തൃപ്പൂണിത്തുറ: കരിങ്ങാച്ചിറയില്‍ രാവിലെ മുതല്‍ തെരുവുനായയുടെ അഴിഞ്ഞാട്ടം. പുന്നക്കല്‍ വീട്ടില്‍ ചിന്നമ്മ ഐസകി (73)ന്റെ മേലാണ് പേപിടിച്ച നായയുടെ ആക്രമണം തുടങ്ങിയത്. രാവിലെ 6.30 ന് കുരിശുംതൊട്ടിയില്‍ തിരി കത്തിക്കാന്‍ പോകുന്നതിനിടെയാണ് ചിന്നമ്മക്ക് നായയുടെ ആക്രമണം ഏല്‍ക്കേണ്ടിവന്നത്. പിന്നീട് പത്രം, പാല് എന്നിവ വാങ്ങാന്പോയവരെയും കരിങ്ങാച്ചിറ പെട്രോള്‍പമ്പില്‍ ജോലിചെയ്യുന്ന യുവാവിനെയും ട്യൂഷന് പോയ വിദ്യാര്‍ത്ഥിയേയുമാണ് രാവിലെ നായ കടിച്ചത്.
തുടര്‍ന്ന് ഉച്ചക്ക് മുമ്പ് ഹില്പാലസ്വരെ എത്തിയ നായ മറ്റ് പല വഴിയാത്രക്കാരെയും കടിച്ചു. പേപിടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പതിനഞ്ചിലേറെ പേര്‍ക്ക് കടിയേറ്റതായി അറിയുന്നു.
ചികിത്സ തേടി കടിയേറ്റവര്‍ പരക്കംപാഞ്ഞു. തൃപ്പൂണിത്തുറ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരെ കുത്തിവയ്പിനുള്ള മരുന്നില്ലയെന്ന പേരില്‍ പ്രഥമശുശ്രൂഷ നല്കി എറണാകുളം ഗവ. ആശുപത്രിയിലേക്ക്പറഞ്ഞയച്ചു. കടിയേറ്റ് എത്തിയ സാധാരണക്കാരായവര്‍ക്ക് അവിടെയും ചികിത്സ നിഷേധിച്ചു. ഡോക്ടറില്ല, മരുന്നില്ല എന്ന പതിവ് പല്ലവിയും അവിടെ ആവര്‍ത്തിച്ചു.
കടിയേറ്റ് അവിടെ എത്തിയപ്പോഴാണ് എല്ലാവരും പരസ്പരം അറിയുന്നത്. കരിങ്ങാച്ചിറയില്നിന്ന് നായയുടെ ആക്രമണത്തിന് ഇരയായവരാണ് ഇവരെല്ലാം എന്ന യാഥാര്‍ത്ഥ്യം.
ചികിത്സ വൈകിയതിനാല്‍ ചിലരെല്ലാം സ്വകാര്യ ആശുപത്രിയില്‍ പോയി കുത്തിവെപ്പ് എടുത്തു. മറ്റുള്ളവര്‍ വൈകുവോളം ബഹളമുണ്ടാക്കിനിന്നതിനുശേഷമാണ് കുത്തിവെപ്പ് നല്കി മടക്കിയയച്ചത്. കടിയേറ്റ് ചികിത്സ തേടി എത്തുന്നവര്‍ക്ക് മരുന്നുണ്ടായിട്ടും മരുന്നില്ലായെന്ന് പറഞ്ഞ് വൈകുവോളം നിര്‍ത്തിയതില്‍ കൂടെവന്ന ബന്ധുക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് മടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നാലുവയസുകാരനെയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെയും ബിഎഡ് വിദ്യാര്‍ത്ഥിയെയും അധ്യാപകനെയും തെരുവുനായ കടിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ തെരുവുനായ്ക്കളെ നശിപ്പിക്കുന്നതിന് ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: