നാസാ സഭാ യത്ര ന സന്തി വൃദ്ധാ:
വൃദ്ധാ ന തേ യേന വദന്തി ധര്‍മ്മം
ധര്‍മ്മോ ന വൈ യത്ര ച നാസ്തി സത്യം
സത്യം ന തത് യത് ഛലനാനുവൃത്തം.
വൃദ്ധന്മാരില്ലാത്ത സഭ സഭയല്ല. ധര്‍മ്മം പറയാത്തവര്‍ വൃദ്ധരുമല്ല. സത്യത്തോടുകൂടിയല്ലാതെ പറയപ്പെടുന്നതൊന്നും ധര്‍മ്മമാവുകയില്ല. അതുപോലെ,കാപട്യലേശം ഒളിഞ്ഞിരിക്കുന്നുവെങ്കില്‍ അവിടെ സത്യമുെണ്ടന്നും പറയുകവയ്യ. എന്നാണ് ഈ ശ്ളോകത്തിന്റെ സാരം. ചുരുക്കത്തില്‍ സത്യസന്ധമായി ധര്‍മ്മം പറയുന്ന വൃദ്ധന്മാരാല് വേണം ഏതു സഭയും ശോഭിക്കുവാന്‍ എന്നത്രേ സൂചന. ഉത്തരരാമായണത്തില്‍ ശ്രീരാമസഭയിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ് ശ്ലോകം. ആരോ പില്ക്കാലത്ത് എഴുതിച്ചേര്‍ത്തതാണ്, പ്രക്ഷിപ്തമാണ് എന്നവാദവും ഉണ്ട് .
രാജസദസ്സും പണ്ഡിതസദസ്സുമൊക്ക ഉണ്ടായിരുന്ന പഴയകാലത്തെ സുഭാഷിതമെന്നനിലയിലും നമുക്കിതിനെ പരിഗണിക്കാവുന്നതാണ്. അപ്പോള്‍ ഇതിന് ഏറെ പ്രസക്തി കൈ വരുന്നു. ഭരണസഭയും പണ്ഡിതസഭയും, നീതിന്യായ സഭയും,ജനസഭയുമെല്ലാം ഇവിടെ സുലഭമാണല്ലോ. അവയിലൊക്കെ വൃദ്ധന്മാരെ കാണുകയും ചെയ്യാം. എന്നാല്‍ അവര്‍ കാപട്യമുള്ളവരായി,സത്യത്തെ മാനിക്കാതെയും,ധര്‍മ്മം,പറയാതെയും ഇരിക്കുന്നു എന്നതത്രേ സങ്കടം. അതുണ്ടാക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ വലുതാണ്.
മഹാഭാരതകഥയിലെ ഒരു സന്ദര്‍ഭം ഇതാണ്. ചൂതുകളിയില്‍ വിജയിച്ച ദുര്യോധനന് തനിക്കു പണയമായി ലഭിച്ച പാഞ്ചാലിയെ സഭയിലേക്കു വരുത്തി അട്ടഹസിച്ചു. ആ രാജസഭയില്‍ മഹാജ്ഞാനികളും അതിലേറെ കരുത്തന്മാരായ വൃദ്ധന്മാരും ഉണ്ടായിരുന്നു- ഭീഷ്മരും, ദ്രോണരും, കൃപരും, രാജാവായ ധൃതരാഷ്ട്രരും! അവരൊക്കെയും കാണ്‍കെ ദുശ്ശാസനനാല്‍ ഉടുപുടവ വലിച്ചഴിക്കപ്പെടുമ്പോള് പാഞ്ചാലി ഉറക്കെ കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ട് ” ഹേ മഹാനുഭാവന്മാരേ! ഈഅധര്മ്മം നിങ്ങള്‍ കാണുന്നില്ലേ? ഈ അക്രമം നിങ്ങള്‍ തടയാത്തതെന്ത്?
പക്ഷേ, ധര്‍മ്മമറിയുന്ന കരുത്തരെങ്കിലും, അവരാരുംഅന്ന് അധര്‍മ്മത്തെ എതിര്ക്കുകയുണ്ടായില്ല. സത്യവും ധര്‍മ്മവും എന്തെന്നു വിളിച്ചുപറഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കുരുക്ഷേത്ര യുദ്ധം ഉണ്ടാകുമായിരുന്നില്ല. യുദ്ധഭൂമിയില്‍ വീണുകിടന്ന ശവങ്ങളെ കെട്ടിപ്പുണര്‍ന്നു അമ്മമാരും,വിധവകളും,കുട്ടികളും വാവിട്ടു കരയേണ്ടിയും വരുമായിരുന്നില്ല. വൃദ്ധന്മാരുണ്ടായിരുന്നിട്ടും ധര്‍മ്മം ഉപദേശിക്കാതിരുന്നതിന്റെ ഫലമായിരുന്നു മഹാഭാരതയുദ്ധം. അക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാവാം ഈ സുഭാഷിതം ഉണ്ടായത്.
ഉചിതസമയത്ത് ഒരു സഭയില്‍, ഒരു വൃദ്ധന് നല്കുന്ന ഓര്‍മ്മപ്പെടുത്തലും ഉപദേശവും പ്രോത്സാഹനവും അങ്ങനെ വലിയപ്രതിസന്ധികള്‍ തരണംചെയ്യാന്‍ ഒരാളെ പ്രാപ്തനാക്കുന്ന കഥ രാമായണത്തിലുണ്ട്. സീതാന്വേഷണത്തിനൊടുവില് ദേവി ലങ്കയിലുണ്ടെന്നറിഞ്ഞ വാനരസഘം സന്തോഷിച്ചു. പക്ഷെ മുന്നില്‍ മഹാസമുദ്രം. അപ്പുറത്താണ് ലങ്ക. ഈ കടല്‍ കടക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ എന്ന സങ്കടത്തോടെ അവര്‍ ഇരുന്നു.
ശോകമൂകമായ അവസ്ഥ. ജാംബവാനാണ് അതിനു വിരാമമിട്ടത്. സംഘത്തിലെ, ഏറെ ലോക പരിജ്ഞാനമുള്ള വൃദ്ധനായ ജാംബവാന് പറഞ്ഞു.” ഹേ, വീരഹനൂമാന്‍! അങ്ങും വിഷാദിയായിരിക്കുന്നതെന്തിന്? കുട്ടിക്കാലത്തു തന്നെ സൂര്യനിലേക്കു പറന്നവനല്ലേ? സൂര്യ ശിഷ്യനുമല്ലേ? ഈസമുദ്രം താണ്ടാനാണോ വിഷമം. അങ്ങക്കുകഴിയാത്തതായി ഒന്നുമില്ല. സമയം കളയാതെ പുറപ്പെട്ടാലും.
അന്ന് ആ വാനരസഭയില് ജ്ഞാനവൃദ്ധനായ ജാംബവാനും, അദ്ദേഹത്തിന്റെ വാക്കുകളനുസരിക്കുന്ന ഹനൂമാനും ഇല്ലായിരുന്നെങ്കില്‍ രാമായണത്തിന്റെ അവസാനം ഊഹിക്കുക പോലും വയ്യ. ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ വൃദ്ധജനസാന്നിദ്ധ്യവും ഉപദേശവും സഹായിക്കുമെന്നാണ് ഈ കഥാസന്ദര്‍ഭം നല്കുന്ന സൂചന. അതുമായി ഇന്നത്തെ സമൂഹത്തിലേക്കൊന്നുനോക്കൂ എന്താണവിടെ നാം കാണുന്നത്.
പലതരം സഭകളുണ്ട്. അവയിലെല്ലാം പലതരം പ്രതിസന്ധികളുമുണ്ട്. സഭയില്‍ വൃദ്ധന്മാരുടെ എണ്ണ ത്തിനാണെങ്കില്‍ ഒരു കുറവുമില്ല. ഗുണത്തില്‍ കുറവുണ്ടുതാനും. അധര്മ്മങ്ങളിലാണ് പലര്‍ക്കും കമ്പം. ധര്‍മ്മിഷ്ഠരായ ചിലര്‍ ഉപദേശിക്കാമെന്നിരിക്കട്ടെ. മറ്റുള്ളവര്‍ അനുസരിക്കില്ലെന്നു മാത്രമല്ല തിരിച്ചടി കിട്ടിയെന്നുവരാം. ഈ പടുകിഴവനെ നാമെന്തിനു ചുമക്കണം. വലിയ ശല്യമാണ്. എവിടെയെങ്കിലും കൊണ്ടുപോയിക്കളയണം. എന്നുവരെ ചിന്തിക്കുന്നവരാണ് പുതിയ തലമുറ. ഖേദകരമാണീ അവസ്ഥ.
സഭയെന്നാല്‍ ഭരണസഭകളോ നീതിസഭകളോ മാത്രമല്ല,കുടുംബസഭയും കൂടിയാണ്. സത്യത്തിലൂന്നി ധര്‍മ്മത്തെ ഉദ്ഘോഷിക്കുന്ന വൃദ്ധജനങ്ങള്‍ എവിടെയും ഉണ്ടായിരിക്കണം. സത്യമാണ്,ധര്‍മ്മമാണ് ദൈവം എന്നതുകൊണ്ട് ധര്‍മ്മജ്ഞരായ വൃദ്ധജനങ്ങളെ ദൈവസമാനരായിക്കണ്ട് ആദരിക്കുക എന്നതാവണം നമ്മുടെ സംസ്ക്കാരം. അത്തരത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി വളര്‍ന്നെങ്കില്‍ എന്നാവട്ടെ നമ്മുടെ പ്രാര്‍ത്ഥന.
(തുടരും)
9388414034
















