കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പദത്തിലിരുന്നുകൊണ്ട് സമുദായത്തെ അപമാനിക്കുന്ന ജി. സുകുമാരന്‍നായര്‍ക്കെതിരെ പ്രതിഷേധവുമായി കൂടുതല്‍ കരയോഗങ്ങള്‍. പടിഞ്ഞാറെ കൊല്ലം 2846-ാം നമ്പര്‍ ഭഗവതിവിലാസം കരയോഗം സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം പാസാക്കി.
ജീവകാരുണ്യ പ്രവര്‍ത്തകനും ദേശീയ പുരസ്കാരം നേടിയ ചലചിത്രതാരവുമായ സുരേഷ് ഗോപിയെ ഇറക്കിവിട്ട നടപടി വേദനാജനകമാണെന്ന് കൊക്കാട് ശ്രീനിലയത്തില്‍ ശ്രീനാഥ് അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. നായര്‍ സമുദായത്തിന്റെ ദുരന്തമായി മാറിയ ജനറല്‍ സെക്രട്ടറി സുരേഷ് ഗോപിയോട് കാട്ടിയ നീചമായ പ്രവര്‍ത്തി മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു
രാഷ്ട്രീയ സംഘടനകളുടെയും സമുദായ, മത സംഘടനകളുടെയുമെല്ലാം തെറിപറച്ചിലിനും അവരുടെ എന്‍എസ്എസ് ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനും കല്ലേറിനുമെല്ലാം പെരുന്ന സാക്ഷ്യം വഹിച്ചിട്ടുള്ളത് സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി ആയതിനുശേഷമാണ്. വി.എം. സുധീരന്, വി.എസ്. അച്യുതാനന്ദന് എന്നിവരെയെല്ലാം ആക്ഷേപിച്ചതുവഴി അവരുടെ സംഘടനകളുടെ പ്രതിഷേധത്തിനും വിവിധ കരയോഗമന്ദിരങ്ങള്‍ തകര്ക്കലിനുമെല്ലാം സുകുമാരന്‍ നായര്‍ കാരണം ഉണ്ടാക്കിയെന്നും പ്രമേയം കുറ്റപെടുത്തുന്നു.
എംപിയും മന്ത്രിയുമൊക്കെ ഉണ്ടായിരുന്ന എന്‍എസ്എസിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ കഴുത്തുഞെരിച്ചു കൊന്നിട്ട് കോണിക്കും മാണിക്കും ചൂട്ടുപിടിക്കുന്ന എന്‍എസ്എസ് നേതാക്കളുടെ നീചപ്രവര്‍ത്തിക്ക് സമുദായ അംഗങ്ങള്‍ മാപ്പു നല്‍കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്‍പ്പിച്ചാലും രാജ്യസഭ വഴി എംപിയും കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയു മൊക്കെയാകുവാന് കഴിയുന്ന രാജ്യസഭാസമ്പ്രദായം നിലനില്ക്കുന്നതുകൊണ്ടു മാത്രമാണ് സമുദായത്തിന്റെ അടിത്തട്ടുമായി ബന്ധമില്ലാത്തവര്‍ എന്‍എസ്എസിന്റെ കേന്ദ്രനേതൃത്വത്തിലെത്തുന്നത്. ചങ്കൂറ്റമുണ്ടെങ്കില്‍ നിയമസഭയിലെയും ലോകസഭയിലെയുംപോലുള്ള തെരഞ്ഞെടുപ്പ് രീതി എന്‍എസ്എസ് സ്വീകരിക്കണമെന്നും പ്രമേയം അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: