംഗീകരിച്ചു. റോഡു നിര്‍മാണ പുരോഗതി ജില്ലാ കളക്ടര്‍ മോണിട്ടര്‍ ചെയ്യും.
യോഗത്തില്‍ ജനകീയസമിതി പ്രതിനിധികളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായ അഡ്വ. കെ. പി. ഹരിദാസ്, മാക്സിം, ഷാനവാസ് മുളവുകാട്, അഡ്വ. ആന്റണി ഔഷന്‍ ഹിജു, റെബിന്സന് മണവാളന്, എം. കെ. രാജീവ്, പി. ആര്. ജോണ്‍, സുഹദ്, പ്രസന്നകുമാര്‍, ആല്ബിന്, കിറ്റ്കോ, പോര്‍ട്ട് ട്രസ്റ്റ്, പോലീസ് പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: