വീട്ടിലേക്കു മടങ്ങിവരുമ്പോള്‍ വല്ലാത്ത സന്തോഷംതോന്നുക സ്വാഭാവികം. പണ്ട് എന്തെന്ത് കുറ്റം പറഞ്ഞാലും ക്ഷോഭിച്ചാലും വെറുപ്പായിരുന്നാലും എല്ലാം മാറി സ്വാസ്ഥ്യത്തിന്റെ തീര്‍ത്ഥജലം മുഖത്ത് വീഴുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം എത്രയാണ്! ആഹ്ലാദം എത്രയാണ്! പറഞ്ഞറിയിക്കാവതല്ല. ഒക്കെ അനുഭവിച്ചറിയുകയത്രേ നന്ന്. ഘര്‍വാപസി എന്നൊരു ചടങ്ങ് നടക്കുമ്പോള്‍ (നടന്നുകൊണ്ടിരിക്കുന്നു) എന്തൊക്കെ പുകിലാണ് ഒരുമാതിരിപ്പെട്ട പാര്‍ട്ടിക്കാരൊക്കെ ഉണ്ടാക്കിയത്. തെറ്റ് പറ്റിയവര്‍ ആയത് തിരുത്തി വരുമ്പോള്‍ ഉപേക്ഷിക്കുന്നത് ശരിയാണോ? ആ ശരിയില്‍ നിഴലിക്കുന്ന ശരിയാണോ രാഷ്ട്രീയ ഘര്‍വാപസി(അങ്ങനെ പറയാമോ എന്നറിയില്ല)യില്‍ നിഴലിക്കുന്നത്. അല്ലെന്നും ആണെന്നും നമ്മുടെ കുട്ടിരാമന് പറയുന്നില്ല. എന്തായാലും വരുന്നിടത്തുവെച്ചുകാണുക തന്നെ.
പണ്ട് സംസ്ഥാനസമിതിയില്‍ ബഹുമാനിതനായ ഇഎംഎസിന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ മകന് തന്നെയാണത്രെ നമ്മുടെ ഗൗരിയമ്മയെ ആക്ഷേപിച്ചത്. തെക്കന്‍ പ്രദേശങ്ങളില്‍ വിളിക്കുന്ന ഒരുപേര് പലതവണ നീട്ടിവിളിച്ചായിരുന്നു അപമാനം. പകരത്തിന് പകരമെന്ന നിലയില്‍ ഇഎംഎസിനെ നമ്പുതിരിപ്പാടെന്ന് ആക്ഷേപിക്കുന്ന സ്വരത്തില്‍ ഗൗരിയമ്മ പ്രതിവചിച്ചുപോലും. അവിടെ തുടങ്ങിയ അപമാനം ഇങ്ങ് ജെഎസ്എസ്സില്‍ കൊണ്ടെത്തിച്ചു. ഒടുവില്‍ അതിനെതന്നെ ഇല്ലാതാക്കി എകെജി കേന്ദ്രത്തിന്റെ പടിക്കലേക്ക് കെട്ടുംവട്ടിയുമായി മടക്കയാത്ര. ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്ന് ആരാണ്ടോ പറഞ്ഞിട്ടുണ്ട്. എന്ത് ഓര്മ, ആരുടെ ഓര്മ, ഏത് പാര്‍ട്ടി, എന്ത് പാര്‍ട്ടി പരുവത്തിലായവരോട് കൂടുതല്‍ ചോദ്യങ്ങള്‍ നഹി എന്നാണ് കുട്ടിരാമന്റെ പക്ഷം. ആ പക്ഷത്ത് നമുക്കും ചേരുക തന്നെ.
