തേവയ്ക്കല്‍: ചതുര്വിധപുരുഷാര്ത്ഥങ്ങളെയും മാനിച്ച് ജീവിതം നയിക്കുകയെന്നതാണ് ശ്രീരാമന് നല്കുന്ന ജീവിതസന്ദേശമെന്ന് ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പറഞ്ഞു. തേവയ്ക്കല്‍ മുക്കോട്ടില്‍ ക്ഷേത്രത്തില്‍ അഖിലഭാരത രാമായണസത്രത്തില് മൂന്നാംദിവസം രാമായണത്തിലെ ഗാര്‍ഹസ്ഥ്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചതുര്വിധ പുരുഷാര്‍ത്ഥം അടിസ്ഥാനമാക്കി ജീവിക്കുന്ന ഭാരതീയര്‍ ജീവിതത്തിന്റെ പരമമായ ലക്ഷ്യം ആത്മസാക്ഷാത്ക്കാരമാണെന്ന് കരുതുന്നു. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ക്ക് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകാതെ കൃത്യം നിര്‍വഹിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് ഗൃഹസ്ഥാശ്രമികളുടെ ഉത്തരവാദിത്വമാണ്. ഗൃഹസ്ഥാശ്രമത്തിനുശേഷം വരുന്ന വാനപ്രസ്ഥത്തിലും അര്ത്ഥകാമവിചാരങ്ങള് ഉപേക്ഷിച്ച് ധര്‍മ്മനിഷ്ഠയോടെ ജീവിച്ച് മോക്ഷപ്രാപ്തി നേടാനുതകുംവിധം സംരക്ഷിക്കേണ്ടതും, സന്യാസാശ്രമത്തില്‍ അന്യരെ സഹായിക്കാനും സമ്പൂര്‍ണവും സമാജസേവനത്തിനായി അര്‍പ്പിക്കാനും ഉതകുംവിധം ധര്മ്മനിഷ്ഠവാനായിരിക്കാന് പ്രേരിപ്പിക്കേണ്ടതും ഗൃഹസ്ഥാശ്രമിയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സത്രത്തിന്റെ രണ്ടാംദിവസം വൈകിട്ട് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പ്രഭാഷണം നടത്തി.
ഭരണാധികാരികള്‍ രാമായണത്തില്‍ നിന്നും പഠിക്കണമെന്നും അധികാരത്തിന് പുല്ലുവില പോലുമില്ലെന്ന രാമന്റെ മനോഭാവം ആധുനികലോകത്ത് ഭരണാധികാരികളെ ഇരുത്തി ചിന്തിപ്പിക്കുവാന്‍ പോന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
സമാപനദിവസമായ 9ന് ഉച്ചക്ക് 2ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: