ശ്രീരാമനെ യുവരാജാവാക്കണമെന്ന് ദശരഥന്‍ നിശ്ചയിക്കുമ്പോള്‍ കേകയരാജാവിനു നല്‍കിയ വാഗ്ദാനം ഓര്‍മ്മ വന്നു. ഈ തീരുമാനം തന്റേതല്ലെന്നും പൗരമുഖ്യന്മാരുടെ ആവശ്യമാണെന്നും വരുത്താനായിരുന്നു ദശരഥന്റെ ശ്രമം. എല്ലാവരേയും ക്ഷണിച്ചുവരുത്തിയപ്പോള്‍ കേകയത്തില്‍ അറിയിക്കാത്തതിനു കാരണം ഇപ്പോള്‍ വ്യക്തമായല്ലോ.
വംശപാരമ്പര്യമനുസരിച്ച് മൂത്തപുത്രനാണ് രാജാവാകേണ്ടത്. കൈകേയിയുടെ പിതാവിനു വാക്കുകൊടുക്കുമ്പോള്‍ കൗസല്യ പ്രസവിച്ചിരുന്നില്ല. പിന്നീട് മൂന്നുഭാര്യമാരും പ്രസവിച്ചു. അവരില്‍ മൂത്തയാള്‍ രാമനാണ്. എന്തുകൊണ്ടും രാമനെ രാജാവാക്കുന്നതില്‍ ആരും എതിര്‍ക്കുകയില്ല എന്നായിരുന്നു മഹാരാജാവ് ചിന്തിച്ചത്. എങ്കിലും തല്‍ക്കാലം ഭരതനും അമ്മാവനും ഈ വിവരം അറിയാതിരിക്കുന്നതാണ് നല്ലത്. ഒരാളെമാത്രം വിളിക്കാതിരുന്നു എന്നു പരാതിയുണ്ടാകാതിരിക്കാന്‍ ജനകനെയും വിളിച്ചില്ലല്ലോ എന്നു സമാധാനവും പറയാം.
കുഴപ്പങ്ങളൊന്നും കൂടാതെ രാമാഭിഷേകം നടത്താമെന്ന് പാവം ദശരഥന്‍ മോഹിച്ചു. കൈകേകിയെന്ന മഹാബോംബ് പൊട്ടിത്തെറിക്കുമെന്ന് അപ്പോള്‍ പ്രതീക്ഷിച്ചതേയില്ല. കാരണം ഭാര്യമാരുടെ കൂട്ടത്തില്‍ കൂടുതല്‍ സൗന്ദര്യവും ചെറുപ്പവും കൈകേയിക്കായിരുന്നു.
ഒരിക്കല്‍ തന്റെ ജീവന്‍ രക്ഷിച്ചവള്‍ എന്ന പരിഗണയുമുണ്ട്. എപ്പോഴും കൈകേയിയുടെ സമീപത്താണ് ദശരഥനെ കാണുക. ഇതെല്ലാംകൊണ്ട് കൈകേയിയില്‍നിന്നും ഒരാപത്തുമുണ്ടാകില്ല എന്നായിരുന്നു അദ്ദേഹം വിചാരിച്ചത്.
… തുടരും
















