പറവൂര്‍: മുസിരിസ് പൈതൃകം നേരിട്ടറിയാന്‍ ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രൊഫ. സുദര്ശന് സേനവിരത്നെ മുസിരിസ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചേന്ദമംഗലം പാലിയം കോവിലകം, പറവൂര്‍ സിനഗോഗ്, ചേരമാന്‍ ജുമാ മസ്ജിദ്, പട്ടണം ഉദ്ഖനന കേന്ദ്രം എന്നിവയാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
ഡച്ച് ആര്‍ക്കിടെക്ചറിന്റെ ചേരുവകളും കേരളത്തിന്റെ കൊത്തുപണികളും ഇഴചേര്‍ന്ന പാലിയം കൊട്ടാരം കേരളത്തിലെ മികച്ച ചരിത്ര സ്മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലിയത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങള്‍ അദ്ദേഹം വീക്ഷിച്ചു. പാലിയം നാലുകെട്ടിലെ പഴയകാല കുടുംബ വ്യവസ്ഥകളെക്കുറിച്ച് അദ്ദേഹം ചോദിച്ചു മനസിലാക്കി. പുരാവസ്തു ഗവേഷകന് കൂടിയായ അദ്ദേഹം മുസിരിസ് പൈതൃക നഗരിയായ പട്ടണം ഉദ്ഖനന കേന്ദ്രവും സന്ദര്‍ശിച്ചു.
പ്രധാനമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയാണ് പുരാവസ്തു ഗവേഷണത്തിന് അത്യന്താപേക്ഷിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതൊരു പര്യവേക്ഷണവും നടത്തുന്നതിന് കാലാനുസൃതമായ ആവശ്യങ്ങള്‍ ഉണ്ടാകണം. ഓരോ പര്യവേക്ഷണവും ഭൂതകാലത്തിന്റെ ചൂണ്ടുപലകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ചരിത്രകാരിയായ റൂമില ഥാപ്പറുടെ ശിഷ്യനാണ് അദ്ദേഹം.
കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫ. പി.ജെ. ചെറിയാന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്ഖനന രീതിയെക്കുറിച്ചും വിശദീകരിച്ചു. ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ച ശേഷം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.
ശ്രീലങ്കന്‍ കോണ്‍സുലേറ്റ് ഓഫ് കേരള ജോമോന് ജോസഫ്, റിസര്‍ച്ച് ഓഫീസര്‍ ഡോ. പ്രീത നായര്‍, റിസര്‍ച്ച് അസോസിയേറ്റ് ഡോ. ദീപക്, പ്രൊജക്ട് ഓഫീസര്‍ ഷൈന്‍ ടോം, അഡ്മിനിസ്ട്രേറ്റര്‍ സുനന്ദ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: