ബാലകൃഷ്ണന്‍ അപ്പോള്‍ത്തന്നെ അച്ഛനു കത്തെഴുതി. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച സംഭവങ്ങളും കാരണങ്ങളും അതില്‍ വ്യക്തമാക്കിയിരുന്നു. മകന്റെ സന്ന്യാസം സ്വീകരിക്കുവാനുള്ള തീരുമാനം അച്ഛനെ നടുക്കിക്കളഞ്ഞു. ഈശ്വരവിശ്വാസത്തെ പരിഹസിച്ച് താന്തോന്നിയായി നടന്ന തന്റെ മകന്‍. എങ്ങനെയാണ് ഇത്രത്തോളം മാറിയത്.
ആദ്ധ്യാത്മിക നിഷ്ഠകളില്‍ അധിഷ്ഠിതമായ, തികഞ്ഞ ആത്മനിയന്ത്രണത്തോടുകൂടിയ സന്ന്യാസ ജീവിതം വരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നോ ? അദ്ദേഹത്തിനു വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നിട്ടും ശിവാനന്ദ സ്വാമിയുടെ പേരില്‍ അദ്ദേഹം മറുപടി എഴുതി. തന്റെ സമ്മതം അറിയിച്ചുകൊണ്ട്.
1949 ഫെബ്രുവരി 25, അന്ന് ശിവരാത്രിയായിരുന്നു. ആ പുണ്യദിനത്തില്‍ സ്വാമി ശിവാനന്ദയില്‍നിന്നും ബാലകൃഷ്ണമേനോന്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു. അതിനുള്ള വിശേഷാല്‍ ചടങ്ങുകള്‍ നടത്തി. സ്വയം ശുദ്ധീകരിക്കാനുള്ള സ്‌നാനം ചെയ്തു. തല മുണ്ഡനം ചെയ്തു. കാഷായവസ്ത്രം ധരിച്ചു. ശാരീരികവും ഭൗതികവുമായ എല്ലാ സുഖങ്ങളും ത്യജിച്ചു.
തപോനിഷ്ഠമായ, ആദ്ധ്യാത്മിക പഠനത്തിലും പ്രാര്‍ത്ഥനയിലും ജനസേവനത്തിലും മുഴുകികൊണ്ടുള്ള സന്ന്യാസജീവിതം നയിച്ചുകൊള്ളാമെന്ന പ്രതിജ്ഞ എടുത്തു. അങ്ങനെ ബാലകൃഷ്ണമേനോന്‍ എന്ന ആ യുവാവ് ചിന്മയാന്ദസരസ്വതി എന്ന സന്ന്യാസിയായിത്തീര്‍ന്നു.
അതില്‍ പിന്നീട് ഭക്തന്മാര്‍ നല്‍കിയ ഭക്ഷണമേ അദ്ദേഹം കഴിച്ചിട്ടുള്ളൂ. ഏതാനും കാഷായവസ്ത്രങ്ങളും ഭിക്ഷാപാത്രങ്ങളും പുസ്തകങ്ങളുമല്ലാതെ അദ്ദേഹത്തിന്റെ കൈവശം സ്വന്തമായി ഒന്നുമില്ലായിരുന്നു. കുടുംബമില്ല, പൗരത്വമില്ല, വോട്ടവകാശവുമില്ല. ഈശ്വരന്റെയും ഗുരുവിന്റെയും അനുഗ്രഹം, അവനവന്‍ നേടിയ അറിവ്. അതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
ബാലകൃഷ്ണമേനോന്‍ എന്നപേരിലുള്ള ഭൂതകാലം ഒരു സ്വപ്നംപോലെ മറന്നുപോയി. ആ ശിവരാത്രിദിവസം ഋഷികേശില്‍ ജന്മമെടുത്തു…… സ്വാമി ചിന്മയാനന്ദന്‍.
…. തുടരും
