കാലിനടിയിലെ മണ്ണ് കുറേശ്ശെ ഒലിച്ചുപോകാന്‍ തുടങ്ങിയാല്‍ പിന്നെ നീതിയും ന്യായവും നോക്കിയിട്ട് കാര്യമില്ല. ഏരിയാ സെക്രട്ടറി, ലോക്കല്‍ സെക്രട്ടറിമാര്‍ കൂടടക്കം യാത്രയാവുകയാണ്. എന്താ കാര്യം എന്ന് ചോദിച്ചാല്‍ അരുവിക്കര ഇഫക്ട് ആണെന്നും അല്ലെന്നും പറയുന്നു. കാര്യം നേരെ ചൊവ്വെ പറയാന്‍ ഏതായാലും കാനത്തെ രാജേന്ദ്രന് തയ്യാറായിട്ടുണ്ട്. ഏട്ടന് കമ്മ്യൂണിസ്റ്റിന്റെ അടിയും കുത്തും ചവിട്ടും ഏറെക്കൊണ്ട് പരിപാകപ്പെട്ട മനസ്സാണ് അദ്യത്തിന്റേത്. അതിനാല്‍ വാക്കിലും നോക്കിലും അതിന്റെയൊരു തീവ്രതയുണ്ട്. ന്യൂനപക്ഷത്തിന് വേണ്ടി പാതിരാനേരത്തും തേനും പാലും ഒഴുക്കിയവര്‍ ഇവിടെയൊരു ഭൂരിപക്ഷമുണ്ടെന്ന് വിചാരിക്കാത്തതിന്റെ പ്രശ്നമാണിപ്പോള്‍ മേഘ സ്ഫോടനമായതെന്ന് നല്ല പച്ചമലയാളത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
പ്രായവും പക്വതയുമുള്ള ഒരു നേതാവിന്റെ വാക്കുകള്‍ അവിശ്വസിക്കുന്നതെന്തിനെന്ന് നമ്മുടെ തിരുവഞ്ചൂരെ തമ്പുരാനും ചോദിച്ചു. ഏതായാലും രാഷ്ട്രീയ ഘര്‍വാപസി ചാനല്‍ രാജകുമാരന്മാര് അത്രയ്ക്കങ്ങ് ചര്‍ച്ചിച്ചിട്ടില്ല. തടികേടാവുമെന്ന ഭയംകൊണ്ടോ, ഒടുവില്‍ ആകാം എന്നുകരുതിയതുകൊണ്ടോ ആവാം. എന്തായാലും കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്.ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യംവിളി പ്രതീക്ഷിക്കാമോ? അത് ഏറെ കൊതിച്ച ഒരാള്‍ കെട്ടും പ്രമാണവുമായി തിരിച്ചുവരുമ്പോള്‍? എല്ലാം നല്ലതിന് എന്നു കരുതുന്നവര്‍ക്കായി ഒരു ദീര്‍ഘ നമസ്കാരം. ആഗസ്റ്റ് 19 ഒന്ന് വേഗം വന്നെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്.
നായയാണോ പ്രശ്നം നാട്ടുകാരാണോ പ്രശ്നം എന്ന് രഞ്ജിനി ഹരിദാസിനോട് ചോദിക്കൂ. ഇംഗ്ലീഷും മലയാളവും ചേര്‍ത്ത ഒരു മറുപടി ഉറപ്പ്. നാട്ടിലെമ്പാടും പാഞ്ഞുനടക്കുന്ന ശുനകവീര(ത്തി)ന്മാരെ കൊണ്ട് തോറ്റിരിക്കുകയാണ്. അരി വാങ്ങാന്‍ 30 ഉറുപ്പികയില്ലാത്തിടത്ത് പതിനായിരക്കണക്കിന് കൊടുത്ത് മരുന്ന് വാങ്ങേണ്ട സ്ഥിതി. മനുഷ്യനാണോ വേണ്ടത് നായയാണോ വേണ്ടത്, ആര് ആര്‍ക്കാണ് ഉപകാരി എന്നൊന്നും നേരാംവണ്ണം അറിയാത്തതിനാല്‍ കേരള മഹാരാജ്യം അക്ഷരാര്‍ത്ഥത്തില്‍ ഭരിക്കുന്നത് മേല്‍പ്പറഞ്ഞ വിദ്വാന്മാരാണ്. ഒരു വകുപ്പിന്റെയും പിന്‍ബലമില്ലാതെ മനുഷ്യരെ മുള്‍മുനയില്‍ നിര്‍ത്തുന്നു അവറ്റകള്. എന്തുകൊണ്ടിങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ ഇതാ കലാകൗമുദി (ജൂലൈ 26) ഉത്തരം നല്കുന്നു.
അവരുടെ കവര്‍ക്കഥ ഇത്തവണ നായകള്‍ക്കായി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്. ഇതാ തലക്കെട്ട്: നായപ്രേമത്തിനു പിന്നില്‍ കോടികളുടെ ബിസിനസ്സ്. കെ.ബാലചന്ദ്രന്റെതാണ് റിപ്പോര്‍ട്ട്. നാടകീയമായ അവതരണം. രസകരമായ വിവരണം. എന്നാല്‍ അതിനുള്ളിലൊരു കാര്യമുണ്ട്. നായപ്രേമത്തിന്റെ യഥാര്‍ത്ഥകച്ചവടം എന്തെന്ന് നമുക്കതില്‍ കാണാം. രണ്ട് ഉദാഹരണങ്ങള്‍ അതില്‍നിന്ന് എടുക്കുന്നു. അടുത്തിടെ നായപ്പേടിക്കെതിരെ സര്‍വകക്ഷിയോഗം വിളിച്ചത് മുഖ്യമന്ത്രിയാണ്. ആദ്യയോഗം കഴിഞ്ഞു. രണ്ടാമത്തെ യോഗം നടന്നു. അതില്‍ ക്ഷണിക്കാതെ മൂന്നുപേരെത്തി. അന്വേഷിച്ചപ്പോള്‍ ഒരു സന്നദ്ധ സംഘടനയുടെ ആള്‍ക്കാരാണെന്ന് വിശദീകരണം. എന്തിനാണ് വന്നതെന്ന ചോദ്യത്തിന് ഉത്തരം കനത്ത മൗനം.
രണ്ടാമത്തെ കാര്യം. തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകര്‍ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എംഡിയായിരുന്നപ്പോഴുള്ള അനുഭവമാണ്. പേവിഷബാധക്കെതിരെയുള്ള വാക്സിന് വാങ്ങാന്‍ സര്‍ക്കാര്‍ ചെലവിടുന്നതിന്റെ കണക്ക് ചേര്‍ത്ത് അദ്ദേഹം ഒരു ബ്ലോഗ് ലേഖനം എഴുതി. അതിന്റെ പ്രസക്തഭാഗം ബാലചന്ദ്രന് എടുത്തെഴുതിയത് നോക്കുക: 250 രൂപയുടെ മരുന്ന് 115 രൂപവച്ചാണ് കോര്പറേഷന് വാങ്ങുന്നത്. ടെണ്ടറിലൂടെ വാങ്ങുന്നത് കൊണ്ടാണ് ഈ കുറവ് സംഭവിക്കുന്നത്. ഈ തുക വെച്ചാണ് 10 കോടിയോളം രൂപയുടെ മരുന്ന് സര്‍ക്കാര്‍ വാങ്ങുന്നത്. പട്ടികടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. അതു കൂടി കണക്കിലെടുക്കുമ്പോള്‍ 10 കോടിയെന്ന തുക ഇരട്ടിക്കും. ഇത് കൊച്ചുകേരളത്തിലെ വിപണി മാത്രം. ഇന്ത്യ മുഴുവനുമുള്ള വിപണി എത്രയാണെന്ന് ഇതില്‍ നിന്ന് കണക്കാക്കുക. കൈക്കണക്ക് മതിയാവില്ല, കാല്‍ക്കുലേറ്റര്‍ എടുത്തോളൂ.
തെരുവുനായകളെ കൊല്ലാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. അന്ന് ആ കേസില്‍ നായസ്നേഹികളുടെ വക്കാലത്തുമായി ഫാരി എസ്. നരിമാനെപ്പോലുള്ളവരാണ് കോടതിയില്‍ പൊരിഞ്ഞുപൊട്ടിയത്. ലക്ഷങ്ങള്‍ വരുന്ന അവരുടെ ഫീസ് കൊടുത്തത് നാലണവരുമാനമില്ലാത്ത എന്‍ജിഒകള്‍ ആയിരുന്നു. ആരുടെ മടിശ്ശീലയാണ് ദയാപുരസ്സരം അഴിഞ്ഞുവീണതെന്ന് ആര്‍ക്കറിയാം. തെരുവുനായ പ്രേമത്തിന് പിന്നിലെ സാമ്പത്തിക ഹിമാലയം കീഴടക്കാന്‍ ഉശിരുള്ള ആരുണ്ട് എന്ന് ചോദിക്കുക. അല്ലെങ്കില്‍ നാല് മുറിപ്പത്തലെടുത്ത് അക്രമകാരികളായ നായകള്‍ക്കിട്ട് കണക്കിന് കൊടുക്കുക.
എബ്രഹാം മാത്യുവിന്റെ ഒരു നിരീക്ഷണം അന്യത്ര കലാകൗമുദി കൊടുത്തിട്ടുണ്ട്. ഇങ്ങനെയാണ് തലക്കെട്ട്: ഏതു നായയ്ക്കും ഒരു ദിവസമുണ്ട്. ആ ദിവസം എന്നാണെന്നറിയുന്നവരും അല്ലാത്തവരും ഇതൊന്നുവായിക്കുന്നത് നന്ന്. രസാത്മകമായി എബ്രഹാം മാത്യു പറഞ്ഞുപോകുന്നുണ്ടെങ്കിലും പൊള്ളിവിയര്‍ക്കും വായിക്കുമ്പോള്‍. ഒരു സാമ്പിള്‍ വെടി ഇതാ: ഈ ഭൂമി മനുഷ്യനും പട്ടിക്കും വേണ്ടി മാത്രമല്ലല്ലോ. കോഴിയും താറാവും പെരുച്ചാഴിയും ഉള്‍പ്പെടെ സര്‍വചരാചരങ്ങള്‍ക്കും തുല്യാവകാശമുണ്ട്.
അതാണു ശരിയായ പ്രപഞ്ചവീക്ഷണം. അങ്ങനെ വരുമ്പോള്‍ ചാനല്‍ അവതാരകയായ പട്ടിപ്രേമി, സ്വന്തം കസേരയിലിരുന്ന് ഒളിപ്രയോഗം നടത്തുന്ന മൂട്ടയെ ഞെക്കിക്കൊല്ലരുത്. അവതാരക ആഗ്രഹിക്കാത്ത ഭാഗത്ത് മൂട്ട കടിച്ചു എന്നത് മൂട്ടകളുടെ ജന്മദൗത്യം അവസാനിപ്പിക്കാന്‍ മതിയായ കുറ്റമാണോ? ആണോ, ആണോ? ആര്‍ക്കുത്തരം പറയാം. ഉശിരുള്ള വീക്ഷണം അവതരിപ്പിച്ച എബ്രഹാം മാത്യു കാലികവട്ടം താങ്കളോട് കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: