കൊച്ചി: വന്‍ ഹിറ്റായ പ്രേമം എന്ന സിനിമയുടെ വ്യാജ കോപ്പികള്‍ വന്‍തോതില്‍ മാര്ക്കറ്റിലെത്തിയതിനെച്ചൊല്ലി ചലച്ചിത്രമേഖലയില്‍ പോര്. വ്യാജ പകര്‍പ്പുകള്‍ പ്രചരിക്കുന്നത് തടയാന്‍ സിനിമാ രംഗത്തെ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സംവിധായകന് അന്‍വര്‍ റഷീദ് ഫെഫ്കയില്‍ നിന്ന് രാജി വച്ചു. വ്യാജ കോപ്പികള്‍ക്ക് പിന്നില്‍ സൂപ്പര്‍ താരങ്ങളാണെന്ന ചര്‍ച്ചയും സിനിമാ വൃത്തങ്ങളില്‍ സജീവമാണ്.
അടുത്തകാലത്ത് പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍ക്കൊന്നും ലഭിക്കാത്ത വിജയമാണ് നിവിന്‍ പോളി നായകനായ പ്രേമത്തിന് ലഭിച്ചത്. വളര്‍ന്നു വരുന്ന യുവതാരത്തിന്റെ ഉയര്‍ച്ചയില്‍ സിനിമാരംഗത്തെ മുടിചൂടാമന്നന്മാരായ ചിലര്‍ അസൂയാലുക്കളാണെന്നും ഇവരുടെ പിന്തുണയോടെയാണ് വ്യാജ പകര്‍പ്പുകള്‍ പ്രചരിക്കുന്നതെന്നുമാണ് സംസാരം. മുന്‍പ് ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരുടെ സിനിമകള്‍ക്കും ഈ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായി മാറിക്കഴിഞ്ഞു ഇതിനകം പ്രേമം. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റെക്കോഡാണ് പ്രേമം മറികടന്നത്. തുടര്‍ച്ചയായി വിജയങ്ങള്‍ സൃഷ്ടിക്കുന്ന നായകന് എന്ന ഇമേജ് നിവിന്‍ പോളിക്കുണ്ട്. താരത്തിന്റെ മുന്‍പ് പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളും വിജയമായിരുന്നു. യുവ നിരയിലെ മറ്റു താരങ്ങളേക്കാള്‍ പ്രമുഖ്യം ഇത് മൂലം നിവിന്‍ ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: