കനത്ത മഴയില്‍ വെള്ളാറ മലയിറങ്ങി ആളുകള്‍ കൂട്ടംകൂട്ടമായി വന്നുകൊണ്ടിരിക്കുന്നു. താമരക്കുളം ലക്ഷ്യമാക്കിയാണ് ഏവരും ഓടുന്നത് താമരക്കുളത്തിനടുത്ത് ഇതുവരെ മനുഷ്യരാരും അങ്ങനെയൊന്നും പോകാറില്ല. നിറച്ചും ചേറായ കളത്തിനടുത്ത് ആരു പോകാനാണ്. ഓണക്കാലമായാല്‍ താമരകള്‍ പറിയ്ക്കാന്‍ തോട്ടിയെടുത്ത് ചാത്തിയോടൊപ്പം കുട്ടികള്‍ ഇറങ്ങും. ഒരേക്കര്‍ വിസ്താരമേറിയ കുളം ജീവികളുടെ ആവാസ കേന്ദ്രമാണെന്ന് ഞങ്ങള്‍ കുട്ടികള്‍ക്കറിയാം.
ആ കുളത്തിനടുത്തേയ്ക്കാണ് എല്ലാവരും ഓടിയെടുക്കുന്നത്. ഈശ്വരാ… എന്തുപറ്റി? കുളത്തില്‍ ആരെങ്കിലും പൂഴ്ന്നുപോയോ? അതോ കുളത്തിനടുത്തുള്ള ഞാവല്‍മരം കടപുഴങ്ങിവീണോ? ഞാവല്‍ പഴങ്ങള്‍ തുരുതുരാ ഉണ്ടായത് ഇന്നലെയും ശ്രദ്ധിച്ചതാണ്. മരം തലകുമ്പിട്ട് ഭൂമിയെ വണങ്ങി നില്‍ക്കുകയായിരുന്നു.
ഞങ്ങള്‍ കുട്ടികള്‍ ഞാവല്‍ പഴം തിന്ന് നാവ് പുറത്തേയ്ക്കിട്ട് യക്ഷിയായി മാറഉം. ഇതുകാണുമ്പോള്‍ ജ്യോതിചേച്ചി പേടിച്ചോടും…
കുട്ടികളുടെ മാത്രം വിഹാരകേന്ദ്രമായ താമരക്കുളത്തിനടുത്തേയ്ക്കാണ് ജനലക്ഷങ്ങള്‍ ഓടിയടുക്കുന്നത്.
”അമ്മേ… ഞങ്ങള്‍ താമരക്കുളത്തിനടുത്തേയ്ക്ക് പോവാ…”അമ്മയോട് വിളിച്ചു പറഞ്ഞപ്പോള്‍ അച്ഛമ്മയുടെ കര്‍ക്കശസ്വരം കേട്ടു. ”കുട്ടികള്‍ താമരക്കുളത്തിനടുത്തൊന്നും പോകണ്ട. വലിയവര്‍ പോയിട്ടുണ്ട്. അവര്‍ക്കറിയാം… എന്താ ചെയ്യേണ്ടതെന്ന്…”
”ജ്യോതി… പ്രകാശാ… മുകളില്‍ പോയിരുന്നു പഠിക്ക്”- ഉണ്ണി ചെറിയമ്മയും മക്കളെ വിലക്കി.
ഇനി എന്തുചെയ്യും…? ഏട്ടനെ കൂട്ടിനുവിളിച്ച് പോയാലോ? ഏട്ടന് മേല്‍കീഴ് നോട്ടമില്ല. എന്തെങങ്കിലും വികൃതി ഒപ്പിക്കും. ഇന്നലെതന്നെ ആയുസ്സിന്റെ ബലംകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്. ട്രാക്ടറില്‍ ഞങ്ങള്‍ കുട്ടികളെയിരുത്തി പുലിയന്‍ കുന്നിലേക്ക് ട്രാക്ടര്‍ ഓടിച്ച് ആ വാഹനം നിര്‍ത്തുവാനുള്ള സംവിധാനം അറിയാതെ പൊട്ടക്കിണറ്റിന്റെ അരമതിലില്‍ കൊണ്ടിടിച്ചുനിര്‍ത്തിയാണ്… ജീവന് തിരിച്ചുകിട്ടിയപ്പോള്‍ ഒരു നല്ല ഡ്രൈവറുടെ കരവിരുതിന്റെ മഹിമ വാതോരാതെ വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ കയ്യില്‍നിന്ന് ബെല്‍റ്റുകൊണ്ടുള്ള അടി വാങ്ങിയത്. ഒരക്ഷരം മറുത്തുപറയാതെ പാവം മുഴുവന്‍ നിന്നുകൊണ്ടു….
ഇനി ഏട്ടനെവെച്ചുള്ള പരിശ്രമം തല്ക്കാലം ഉപേക്ഷിക്കുകയാണ് നല്ലത്. കരച്ചില് പ്രിയയായ അനിയത്തിക്കുട്ടിയെ ഒപ്പം കൂട്ടി താമരക്കുളത്തിനടുത്തെത്തി…
കുളത്തിനടുത്തേയ്ക്ക് ഒന്ന് എത്തിപ്പെടാന്‍ പോലും കഴിയുന്നില്ല. വെള്ളാറ കോളനിയിലുള്ള പ്രഭുക്കന്മാരുടം ഹരിജനങ്ങളും ഒരു വൃത്താകൃതിയില്‍ കുളത്തിനു ചുറ്റും ആകാംക്ഷയോടുകൂടി നില്ക്കുന്നു…
അച്ഛന് തലക്കെട്ടു കെട്ടി മുന്നില്‍ തന്നെയുണ്ട്. വല്യച്ഛന് ഹരിജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. തമ്പ്രാന് പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരും ഓരോ കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നു…
വലിയ കമ്പക്കയര്‍, കത്തി, മടവാള്, കമ്പിപ്പാര, കൈക്കോട്ട് തുടങ്ങിയ ആയുധങ്ങളുമായി ചുക്കനും ചാത്തിയും ചെല്ലനും… എല്ലാരുമുണ്ട്…
ദൈവമേ… ഇവര്‍ എല്ലാവരും കൂടി എന്തിനുള്ള ശ്രമമാണ്. കുളം നികത്താന്‍ പോവുകയാണോ? ആ കുളത്തിനെക്കൊണ്ട് മനുഷ്യര്‍ക്ക് ഒരുപകാരവുമില്ലെന്ന് ഇന്നലെയും വീട്ടില്‍ ചര്‍ച്ച നടക്കുന്നത് കേട്ടിരുന്നു… ആളുകള്‍ കന്നുകാലികളെ കഴുകി കുളം വൃത്തികേടാക്കുന്നത്രെ…
”അല്ലെങ്കിലും ജനങ്ങള്‍ കുളിക്കാനിറങ്ങാത്ത ആ കുളത്തില്‍ കന്നുകാലികളെ കുളിപ്പിച്ചാലെന്താണ്…? അവയ്ക്കും കുളിയ്ക്കേണ്ടേ…” ആരോടും ചോദിച്ചില്ല. ഉത്തരം കിട്ടില്ലെന്നറിയാം.
വലിയ തോട്ടികൊണ്ട് വെള്ളത്തിലടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ചെറുവാല്യക്കാര്. കൂമ്പി നില്ക്കുന്ന താമരമൊട്ടുകള്‍ തല്ലിതകര്‍ക്കുകയാണെന്നവര്‍ എന്നുതോന്നി…
വെള്ളത്തില്‍ വിടര്ന്നുനില്ക്കുന്ന താമരകള്‍ ഈ ഓണക്കാലത്ത് ആവശ്യമുള്ളവയാണ്. കര്‍ക്കിടകം കഴിഞ്ഞാല്‍ ചിങ്ങമാണെന്ന് ഈ മനുഷ്യര്‍ക്ക് വല്ല ഓര്മയുമുണ്ടോ? ഓണത്തിന് കുട്ടികള്‍ക്ക് പൂക്കളമൊരുക്കാന് താമരകള്‍ വേണ്ടെ? അവര്‍ക്ക് അതൊന്നും വലിയ കാര്യമല്ലല്ലോ?
മലയാളം പഠിപ്പിക്കുന്ന ഉണ്ണികൃഷ്ണന് മാഷ് ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ഏറ്റതാണ്… ഈ ഓണത്തിന് താമരകള്‍ കൊണ്ടുവരാമെന്ന്… മാഷിനോടുള്ള വാക്ക് പാലിക്കാന്‍ കഴിയാതെ വരുമോ…?
”താമരയുടെ പര്യായം നീരജ പറയൂ…” അംബുജം, പങ്കജം, ജലജം… കാണാപാഠം പഠിച്ചത് ഉരുവിട്ടു.
”ആ പദങ്ങളുടെ അര്‍ത്ഥം കണ്ടെത്തിയിട്ടുണ്ടോ?” മാഷ് വീണ്ടും ചോദിച്ചു. ഓര്‍ത്തു…
അംബു എന്നാല്‍ ജലം… ”ജലത്തില്‍ നിന്ന് ജനിക്കുന്നത്.”
”അപ്പോള്‍ പങ്കജമോ?” ഉത്തരമറിയാതെ ഉഴറി.
”പങ്കത്തില്‍നിന്ന് ജനിക്കുന്നത്…” രമ പറഞ്ഞതോര്‍ക്കുന്നു.
”പങ്കം എന്നാല്‍ എന്താ മാഷെ?” ഹുസൈന് ചോദിച്ചു.
”ചെളി… ചെളിയില്‍നിന്നും ജനിക്കുന്നത് പങ്കജം.”
ഈശ്വരാ… ഈ മനോഹരമായ താമരകള്‍ രുഹം ചെയ്യുന്നത് ചെളിയില്‍ നിന്നോ….?
ഈ വല്യച്ഛനും അച്ഛനും എന്താ ഈ താമരകളെക്കുറിച്ച് ചിന്തിക്കാത്തത്…?
തോട്ടികൊണ്ട് കുളം കടഞ്ഞ് കുളമാകെ കുഴമ്പു പരുവം. ചെളിയും വെള്ളവും വേര്‍തിരിക്കുവാന്‍ കഴിയുന്നില്ല.
എന്തൊരു മനുഷ്യരാണിവര്‍…? ആ കുളത്തിലുള്ള മത്സ്യങ്ങളുടെയും തവളകളുടെയും മറ്റു ജീവികളുടെയും നിലനില്‍പ്പിന് ഹാനി സംഭവിക്കുകയില്ലേ…? ആ കുളത്തെ ചുറ്റിപ്പറ്റി എന്തെല്ലാം ജീവജാലങ്ങള്‍ അധിവസിക്കുന്നു…കുളം നികത്താന്‍ തന്നെയാണ് ഇവരുടെ പുറപ്പാട്.
ചാത്തി ഉച്ചത്തില്‍ അലറുന്ന ശബ്ദം കേട്ടു. ”തമ്പ്രാനെ… കിട്ടിപ്പോയി… അത് രാജവെമ്പാലയാ… സംശ്യല്ല്യ… അത് ഇര വിഴുങ്ങിരിക്യാ… അനങ്ങാന്‍ പറ്റാതെ കിടക്കണ കണ്ടില്ല്യേ…?”
നോക്കുമ്പോള്‍ വലിയ ഭീമാകാരമായ ശരീരത്തോടുകൂടിയ ഒരു കൂറ്റന്‍ സര്‍പ്പം. ചെളിയില്‍ കുളിച്ച് പതുക്കെ ഇഴയുന്നു. ആളുകള്‍ ചുറ്റുംകൂടി കമ്പക്കയര്‍ ഉപയോഗിച്ച് അതിന്റെ ശരീരമാസകലം വരിഞ്ഞുകെട്ടി.
”അയ്യോ! അതിനെ ഒന്നും ചെയ്യല്ലേ… ഈ കുളം കാക്കുന്ന സര്‍പ്പമാ അത്…” ഉറക്കെ വിളിച്ചു പറഞ്ഞു.
”ഓരോ അന്ധവിശ്വാസങ്ങള്‍… നിനക്ക് നല്ല അടിവെച്ചുതരും…” വല്ല്യമ്മ താക്കീതു നല്കി…
ആളുകള്‍ ആ രാജവെമ്പാലയെ ജീവനോടെ ഒരു തെങ്ങില്‍ കെട്ടിത്തൂക്കി. മൃഗസംരക്ഷണ വകുപ്പിനെ വിളിച്ച് വല്ല്യച്ഛന് എന്തൊക്കെയോ പറഞ്ഞു.
പക്ഷേ… ആ ദിവസം ആ മിണ്ടാപ്രാണിയെ കൊണ്ടുപോകാന്‍ ഒരു മൃഗസംരക്ഷണം ഉദ്ഘോഷിക്കുന്ന അധികൃതരും വന്നെത്തിയില്ല. പിറ്റേന്ന് രാവിലെ സ്കൂളില്‍ പോകാന്‍ ഒരുങ്ങിവന്നപ്പോള്‍ കണ്ടത് ഏവരും ചേര്‍ന്ന് കെട്ടുകളില്‍നിന്ന് മുക്തനാക്കിയ കുളത്തിന്റെ സംരക്ഷകനെയാണ്. ആ ഭൂമി പുത്രന് നിശ്ചലനാണ്. ചുറ്റുമിരിക്കുന്ന പ്രഭുക്കന്മാരും അടിയാളരും ആ രക്ഷകന്റെ ഭൗതികശരീരം ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്.
ചെളിനിറഞ്ഞ അമ്പലക്കുളത്തിന്റെ അങ്ങേത്തലയ്ക്കിലേക്ക് വെറുതെ കണ്ണോടിച്ചു… തങ്ങളുടെ സംരക്ഷകന്‍ ഇല്ലാത്ത കുളം പിന്നീട് കുളത്തിന്റെതായ യാതൊരു ധര്‍മവും നിറവേറ്റിയില്ല. അതില്‍ കുട്ടികള്‍ക്കുവേണ്ടി താമരകള്‍ വിടര്‍ന്നില്ല. കുളം നികന്ന് നികന്ന് പറമ്പായി മാറി…
ഗ്രാമത്തിലെല്ലാം ഒരു ശ്രുതി പരന്നു… ആ സര്‍പ്പം മൂത്ത തമ്പ്രാന്റെ ആത്മാവാണത്രേ… അതിനെ ആ കുളക്കരയില്‍ ജീവിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണത്രെ ആ കുളം അപ്രത്യക്ഷമായത്…
മനസ്സ് മന്ത്രിച്ചു…”മൂത്ത തമ്പ്രാന്റെ ആത്മാവുമല്ല… പ്രേതവുമല്ല… മനുഷ്യന്റെ ദുഷ്ചെയ്തികളുടെ ഫലം…”
അര്ജുനന് പറഞ്ഞു:-
”മനുഷ്യന് ആഗ്രഹിക്കാതിരുന്നാലും ആരുടെയോ ശക്തമായ നിര്‍ബന്ധത്തിന് വിധേയനായതുപോലെ ദുഷ്പ്രവൃത്തികള്‍ ചെയ്തുപോകാന്‍ എന്താണ് കാരണം…?
ഭഗവാന് ശ്രീകൃഷ്ണന് പറഞ്ഞു:
‘രജോഗുണത്തില്‍ നിന്നുണ്ടാകുന്നതും എത്ര അനുഭവിച്ചാലും ആര്‍ത്തിതീരാത്തതും മനുഷ്യനെ പാപഗര്‍ത്തങ്ങളിലേക്ക് വലിച്ചിഴക്കുന്നതുമായ ദുരാഗ്രഹവും അതിന്‍ഫലമായ ക്രോധവുമാണ് അതിനു കാരണം.
-ഭഗവദ് ഗീത
”അല്ലയോ ഭൂമി പുത്രാ… മനുഷ്യന്റെ മേല്‍ മറ്റുജീവികള്‍ ആധിപത്യം സ്ഥാപിക്കുന്ന യുഗത്തില്‍ താങ്കളുടെ വംശത്തിനും ഈ ഭൂമുഖത്ത് നിര്‍ഭയം സഞ്ചരിക്കാം…
താങ്കളുടെ വംശത്തിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു…”അവിടെ വിടര്‍ന്ന താമരകള്‍ എന്നെ നോക്കി ചിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: