ബീജിംങ്:ചൈനയില്‍ ജയിലില്‍ കഴിയുകയായിരുന്ന ടിബറ്റന്‍ ബുദ്ധമത സന്യാസി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട്. ടിബറ്റന്‍ സന്യാസിയായ ടെന്‍സിന്‍ ഡെലെക് റിന്‍പോചെ (65) രണ്ടാഴ്ചമുമ്പാണ് ചൈനയിലെ ജയിലില്‍ മരണമടഞ്ഞത്. ഇതിനെതുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധമത വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. കൂടാതെ ചൈനയിലെ ബുദ്ധമത വിശ്വാസികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും ഉയരുകയും ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം ഹൃദയാഘാതമെന്ന് കണ്ടെത്തിയത്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും റിംപോചെ ആശുപത്രിയില്‍ പോകാനോ, മരുന്നു കഴിക്കാനോ തയ്യാറായില്ലായെന്നും ഷിന്‍ഹ്വ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ബന്ധുക്കള്‍ എതിര്‍ത്തിട്ടും ടിബറ്റന്‍ ബുദ്ധമത വിശ്വാസങ്ങള്‍ക്കു വിരുദ്ധമായി മൃതദേഹം സംസ്‌കരിച്ചതായി റിന്‍പോച്ചെയുടെ സഹോദരി ആരോപിച്ചു. കൂടാതെ മരണകാരണം എന്തെന്ന് അധികൃതര്‍ അറിയിച്ചിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ജൂലെ 12നാണ് റിംപോച്ചെ മരിച്ചത്. ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്നവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിന് പൂര്‍ണ്ണ ആവകാശമുണ്ട്. എന്നാല്‍ സന്യാസി സ്വയം ഇത് നിരസിക്കുകയായിരുന്നെന്നും പിന്നീട് നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിക്കുറിനുശേഷം അദ്ദേഹം മരിക്കുകയായിരുനെന്നാണ് ഔദ്യോഗിക വിശദീകരണം.
















