ചങ്ങനാശേരി: ഗവണ് മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വന്‍ മോഷണം. 32ഇഞ്ച് എല്‍സിഡി ടിവിയും മള്‍ട്ടി ഫങ്ഷണല്‍ പ്രിന്റര്‍ ഉള്‍പ്പെടെ 85,000 രൂപ വിലവരുന്ന കമ്പ്യൂട്ടര്‍ സാമഗ്രികളാണ് മോഷണം പോയത്. വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ ലാബിലാണ് മോഷണം നടന്നത്. ശനിയാഴ്ച പിഎസ്സി പരീക്ഷ സ്കൂളില്‍ നടത്തിയിരുന്നു. ശനിയാഴ്ച വൈകിട്ടോ ഞായറാഴ്ചയോ ആണ് മോഷണം നടന്നതെന്ന് കരുതുന്നു. കോട്ടയത്തു നിന്നുംചങ്ങനാശേരിയില് നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ദ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.
രണ്ടാഴ്ച മുമ്പ് അഞ്ച് എല്‍സിഡി മോനിട്ടറും മൂന്നു സിപിയുകളും മോഷണം പോയിരുന്നു. അന്ന് സ്റ്റാഫ് റൂമിലുള്ള കമ്പ്യൂട്ടര്‍ മോനിട്ടറും മോഷണം പോയിരുന്നു. അതിനുശേഷം പ്രധാന മുറികളുടെയും കമ്പ്യൂട്ടര്‍ ലാബിന്റെയും വാതിലുകള്‍ ബലപ്പെടുത്തി സുരക്ഷിതമാക്കിയിരുന്നു. ഇതു മനസിലാക്കി മേല്‍ക്കൂരയുടെ ഓടും സീലിങും പൊളിച്ചാണ് കള്ളന്മാര് അകത്തു കടന്നത്. പ്രധാനാദ്ധ്യാപിക ഷീജയും കമ്പ്യൂട്ടര്‍ അദ്ധ്യാപകന് സിബി തോമസും രാവിലെ സ്കൂളില്‍ എത്തിയപ്പോള്‍ കമ്പ്യൂട്ടര്‍ ലാബിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. ഇതു കണ്ട് അകത്തു കയറി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആദ്യ ദിവസം 55,000 രൂപയുടെ മോനിട്ടറുകളാണ് മോഷണം പോയത്. കഴിഞ്ഞ ജൂണ്‍ 16നാണ് മോഷണം നടന്നത്. സര്‍ക്കാരിന്റെ ഐടി അറ്റ് സ്കൂള്‍ പദ്ധതിയില്‍ 2010ല്‍ സ്കൂളിനു ലഭിച്ചതാണ് കമ്പ്യൂട്ടറുകള്‍. ഇതു നഷ്പ്പെട്ടത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. മഴക്കാലമായത് മോഷ്ടാക്കള്‍ക്ക് സൗകര്യപ്രദമായിരിക്കാമെന്നും പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: