കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച പാറശ്ശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം ചാലക്കുടി സ്വദേശി ആച്ചാടന് മാത്യുവില്‍ വിജയകരമായി മാറ്റിവച്ച എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടര്‍മാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയം കൊണ്ടു വരാന്‍ ഏര്‍പ്പെടുത്തിയ എയര്‍ ആംബുലന്‍സിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആംബുലന്‍സിനായി ഡോണിയര്‍ വിമാനം അനുവദിച്ച നാവികസേനയ്ക്ക് ആറ് ലക്ഷത്തോളം രൂപയാണ് ഇതിനായി നല്‍കേണ്ടത്. സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആച്ചാടന് മാത്യുവിന് ശസ്ത്രക്രിയ നടത്താനുള്ള തുക നാട്ടുകാര്‍ സമാഹരിച്ചിരുന്നെങ്കിലും എയര്‍ ആംബുലന്‍സിന് വേണ്ടിവന്ന ചെലവ് അപ്രതീക്ഷിതമായി. മാത്യുവിന്റെ സാമ്പത്തിക പരാധീനത ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു. മാത്യുവിന്റെ ഭാര്യ ബിന്ദുവുമായും മുഖ്യമന്ത്രി സംസാരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ലിസി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രി കെ. ബാബു, പ്രൊഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, ലൂഡി ലൂയിസ് തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു. ഹൃദയ ശസ്ത്രക്രിയ വിജയമായതോടൊപ്പം തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചു കൂടി സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വൈദ്യശാസ്ത്രരംഗത്തിന്റെ മികവ് ഈ വിജയം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. മികച്ച ചികിത്സാസൗകര്യങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരും നമുക്കുണ്ട്. ചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ് എയര്‍ ആംബുലന്‍സ്. ഇത് സ്ഥിരമായി ഏര്‍പ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജീവിതത്തിലേക്ക് തിരിച്ചുവന്ന മാത്യുവിനെ ഇന്ന് വെന്റിലേറ്ററില്‍നിന്ന് മാറ്റിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: