കൊച്ചി: പായിപ്ര പഞ്ചായത്തിലെ മുടവൂരില്‍ ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) മൂലം മരണമടഞ്ഞ തങ്കച്ചന്റെ വീട്ടിലും രോഗത്തിന് ചികിത്സയെടുക്കുന്ന മറ്റു മൂന്ന് വീടുകളിലും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ഹസീന മുഹമ്മദ്, അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ബാലഗംഗാധരന്‍ എന്നിവരടങ്ങുന്ന ജില്ലാതല ടീം സന്ദര്‍ശനം നടത്തി.
ഇപ്പോഴുളള അവസ്ഥ ഭീതിജനകമല്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗത്തെക്കുറിച്ചുളള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയാണ് പ്രധാനമെന്നും ഡിഎംഒ അറിയിച്ചു. മഞ്ഞപ്പിത്തം പലതരത്തിലുണ്ടെന്നും (എ,ബി,സി,ഡി) അവ ഏതൊക്കെ രീതിയിലാണ് പകരുന്നതെന്നും സംഘം വിശദീകരിച്ചു.
രക്തത്തിലൂടെയും മറ്റു ശരീര ശ്രവങ്ങളിലൂടെയുമാണ് മഞ്ഞപ്പിത്തം ബി പകരുന്നത്. ഈ രോഗം മറ്റു പകര്‍ച്ചവ്യാധികളെപ്പോലെ കാലാവസ്ഥ വ്യതിയാനം മൂലമോ, പ്രത്യേക പ്രദേശത്തു കാണുന്നതോ അല്ല. രോഗിയുമായി അടുത്ത സമ്പര്‍ക്കമുളള ആളുകള്‍ക്ക് മാത്രമേ ഈ രോഗം പകരാന്‍ സാധ്യതയുളളൂ. രക്തത്തിലൂടെയും മറ്റു സ്രവങ്ങളിലൂടെയും പകരാനുളള സാധ്യത ഒഴിവാക്കുകയാണ് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗമെന്നും ഡിഎംഒ അറിയിച്ചു.
സന്ദര്‍ശനത്തെതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ബീവിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തരയോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി. ഏറ്റവും അടുത്ത ദിവസം തന്നെ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നതിനും വാസിനേഷന് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: