പത്തനാപുരം: പരിഷ്ക്കരണങ്ങള്‍ ഫലം കണ്ടില്ല, മഴ പെയ്താല്‍ നഗരം മാലിന്യത്താല്‍ നിറയും. മാസങ്ങള്‍ക്ക് മുന്‍പാണ് ലക്ഷങ്ങള്‍ മുടക്കി ഓടകള്‍ നവീകരിച്ചത്. എന്നാല്‍ ഓടയിലടിയുന്ന മാലിന്യങ്ങള്‍ മഴ പെയ്യുന്നതോടെ റോഡിലേക്ക് ഒഴുകിയിറങ്ങുകയാണ്. ഇതോടെ നഗരത്തിലൂടെയുള്ള കാല്‍നട പോലും ദുസഹമാകും.
കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനാല്‍ തകര്‍ന്ന ഓടകള്‍ പുതുക്കി നിര്‍മ്മിക്കുകയായിരുന്നു. പൊതുനിരത്തുകളുടെ വശങ്ങളില് മാത്രമാണ് നവീകരണം നടന്നത്. കൂടുതല്‍ മലിനജലം ഒഴുകുന്ന മാര്‍ക്കറ്റിനുള്ളില്‍ യാതൊരുപ്രവര്‍ത്തനങ്ങളും നടന്നില്ല. തുടര്‍ന്ന് വീണ്ടും മാലിന്യങ്ങള്‍ നിറഞ്ഞ് ഓടകള്‍ അടഞ്ഞതോടെ ചെറിയ മഴയില്‍ പോലും ഓടകളില്‍ നിന്നും മലിനജലം പുറത്തേക്കൊഴുകുന്ന അവസ്ഥയാണ്.
മാലിന്യങ്ങളും മലിനജലവും റോഡിലേക്ക് എത്തുന്നതോടെ അസഹനീയമായ ദുര്‍ഗന്ധവും വമിക്കും. ഇത് വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പത്തനാപുരം മാര്‍ക്കറ്റിനുള്ളിലെ മാലിന്യനീക്കം തടസ്സപ്പെട്ടതോടെ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ ഓടയിലേക്കും ഒഴുകിയിറങ്ങുകയും ചെയ്യും. മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങളും മലിനജലവും മഴയത്ത് പ്രധാന പാതയിലേക്ക് തന്നെയാണ് ഒഴുകിയെത്തുന്നത്.
ഹോട്ടലുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും രാത്രികാലങ്ങളില്‍ ഓടയില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. മഴക്കാലത്തിന് മുന്‍പ് ഓടകള്‍ ശുചീകരിക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ അധികൃതര്‍ അതിനും തയ്യാറായില്ല. അടൂര്‍, കായംകുളം, പത്തനംതിട്ട, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നായി ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്. ശബരിപാത യാഥാര്‍ത്ഥ്യമായതോടെ എംസി റോഡില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ കെപി റോഡിലേക്ക് എത്തുന്നുണ്ട്. മാലിന്യങ്ങള്‍ ഒഴുകി പാതയിലെത്തുന്നതോടെ സമീപത്തെ ടൗണ്‍ പള്ളിയിലേക്ക് പോലും പ്രവേശിക്കാന്‍ കഴിയാറില്ല. നിരവധി തവണ വ്യാപാരികളും പൊതുജനവും പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: