ബീജിങ്: നിരോധിത ഭീകരസംഘടനയുടെ വിഡിയോ കണ്ടതിന് ഭാരതീയനടക്കം 20 വിദേശ വിനോദ സഞ്ചാരികള്‍ ചൈനയില്‍ അറസ്റ്റിലായി. ഇതില്‍ അഞ്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളേയും മൂന്ന് ബ്രിട്ടന്‍ സ്വദേശികളേയും ഒരു ഭാരതീയനെയും ഒഴികെ പിടിയിലായ മറ്റ് 11 ടൂറിസ്റ്റുകളെ വിട്ടയക്കാന്‍ ചൈന തയ്യാറായെന്നും, മറ്റുള്ളവര്‍ ഇന്നര്‍ മംഗോളിയയിലുള്ള തടങ്കലില്‍ തുടരുമെന്നും ഗിഫ്റ്റ് ഒഫ് ഗിവേഴ്സ് ഫൗണ്ടേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയില്‍ 47 ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ സംഘത്തെയാണ് ഇര്‍ദോസിലെ ഇന്നര്‍ മംഗോളിയന്‍ സിറ്റിയിലുള്ള വിമാനത്താവളത്തില്‍ തടഞ്ഞത്. അറസ്റ്റിലായവരില്‍ ചിലര്‍ അവരുടെ ഹോട്ടല്‍ മുറിയിലിരുന്ന് നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ ആശയം പ്രചരിപ്പിക്കാനുള്ള വീഡിയോ കണ്ടതായി ചൈനീസ് അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്ന് ഗിഫ്റ്റ് ഒഫ് ഗിവേഴ്സ് ഫൗണ്ടേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പിടിയിലായവര്‍ക്ക് ഭീകരവാദ ബന്ധമൊന്നും ഇല്ലെന്നും ഇവര്‍ക്കെതിരെ സ്വദേശങ്ങളില്‍ കേസുകളൊന്നും നിലവിലില്ലെന്നും സന്നദ്ധ സംഘടന പറഞ്ഞു. അതേസമയം, ഭാരതീയന്‍ ഉള്‍പ്പെട്ടതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ചിരുന്നുവെന്നും അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ബ്രിട്ടന്റെ വിദേശകാര്യ വക്താവ് പറഞ്ഞു.
















