ആലുവ: നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന സ്വകാര്യ ഗോഡൗണിന്റെ ഉടമകള്‍ പൊതുമരാമത്ത് റോഡിലേക്കിറക്കി സെക്യൂരിറ്റി റൂം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
ആലുവ മൂന്നാര്‍ റോഡില്‍ ചൂര്‍ണിക്കര പഞ്ചായത്ത് അതിര്‍ത്തിയില്‍ അശോകപുരം കൊച്ചിന് ബാങ്കിന് സമീപമാണ് കൈയ്യേറ്റം നടക്കുന്നത്. റോഡ് കൈയ്യേറി മതില് കെട്ടാനുള്ള നീക്കത്തിന് പുറമെ, റോഡില്‍ നിന്നും മൂന്ന് മീറ്റര്‍ നീക്കി കെട്ടിടം നിര്‍മ്മിക്കണമെന്ന ചട്ടം ലംഘിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന മതില് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നടന്ന ഒരു സ്വകാര്യ ചടങ്ങിന്റെ സൗകര്യത്തിനായി പൊളിച്ചിരുന്നു. പിന്നീടിവിടെ മൂന്നടിയോളം റോഡിലേക്ക് ഇറക്കി താത്കാലികമായി പഌസ്റ്റിക്ക് നെറ്റ് വലിച്ചുകെട്ടുകയായിരുന്നു. മതില് പൊളിക്കാത്ത ഭാഗത്ത് നിന്ന് നോക്കിയാല്‍ കൈയ്യേറ്റം പകല്‍പോലെ വ്യക്തമാകും.
വാഹനത്തിരക്കേറിയ റോഡായിട്ടും ടാറിംഗില്‍ നിന്നും ഒന്നരയടി പോലും അകലമില്ലാതെയാണ് സ്ഥലയുടമ കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. കൈയ്യേറ്റ സ്ഥലത്ത് നിന്നും പൊതുമരാമത്ത് സൂപ്രണ്ടിംഗ് ഓഫീസ് പ്രവര്‍ത്തിക്കുന്നിടത്തേക്ക് രണ്ട് കിലോമീറ്റര്‍ അകലമേയുള്ളു. എന്നിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ പ്രതിഷേധം വ്യാപകമാണ്.
പഞ്ചായത്ത് അധികൃതരും നടപടിയെടുക്കാതെ മൗനം പാലിക്കുന്നതിന് പിന്നില്‍ സ്ഥലയുടമയുടെ രാഷ്ട്രീയ സ്വാധീനമാണെന്നാണ് ആക്ഷേപം. കൈയ്യേറ്റം തടയാന്‍ അധികാരികളുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: