തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അദ്ധ്യാത്മ രാമായണത്തിലും വാല്‍മീകി രാമായണത്തിലും ചില വ്യത്യാസങ്ങളുണ്ട്. അദ്ധ്യാത്മരാമായണത്തില്‍ സുമന്ത്രരെ ഒരുക്കങ്ങള്‍ക്കായി നിയോഗിച്ചശേഷം വസിഷ്ഠന്‍ ശ്രീരാമന്റെ കൊട്ടാരത്തിലേക്ക് ചെല്ലുന്നു.
നിന്നതുനേരമറിഞ്ഞു രഘുവരന്‍ ചെന്നുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍
രത്‌നാസനവും കൊടുത്തിരുത്തി തദാ പത്‌നിയോടുമതിഭക്ത്യാ രഘൂത്തമന്‍
പൊല്‍ക്കലശസ്ഥിതനിര്‍മ്മലവാരിണാ തൃക്കാല്‍ കഴുകിച്ചു പാദാബ്ജതീര്‍ത്ഥവും
ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ് ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു-
ഗുരുവായ വസിഷ്ഠനെ രത്‌നസിംഹാസനത്തിലിരുത്തി കാല്‍കഴുകിച്ച് ആ തീര്‍ത്ഥം സീതയും താനും ശിരസ്സില്‍ തളിച്ചുകൊടുത്തു. ”അങ്ങയുടെ പാദതീര്‍ത്ഥം ധരിക്കയാല്‍ ഞാനിന്നു പുണ്യവാനായി.”
ഇതുകേട്ട് നന്നായി ചിരിച്ചുകൊണ്ട് വസിഷ്ഠന്‍ പറഞ്ഞു- ”നിന്റെ വാക്കുകള്‍ വളരെ നല്ലത്. അവിടുത്തെ പാദതീര്‍ത്ഥം ധരിച്ച് ശിവന്‍പോലും ധന്യനായി. അങ്ങയുടെ പാദതീര്‍ത്ഥം ധരിച്ചതുകൊണ്ട് എന്റെ പിതാവായ ബ്രഹ്മാവും പരിശുദ്ധനായി. ഇപ്പോള്‍ മഹാജനങ്ങള്‍ക്കു മാതൃകയാക്കാനായി നീ ഇങ്ങനെ പറഞ്ഞതാണ്. നീയാരാണെന്ന് എനിക്കു നന്നായിട്ടറിയാം. സാക്ഷാല്‍ നാരായണന്‍ ലക്ഷ്മീദേവിയോടുകൂടി ഭൂമിയില്‍ അവതരിച്ചതാണ്. ദേവന്മാരുടെ അപേക്ഷാനുസരണം രാവണനെക്കൊന്ന് ഭൂമിയുടെ താപം തീര്‍ക്കാനും ഭക്തജനങ്ങള്‍ക്കു മുക്തികൊടുക്കാനുമാണ് നീ വന്നത്. ഈ ദേവരഹസ്യം ഞാനിപ്പോള്‍ വെളിപ്പെടുത്തുന്നില്ല. മായാ മനുഷ്യനായ നീ അവതാരോദ്ദേശ്യം നിറവേറ്റുക.”
വസിഷ്ഠന്‍ തുടര്‍ന്നു- ”ഇപ്പോള്‍ ഞാന്‍ ഗുരുവും അങ്ങ് എന്റെ ശിഷ്യനുമാണല്ലോ. ലോകനന്മക്കായി അങ്ങ് ശിക്ഷിക്കണം. യഥാര്‍ത്ഥത്തില്‍ അവിടുന്ന് ചരാചരങ്ങളുടെയെല്ലാം ആചാര്യനാണ്. പിതാവാണ് പിതാമഹനുമാണ്. കാണപ്പെടുന്ന എല്ലാറ്റിലും അന്തര്യാമിയായി സര്‍വ്വജഗത്തിലും ശുദ്ധതത്ത്വാത്മകമായ വിഗ്രഹമായി, എല്ലാം അങ്ങേയ്‌ക്കധീനമായിരിക്കുന്നു. അവിടുന്നിപ്പോള്‍ മനുഷ്യരൂപമെടുത്ത് ദശരഥപുത്രനായി വന്നിരിക്കുന്നത് എന്റെ പിതാവായ ബ്രഹ്മാവ് മുമ്പുതന്നെ പറഞ്ഞ് എനിക്കറിയാം.
ഞാന്‍ പണ്ടുമുതലേ സൂര്യവംശത്തിനു പുരോഹിതനാണ്. ആത്മജ്ഞാനി പുരോഹിതവൃത്തി കൈക്കൊള്ളുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്ന് എനിക്കറിയാം. ഇപ്പോള്‍ അങ്ങയുമായി ബന്ധപ്പെടാനുള്ള ആഗ്രഹത്താല്‍ ഞാനിതു തുടരുകയായിരുന്നു. നിന്ദ്യമായ പ്രവൃത്തി ചെയ്താലും ഒടുവില്‍ നന്മയാണുണ്ടാകുന്നതെങ്കില്‍ തെറ്റല്ലോ. അങ്ങയുടെ സംബന്ധംകൊണ്ട് മുക്തനായ എന്നെ അങ്ങയുടെ മായമോഹിപ്പിക്കാതിരിക്കാന്‍ സഹായിക്കണം. രാജാ ദശരഥന്‍ പറഞ്ഞതനുസരിച്ചാണിപ്പോള്‍ വന്നത്. നാളെ പുലര്‍കാലത്ത് അങ്ങേയ്‌ക്കഭിഷേകമാണ്. വൈദേഹിയോടുകൂടി ഇന്ന് ഉപവാസമെടുത്ത് വെറും നിലത്തു ശയിക്കണം. പ്രഭാതത്തില്‍ മഹാരാജാവിന്റെ കൊട്ടാരത്തില്‍ എഴുന്നള്ളുകയും വേണം.”
(തുടരും)
















