കൊച്ചി: ഭക്ഷ്യ സുരക്ഷ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ രുചിയുടെ ഭാഗമായി ഇന്നലെ നടത്തിയ റെയ്ഡിൽ ബാലവേലയും. ജില്ലയിലെ 31 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയ വെണ്ണല ചളിക്കവട്ടത്ത് പ്രവർത്തിക്കുന്ന പലഹാര നിർമാണ യൂണിറ്റിൽ സമൂസ നിർമാണ യൂണിറ്റിൽ നിന്നാണു തമിഴ്നാട് സ്വദേശികളായ 13, 14 വയസുള്ള രണ്ട് ആൺകുട്ടികളെ ഭക്ഷ്യ സുരക്ഷ വകുപ്പ് മോചിപ്പിച്ചത്.
കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർക്കു കൈമാറി. ചളിക്കവട്ടത്തു വാടക കെട്ടിടത്തിലാണു പലഹാര നിർമാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കിയ കുട്ടികളെ പള്ളുരുത്തി സ്നേഹ ഭവനിലേക്കു മാറ്റി. പലഹാര നിർമാണ സ്ഥാപന ഉടമയായ തമിഴ്നാട് സ്വദേശി ബാബുവിനെതിരെ കേസെടുക്കാനും ശുപാർശ നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കിയിരുന്നതു കണ്ടെത്തിയതിനെ തുടർന്ന് ഈ കേന്ദ്രം അടയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
കൊച്ചി നഗര പരിധിയിൽ എട്ടു സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്നു പലഹാര നിർമാണ യൂണിറ്റുകളും ഒരു ചായക്കടയും അടയ്ക്കാൻ നിർദേശം നൽകി. ആരോഗ്യത്തിനു ഹാനീകരമാകുന്ന തരത്തിലുള്ള പദാർഥങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണു നടപടിയെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. കൊച്ചി നഗരത്തിൽ ഒരു ടീ ഷോപ്പ്, ഒരു ഹോട്ടൽ, ആറു പലഹാര നിർമാണ കേന്ദ്രങ്ങൾ എന്നിവയിലായിരുന്നു പരിശോധന.
കോതമംഗലം പെരുമ്പാവൂർ മേഖലകളിലും പരിശോധന നടത്തി. കോതമംഗലത്ത് എട്ടു സ്ഥാപനങ്ങളിലും പെരുമ്പാവൂരിൽ 15 സ്ഥാപനങ്ങളിലുമാണു പരിശോധന നടത്തിയത്. കോതമംഗലത്തു ഒരു ഹോട്ടൽ, നാലു ബേക്കറി, രണ്ടു പച്ചക്കറി കടകൾ, ഒരു പലചരക്കു കട എന്നിവയിലായിരുന്നു പരിശോധന. പെരുമ്പാവൂർ മേഖലയിൽ മൂന്നു ഹോട്ടലുകൾ, രണ്ടു ബേക്കറി, ഒരു ബോർമ, ഒരു പലചരക്കു കട, രണ്ടു കന്റീനുകൾ, ആറു പച്ചക്കറി കടകൾ എന്നിവയിലാണു പരിശോധന നടത്തിയത്. മൂന്നു സ്ക്വാഡുകളായി നടത്തിയ പരിശോധനയ്ക്കു ഫുഡ് സേഫ്റ്റി ഓഫീസർമാരായ അബ്ദുൽ മജീദ്, കെ.ജെ.ജോസഫ്, സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. 31 വരെ പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: