കൊച്ചി: കേരളത്തില്‍ നാളികേര ഉത്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ കയര്‍ മേഖലയില്‍ നേട്ടം കൊയ്യാനാകൂയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നാളികേര ഉത്പാദനത്തില്‍ കേരളം നാള്‍ക്കുനാള്‍ പിന്നാക്കം പോവുകയാണ്. നാളികേര കൃഷി പ്രോത്സാഹിപ്പിക്കുകയും പ്ലാന്റേഷന് ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും വേണം. പുതിയ സംരംഭകരെ കണ്ടെത്തുമ്പോള്‍ കയര്‍ മേഖലയുടെ അടിസ്ഥാനമായ നാളികേര ഉത്പാദനത്തില്‍ വര്‍ധനവുണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയൂ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഗിരിരാജ് സിംങ് പറഞ്ഞു. കൊച്ചിയില്‍ കയര്‍ ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയര്‍ ബോര്‍ഡിന് 1,600 കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഇത്തവണ 2,000 കോടി രൂപയുടെ വിറ്റുവരവാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. കയര്‍ ബോര്‍ഡിന്റെ ഷോറൂമുകള്‍ രാജ്യത്ത് പരിമിതമായതിനാല്‍ വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ രാജ്യത്താകമാനം 1,000 ഔട്ട്ലെറ്റുകള് തുറക്കും. ഫ്രാഞ്ചൈസി മാതൃകയിലാകും ഇവ പ്രവര്‍ത്തിക്കുക. കയര്‍ ഉത്പന്നങ്ങളുടെ പ്രചാരണത്തിന് വിദേശത്ത് 16 എക്സ്പോകളും രാജ്യത്തിനകത്ത് 175 എക്സ്പോകളും സംഘടിപ്പിക്കും. നൂറു ശതമാനം സബ്സിഡിയോടെയാകുമിത്. രണ്ടായിരത്തോളം തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ മാത്രം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
40 ശതമാനം സബ്സിഡിയും 25 ശതമാനം പ്രവര്‍ത്തന മൂലധനവുമായി പത്ത് ലക്ഷം രൂപയുടെ കയര്‍ ഉദ്യമി യോജന, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് മുന്‍തൂക്കം നല്കി 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന കൗശല്‍ വികാസ് യോജന എന്നീ പദ്ധതികള്‍ കയര്‍ മേഖലയില്‍ ആരംഭിച്ചു. മൂന്നു ക്ലസ്റ്ററുകള്‍ ആരംഭിച്ചു. നാല് ക്ലസ്റ്ററുകള്‍ ഉടന്‍ ആരംഭിക്കും. ചകിരി ചോറില്‍ നിന്നു നിര്‍മിച്ച ഫാള്‍സ് സീലിങ് ടൈലുകള്‍ മന്ത്രി വിപണിയിലിറക്കി. കയര്‍ ബോര്‍ഡ് ചെയര്മാന് എസ്.എന്‍. ത്രിപാഠി സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: