അരനൂറ്റാണ്ട് മുമ്പ് സംഘത്തില്‍ ചുമതല വഹിച്ചിരുന്നവര്‍ക്ക് അവിസ്മരണീയനായിരുന്ന പൊന്നാനിയിലെ പൂതക്കോട്ട് മാധവന്റെ ത്യാഗനിര്‍ഭരമായ ജീവിതം ആരേയും ആവേശം കൊള്ളിക്കുന്നതാണ്. 1966 ല്‍ കോയമ്പത്തൂരിലെ പ്രസിഡന്റ്സ് ഹാളില്‍ കേരളവും തമിഴ്നാടും സംയുക്തമായി നടത്തിയ സംഘത്തിന്റെ പരിശീലന ശിബിരത്തില്‍ പങ്കെടുത്ത വെളുത്തുമെലിഞ്ഞ ചെറുപ്പക്കാരന് മനസ്സില്‍ സ്ഥലം പിടിക്കാന്‍ എളുപ്പമായിരുന്നു. അന്നു മലയാളം ബൗദ്ധിക് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന എനിക്ക്, പൊന്നാനിക്കാരന്റെ സഹജമായ ഈണത്തിലുള്ള അദ്ദേഹത്തിന്റെ സംഭാഷണ രീതി വളരെ രസകരമായിത്തോന്നി.
അക്കാലത്ത് കോട്ടയം ജില്ലാപ്രചാരകനായിരുന്ന എനിക്ക് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ ചുമതലകള്‍ നല്കപ്പെട്ടു. ഒരു വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ ഉത്തരമേഖലയിലെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശിവപേരൂര് ജില്ലകളുടെ ചുമതലയായി. അങ്ങനെ പുതിയ മേഖലകള്‍ പരിചയപ്പെടുന്നതിനിടെ പൊന്നാനിയില്‍ പോകുകയും അവിടെ ഈഴുവത്തുരുത്തിയില് സ്വര്‍ണപ്പണിയും അച്ചടിശാലയും നടത്തിവന്ന ജനസംഘപ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണനെ പരിചയപ്പെടുകയും ചെയ്തു. അദ്ദേഹത്തോട് സംഘശിബിരത്തില്‍ ഉണ്ടായിരുന്ന മാധവനെക്കുറിച്ചന്വേഷിക്കുകയും ഞങ്ങളിരുവരും കുറേദൂരം നടന്ന് അദ്ദേഹം ജോലി ചെയ്തുന്ന വക്കീലാപ്പീസില്‍ പോകുകയും ചെയ്തു. അബ്ദുറഹിമാന് എന്ന വക്കീല്‍ മാധവനോട് അത്ര താല്പര്യത്തോടെയാണ് പെരുമാറിയതെന്നു നേരിട്ടു ബോധ്യപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്ത് സത്യഗ്രഹം നടത്തിയതിനു പോലീസില്‍ നിന്നു ലഭിച്ച ക്രൂരമായ മര്‍ദ്ദനം അദ്ദേഹത്തെ അവശനാക്കി. ചികിത്സ കൊണ്ട് അത് ഭേദമായെങ്കിലും ശരീരത്തിന് മേദസ് വര്‍ധിക്കുന്ന രോഗം പിടിപെട്ടു. വണ്ണം കൂടി വന്ന് ആളെപ്പോലും തിരിച്ചറിയാന്‍ പ്രയാസമായി. ആദ്യം പ്രാന്തപ്രചാരകനും പിന്നീട് വനവാസി കല്യാണാശ്രമത്തിന്റെ ദേശീയ ചുമതല വഹിച്ചിരുന്ന ആളുമായ ഭാസ്കര്‍ റാവുജിയെ കാരണവരും ഈശ്വരാവതാരവുമായി കരുതിയ മാധവന് അക്ഷരം പ്രതി അദ്ദേഹത്തെ അനുസരിക്കുകയായിരുന്നു. ഭാസ്കര്‍ റാവുജിയുടെ ജീവിതചരിത്രം തയ്യാറാക്കാന്‍ ഭരമേല്പ്പിക്കപ്പെട്ട എന്റെ അഭ്യര്‍ത്ഥനയ്ക്ക് അദ്ദേഹം വിശദമായി മറുപടി അയച്ചു. ഏതാനും ഫോട്ടോകള്‍ സഹിതം പി.മാധവന് എന്ന മനുഷ്യനേയും സംഘസ്വയം സേവകനേയും മനസ്സിലാക്കാന്‍ ആ കത്തിനേക്കാള് ശ്രേഷ്ഠമായി മറ്റൊന്നിനും സാധ്യമാവില്ല. ഇനി മാധവന് സംസാരിക്കട്ടെ. ഇതില്‍ തിരുത്തലുകള്‍ ചെയ്തിട്ടില്ല.
ഞാന്‍ എറണാകുളം കാര്യാലയത്തില്‍ മോഹന്‍ജിയെ സഹായിക്കുന്നതിനായി നിശ്ചയിച്ചതനുസരിച്ച് 1983-86 കാലത്ത് ഒരു വര്‍ഷം നമ്മള് ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഫോട്ടോയില്‍ കൂടെ കൂടുതല്‍ ഓര്‍മകാണും. ഇപ്പോള്‍ എനിക്ക് ജോലി ഒന്നും തന്നെയില്ല. വയസ്സ് 56 കഴിഞ്ഞു. ഭാര്യയുടെ വീട്ടില്‍ താമസിക്കുന്നു. മാന്യ ഭാസ്കര്‍ റാവുജി സംസ്ഥാന പ്രചാരകനായിരുന്ന കാലത്തും അതിനുശേഷവും ഞാന്‍ അദ്ദേഹത്തെ എന്റെ കാരണവരെപ്പോലെയാണ് കരുതിയിരുന്നത്. അദ്ദേഹം, എന്നേയും അതേപോലെ സ്വന്തം അനുജനേക്കാള്‍ അടുപ്പത്തോടെ കരുതിയിരുന്നു. സംഭവങ്ങള്‍ താഴെ എഴുതാം.
പൊന്നാനിത്താലൂക്ക് പാലക്കാട് ജില്ലയിലായിരുന്ന പഴയകാലം. 1961 മുതല്‍ ഞാന്‍ ആ താലൂക്കിന്റെ കാര്യവാഹ്.
ഒറ്റപ്പാലം-പൊന്നാനി കൂട്ടി ഒരു പ്രചാരകന്. ആദ്യം പെരച്ചേട്ടന്‍, പിന്നീട് എ.ബാലേട്ടന്. 1963 മുതല്‍ ബാലേട്ടന് പൊന്നാനി താലൂക്ക് ചുമതല മാത്രമായി പൊന്നാനിയിലായിരുന്നു. സംസ്ഥാന പ്രചാരക് ഭാസ്കര്‍ റാവു ആയിരുന്നു. ആദ്യ ജില്ലാ പ്രചാരകന് മാധവ്ജി. പിന്നീട് മാറി ഭാസ്കര്ജിയായി. പിന്നീട് ഭാസ്കര്‍ജി തൃശൂര്‍ ജില്ലയുടെ കൂടി വിഭാഗ് പ്രചാരകനായി. എങ്കിലും പാലക്കാട് ജില്ലാപ്രചാരകനും അദ്ദേഹം തന്നെയായിരുന്നു. അങ്ങനെയുള്ള സമയത്ത് ഭാസ്കര്‍ജിയുടെയും മാന്യ ഭാസ്കര്‍ റാവുജിയുടേയും പ്രേരണകൊണ്ടും സഹായ സഹകരണങ്ങളാലും ഞാന്‍ പൊന്നാനിത്താലൂക്കിന്റെ കാര്യവാഹ് ആയി 1975 വരെ തുടര്‍ന്നു. പ്രചാരകനെപ്പോലെ യാത്രചെയ്തു.
പ്രവര്‍ത്തിക്കാന്‍ എല്ലാ പ്രേരണയ്ക്കും കാരണം ഭാസ്കര്‍ റാവുജിയായിരുന്നു. താലൂക്കില്‍ യാത്രചെയ്യാന്‍ എന്റെ കൈയില്‍ പൈസ ഇല്ലെന്ന് അറിഞ്ഞുകൊണ്ട് ചെലവുകള്‍ തന്നും എന്നെ പ്രവര്‍ത്തനത്തില്‍ സഹായിച്ചുപോന്നിരുന്നു. ഒരു വക്കീലിന്റെ ക്ലാര്‍ക്കിന്റെ അസിസ്റ്റന്റ് ആയിരുന്നു ഞാന്‍. വരുമാനം വളരെ കുറവായിരുന്നു. എങ്കിലും പ്രവര്‍ത്തന രംഗത്ത് ഭാസ്കര്‍ റാവു, എന്നെ സഹായിക്കാന്‍ ഭാസ്കര്‍ജിയെ ചുമതലപ്പെടുത്തിയുന്നു. 1966 ല്‍ 1 ്യലമൃ കോയമ്പത്തൂര്‍ 1968 ല്‍ 2ിറ ്യലമൃ പാലക്കാട്, 1971 ല്‍ 3ൃറ ്യലമൃ നാഗ്പൂരിലും കഴിഞ്ഞു. ആ സമയത്തും പലസഹായ സഹകരണങ്ങളും ഉണ്ടായിരുന്നു.
1975 ജൂലൈ മൂന്നിന് സംഘത്തെ നിരോധിച്ചതനുസരിച്ച് പൊന്നാനി താലൂക്ക് കാര്യവാഹ് ആയ എന്നെ നാലാം തിയതി വൈകിട്ട് അറസ്റ്റു ചെയ്തു അഞ്ചാം തിയതി മഞ്ചേരി കോടതിയില്‍ ഹാജരാക്കി. പൊന്നാനി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. 64 ദിവസം ജയിലില്‍ കിടന്നശേഷം എന്റെ വക്കീല്‍ എം. അബ്ദുല്‍ റഹിമാന്‍ എനിക്കുവേണ്ടി ഹാജരായി വാദിച്ച പ്രകാരം ജാമ്യം ലഭിച്ചു പുറത്തുവന്നു. പക്ഷേ, എന്റെ വലിയമ്മ ഞാന്‍ ജയിലിലായിരുന്നപ്പോള്‍ മരിച്ചുപോയി. (അതിനിടെ) മാന്യ ഭാസ്കര്‍ റാവുജിയുടെ നിര്‍ദ്ദേശംകൊണ്ട് എന്റെ വീട്ടില്‍ പലരേയും അയച്ചു സഹായിക്കുകയും ചെയ്തിരുന്നു. അതെല്ലാം ഭാസ്കര്‍ റാവുജിയുടെ വിശാല മനസ്സുകൊണ്ടാണെന്നു പറയാതെ നിവൃത്തിയില്ല. അതേപോലെ10-11 ദിവസത്തിനുശേഷം എന്നോട് രണ്ടാം ബാച്ച് സമരത്തിന് നേതൃത്വം നല്കാന് സംഘത്തില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയ പ്രകാരം ഞാന്‍ വീണ്ടും സമരം ചെയ്തു.
പൊന്നാനിയിലെ ഞങ്ങള്‍ അഞ്ചുപേരെയും റോഡിലിട്ടു തല്ലിച്ചതക്കുകയും മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ഉണ്ടായി. ആ സമയത്തും മുമ്പുണ്ടായപോലെ വേണ്ട എല്ലാ സഹായസഹകരണങ്ങളും ആരുമില്ലാത്ത എന്റെ വീട്ടിലും മറ്റുള്ളവരുടെ വീടുകളിലും അന്വേഷിക്കുകയും സഹായിച്ചും ഇരുന്നിരുന്നു. എന്റെ രണ്ടു ഡിഐആര്‍ കേസുകളും കഴിയാന്‍ ഒരു കൊല്ലത്തോളം വേണ്ടിവന്നു. എല്ലാം തീര്‍ന്നു വീട്ടിലെത്തിയപ്പോള്‍ ഭാസ്കര്‍ റാവുജിയെ പോയി കണ്ടു. അദ്ദേഹം ഇനി കുറച്ചുകാലം പ്രചാരകനായി പ്രവര്‍ത്തിക്കണമെന്നു പറഞ്ഞപ്പോള്‍, എന്റെ വീട്ടുപ്രശ്നങ്ങളും യാതൊരു വരുമാനവുമില്ലാത്ത കാര്യവും അദ്ദേഹത്തോട് തുറന്നു സംസാരിച്ചു. അദ്ദേഹം അതിനു മറുപടിയായി വാസുഏട്ട (വിഭാഗ് പ്രചാരക്) നോടു പറഞ്ഞു.. വീട്ടിലെ കാര്യങ്ങള്‍ സ്വയം സേവകരെക്കൊണ്ട് അന്വേഷിപ്പിച്ചു ശ്രദ്ധിപ്പിക്കാമെങ്കില് എന്തു പറയുന്നു എന്നു ചോദിച്ചു. എനിക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ധിക്കരിക്കാനോ, മറിച്ചുപറയാനോ, ഇല്ലെന്നു പറയാനോ മനസ്സനുവദിക്കാതെ സമ്മതമാണെന്നു പറഞ്ഞുമടങ്ങി. അതിനുശേഷം പരപ്പനങ്ങാടി പ്രചാരകനായി.
അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം പൊന്നാനിതാലൂക്കിലും 1939 ല്‍ തിരൂര്‍ ജില്ലാപ്രചാരകനായും പിന്നെ വടകര ജില്ലാപ്രചാരകനായും 1985-86 എറണാകുളം പ്രാന്തകാര്യാലയത്തിലും പ്രചാരകനായിരുന്നു. മലപ്പുറം ജില്ലാ പ്രചാരകനായിരിക്കെ വലിയമ്മയും 20 ദിവസം കഴിഞ്ഞ് അമ്മയും മരിച്ചു. പിന്നീട് വീട്ടില്‍ ആരുമില്ലാതെയായി. ആ സമയത്ത് പൊളിഞ്ഞു വീഴാറായ ഓലവീട് നിന്ന 10 സെന്റ് സംഘത്തിന് എഴുതിക്കൊടുക്കാമെന്ന് ഭാസ്കര്‍ റാവുജിയെ അറിയിക്കാന്‍ വാസുവേട്ടനെ ഏല്‍പ്പിച്ചു. അതറിഞ്ഞ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഞാന്‍ എന്നും ചിന്തിക്കുന്നു. മാധവന് സ്വന്തമായി ആ സ്ഥലമല്ലേയുള്ളു. അത് വില്‍പ്പിച്ച് പണം സ്വന്തം പേരില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ പറയണം. മാധവന് ഇപ്പോള്‍ പ്രചാരകനാണ്. മേലില്‍ എന്താവുമെന്ന് പറയാന്‍ പറ്റില്ല. മേലാലും ആവശ്യമുണ്ടാവുമല്ലോ.
പിന്നീട് 1986 ല്‍ ഞാന്‍ തിരിച്ചുവന്ന് എടപ്പാള്‍ കാര്യാലയത്തില്‍ താമസിച്ചു. 1986-89 വരെ തിരൂര്‍ ജില്ലാ കാര്യവാഹ് ആയിരുന്നപ്പോള്‍ ചെലവിന് സ്ഥലം വിറ്റ തുക ഉപയോഗിച്ചു. ഭാസ്കര്‍ റാവുജി കല്യാണ്‍ ആശ്രമത്തിലായിരിക്കെ (30-08-87)ല്‍ ആണ് എന്റെ വിവാഹം. എനിക്ക് രക്ഷകര്‍ത്താക്കളോ കാരണവരോ ഇല്ല. ഞാന്‍ അതിനാല്‍ ഭാസ്കര്‍ റാവുജിക്കു നേരത്തെ എഴുതിയിരുന്നു. തലേ ദിവസം വണ്ടിക്കു പട്ടാമ്പിയില്‍ എത്തി
ഡോ.ഉണ്ണിയേട്ട(ഡോ.പി.ഉണ്ണികൃഷ്ണന്) ന്റെ വീട്ടില്‍ താമസിച്ച്, പിറ്റേന്ന് രാവിലെ ഏഴുമണിക്ക് ഡോക്ടറും കുടുംബവുമൊത്ത് പട്ടാമ്പി ഗുരുവായൂരപ്പന് ക്ഷേത്രത്തിലെത്തി. അവിടെ ഞങ്ങള്‍ തയ്യാറെടുത്തിരുന്നു. ഭാസ്കര്‍ റാവുജികൊണ്ടുവന്ന മുണ്ട് കൈയില്‍ തന്ന് അതുടുത്ത് പോകണമെന്ന് പറഞ്ഞതനുസരിച്ച് ഒരുങ്ങിയപ്പോള്‍, കാരണവരും രക്ഷിതാവുമായ അദ്ദേഹത്തിന് ദക്ഷിണ നല്കി, കാല്‍തൊട്ടു വന്ദിച്ചു. പിന്നെ പ്രാന്ത സംഘചാലക് ഗോവിന്ദന് സാറിനും ഭാസ്കര്‍ റാവുവൊന്നിച്ചും കാറില്‍ വിവാഹത്തിന് പുറപ്പെട്ടു. വിവാഹം കഴിഞ്ഞ് എടപ്പാള്‍ കാര്യാലയത്തിലെത്തി. സ്വീകരണം നടന്ന വള്ളത്തോള്‍ സംസ്കൃത കോളേജിലേക്കു പോയി. എല്ലാം കഴിഞ്ഞ് രാത്രി 9 മണിക്ക് എന്നേയും ഭാര്യ രത്നത്തേയും കൂടെവന്നവരേയും ജീപ്പില്‍ കയറ്റി യാത്ര പറയുന്നതുവരെ ഭാസ്കര്‍ റാവുജി കാരണവരെപ്പോലെ, ആരുമില്ലാത്ത എന്നോടൊപ്പം എല്ലാ കാര്യങ്ങള്ക്കുമുണ്ടായിരുന്നു.
ഞാന്‍ കോണിയില്‍ നിന്ന് വീണ് കൈപൊട്ടി കോയമ്പത്തൂരീല്‍ ഓപ്പറേഷന് കഴിഞ്ഞ് വീട്ടില്‍ കഴിയുമ്പോള്‍ ഭാസ്കര്‍ റാവുജി തൃശൂരില്‍ വന്ന് അനന്തരവനോടൊപ്പം കാറില്‍ വന്നു. വിഷമങ്ങള്‍ അറിഞ്ഞ് എറണാകുളം കാര്യാലയ പ്രമുഖ് പുരുഷോത്തമന് വശം 5000 കയെത്തിച്ചപ്പോള് ഞാന്‍ കരഞ്ഞുപോയി. പിന്നീട് വനവാസി പരിപാടിക്കായി പാലക്കാട്ടു എത്തിയപ്പോള്‍ വീട്ടില്‍ വന്ന് പോക്കറ്റില്‍ ഒരു കവര്‍ ഇട്ടുതന്നു. മാധവനു പണിയൊന്നുമില്ലല്ലോ. മരുന്നുകളും മറ്റും വാങ്ങേണ്ടിവരില്ലെ, ഞാന്‍ സ്വന്തമായി അഡ്ജസ്റ്റ് ചെയ്തുണ്ടാക്കിയ കുറച്ചുപണമാണ്. എന്നു പറഞ്ഞു. 1500 രൂപയുണ്ടായിരുന്നു. സ്വന്തം യാത്രാച്ചെലവുകളില്‍ നിന്നും മറ്റും അഡ്ജസ്റ്റ് ചെയ്തതാകും ആ തുക.
ഭാസ്കര്‍ റാവുജി എറണാകുളം കാര്യാലയത്തില്‍ അസുഖമായി കിടക്കുമ്പോള്‍ അനന്തനുമൊരുമിച്ച് പോയി സംസാരിക്കുവാന്‍ സാധിച്ചു. പിന്നീട് ഭാര്യ രത്നവുമൊത്ത് പോയപ്പോള്‍, വേദനകൊണ്ടു പുളഞ്ഞ് സംസാരിക്കാന്‍ തന്നെ അദ്ദേഹത്തിന് പ്രയാസമായിരുന്നു”.
സ്വന്തം ജീവിതത്തെപ്പറ്റി മാധവന് എഴുതിയയച്ചതിന്റെ പ്രസക്ത ഭാഗങ്ങളാണിവിടെ ചേര്‍ത്തത്. കൂടെ അയച്ച ഫോട്ടോകളില്‍ കേടുവരാത്തവ ഇതോടൊപ്പമുണ്ട്. ധര്മപത്നി രത്നവല്ലിയുമൊത്തുള്ളത് കേടുവന്നുപോയി. വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത മാധവ്ജി പിന്നീട് വീട്ടില്‍ ചെന്നു പ്രാന്തകാര്യാലയത്തില്‍ എത്തിയത് അവരൊരുമിച്ചുള്ള ഫോട്ടോയുമായിട്ടായിരുന്നു. അതു കാണിച്ച് മേഡ് ഫോര്‍ ഈച്ച് അദര്‍ എന്ന് കമന്റ് പറഞ്ഞ് എല്ലാവരേയും രസിപ്പിച്ചു. ഞങ്ങള്‍ ഒരു മുറിയിലായിരുന്നു പ്രാന്തകാര്യാലയത്തില്‍ ഒരു വര്‍ഷം കഴിഞ്ഞതെന്നു പറഞ്ഞുവല്ലോ. അദ്ദേഹത്തിന് പൊടി വൈദ്യവുമുണ്ടായിരുന്നു. എനിക്കുതന്ന ചില മരുന്നുകള്‍ വളരെക്കാലം ഉപയോഗിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിലെ മര്‍ദ്ദനത്തിന്റെ ഫലമായി ലഭിച്ച പൊണ്ണത്തടി കുറയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല.
ഒരിക്കലും മായാത്ത ഓര്‍മയായി
മാധവന് എന്നും നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: