ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ ചേര്‍ത്തല പള്ളിപ്പുറത്ത് പ്രഖ്യാപിച്ച സീ ഫുഡ് പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. പദ്ധതി പ്രഖ്യാപിച്ച് മൂന്നു മാസത്തിനുള്ളില്‍ത്തന്നെ നടപടിക്രമങ്ങള്‍ ആരംഭിച്ചത് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനവേഗത വ്യക്തമാക്കുന്നു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം പൂര്‍ത്തിയാക്കി നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഭൂമിസര്‍വ്വേ തുടങ്ങി. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്കുന്ന മുറയ്ക്ക് തന്നെ നിര്‍മ്മാണം തുടങ്ങാനാകുമെന്നാണ് സംസ്ഥാന വ്യവസായവികസന കോര്പ്പറേഷന് (കെഎസ്ഐഡിസി) പ്രതീക്ഷിക്കുന്നത്. ഐഎന്എല്ടിഎസ് കണ്‍സള്‍ട്ടന്‍സിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
പള്ളിപ്പുറത്തെ 65 ഏക്കറിലാണ് ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. 125 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാര്ക്കിന് കേന്ദ്രസര്‍ക്കാര്‍ 50 കോടി രൂപയാണ് നല്‍കുക. ഭൂമിസര്‍വേ, വെള്ളം, വൈദ്യുതി, വാര്‍ത്താവിനിമയം, ഗതാഗതം എന്നിവ സംബന്ധിച്ച് പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് നിര്‍മ്മാണ രൂപരേഖ തയ്യാറാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് പ്രോസസിങ് ഇന്‍ഡസ്ട്രീസ് വിഭാഗം കഴിഞ്ഞ മാര്‍ച്ച് 24ന് പ്രഖ്യാപിച്ച നാല്പത് ഫുഡ് പാര്ക്കിലൊന്നാണ് പള്ളിപ്പുറത്തേത്. ഇവിടുത്തെ പാര്‍ക്കില്‍ 50 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന സൗകര്യം ഒരുക്കും.
കെട്ടിടങ്ങള്‍ക്കു പുറമേ ശീതീകരണത്തിനും ശുചീകരണത്തിനുമുള്ള പൊതുസംവിധാനങ്ങളും പാര്‍ക്കില്‍ ഉണ്ടാവും. പാര്‍ക്കില്‍ ഓരോ സംരംഭകര്‍ക്കും ഒരേക്കര്‍ ഭൂവിസ്തൃതിയില്‍ സൗകര്യം ലഭിക്കും, ഈ സൗകര്യം 30 വര്‍ഷത്തേക്കുവരെ പാട്ടത്തിന് നല്‍കുകയും ചെയ്യും. മത്സ്യസംസ്കരണം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവ ലക്ഷ്യമാക്കിയാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് മത്സ്യസംസ്കരണത്തിനും ഉത്പന്ന നിര്‍മ്മാണത്തിനുമുള്ള ഫാക്ടറികള്‍ വിവിധ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സംരഭകരെ ആധുനികസംവിധാനങ്ങളും ശുചീകരണമാതൃകകളും സൃഷ്ടിച്ച് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം.
ഒരേ സ്ഥലത്ത് തന്നെ സംസ്ക്കരണവും ഉത്പന്ന നിര്‍മ്മാണവും നടക്കുന്നത് ഈ വ്യവസായത്തിന് ഏറെ ഗുണകരമായിരിക്കും. കൊച്ചിയുമായി ഏറ്റവും അടുത്ത പ്രദേശങ്ങളിലൊന്നെന്ന് പ്രത്യേകതയും പള്ളിപ്പുറത്തിനുണ്ട്. സമുദ്രോത്പന്ന കയറ്റുമതി മേഖലയുടെ കുതിച്ചുചാട്ടത്തിന് സീഫുഡ് പാര്‍ക്ക് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: