660. സുഖദാ – സുഖം തരുന്നവള്‍. ശരീരത്തിനും മനസ്സിനും സന്തോഷവും തൃപ്തിയുമുള്ള അവസ്ഥയാണു സുഖം. ഇന്ദ്രിയകാമനകള്‍ നിറവേറുമ്പോള്‍ തത്ക്കാലത്തേക്കുണ്ടാകുന്ന ഉണര്‍വിനെ നാം സുഖമെന്നു കരുതാറുണ്ട്. ആഗ്രഹങ്ങളേ ഇല്ലാത്ത മനസ്സും അതിനൊത്തു പെരുമാറുന്ന ശരീരവും ഒരുമിക്കുന്ന അവസ്ഥയാണു സുഖമെന്ന നിര്‍വചനം സ്വീകരിക്കാം. സുഖം സുഹിതം ഖേഭ്യോഃ (ഇന്ദ്രിയങ്ങള്‍ക്ക് അനുകൂലമായതു സുഖം) എന്ന യാസ്‌കാചാര്യരുടെ നിര്‍വചനം. ശരീരബദ്ധമായ സുഖമായാലും എല്ലാം ത്യജിച്ച ത്യാഗി അനുഭവിക്കുന്ന വിഷയബന്ധമില്ലാത്ത ആനന്ദമായാലും അതു തരുന്നതു ദേവിയാകയാല്‍ ദേവിക്കു സുഖദാ എന്നു നാമം.
.. തുടരും
















