കോതമംഗലം: ആനവേട്ടക്കേസ് അട്ടിമറിച്ചുവെന്നാരോപണത്തെതുടര്ന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത നടപടി ചില ഉന്നതോദ്യോഗസ്ഥരുടെ മുഖം രക്ഷിക്കാനെന്ന് ആരോപണം. ഇത് പുതി യ വിവാദത്തിലേയ്ക്ക് വഴിതുറന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ആനവേട്ടനടന്നുവെന്ന് പറയപ്പെടുന്ന മലയാറ്റൂര്‍ ഡിവിഷനില്‍ വിവിധ റേഞ്ചുകളുടെകീഴില് ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടന്ന സംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് അധികൃതരുടെ മുഖം രക്ഷിക്കാന്‍ നടപടിയെടുക്കുകയായിരുന്നുവെന്ന് കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന് ആരോപിക്കുന്നു.
വനം വകുപ്പിന്റെ ഐബികളിലിരുന്ന് അന്വേഷണപ്രഹസനം നടത്തി വിജിലന്‍സ് മേധാവി നടത്തിയ റിപ്പോര്‍ട്ടും പ്രഹസനമാണെന്നും അസോസിയേഷന് കുറ്റപ്പെടുത്തി. 410 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലയാറ്റൂര്‍ ഡിവിഷനിലെ ഭൂരിഭാഗം പ്രദേശങ്ങളും റിസര്‍വ് വനങ്ങളും അറിയപ്പെടുന്ന മഴക്കാടുകളുമാണ്. കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും വിഹാരകേന്ദ്രമായ മലയാറ്റൂര്‍ ഡിവിഷന് വാഴച്ചാല്‍, മൂന്നാര്‍ ഡിവിഷനുകളിലേയ്ക്കും തമിഴ്നാടിന്റെ കീഴിലുള്ള മലക്കപ്പാറ ഭാഗങ്ങളിലേയ്ക്കും വ്യാപിച്ച് കിടക്കുന്നു.
ആവശ്യത്തിന് ജീവനക്കാരോ, വനപ്രദേശങ്ങളില്‍ ക്യാമ്പ്ചെയ്യുന്നതിനാവശ്യമായ കെട്ടിടങ്ങളോ ആവശ്യത്തിന് വാഹനസൗകര്യങ്ങളോയില്ല. മലയാറ്റൂര്‍ ഡിവിഷനിലെ സംരക്ഷണവിഭാഗം ജീവനക്കാരെക്കാള്കൂടുതല് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ആഡംബര സൗകര്യങ്ങളോടെ ജോലിചെയ്യുകയാണ്.
വനപ്രദേശങ്ങളില്നടക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയോ സംയുക്ത പരിശോധന നടത്തുകയോചെയ്യാതെ ഈഉദ്യോഗസ്ഥര് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജോലിചെയ്യാന്‍ വിധിക്കപ്പെട്ട കീഴ്ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടിയ്ക്ക് വിധേയരാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അസ്സോസിയേഷന് ജില്ല കമ്മറ്റി പ്രസിഡന്റ് സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: