തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ നഗരത്തിലാണ് പുരാതനമായ തിരുവാറാട്ടുകാവ് ദേവീക്ഷേത്രം. ദക്ഷിണകേരളത്തില്‍ പ്രസിദ്ധമായ മൂന്ന് ഉത്സവങ്ങളുള്ള, സപ്തമാതൃക്കള്‍ വിഗ്രഹരൂപത്തിലുള്ള അപൂര്‍വ്വക്ഷേത്രം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആരാധനാലയമായിരുന്ന ഈ മഹാക്ഷേത്രം വാനമപുരം ആറിന്റെ തീരത്ത് കൊല്ലം പുഴയിലാണ്. മാമം ആറും വാമനപുരം ആറും പോലുള്ള ജലസ്രോതസ്സുകള്‍ കൊണ്ടനുഗൃഹീതമാണ് ആറ്റിങ്ങല്‍. എങ്ങും മനോഹാരിത ദര്‍ശിക്കാവുന്ന പ്രകൃതി.
ചുറ്റും ആറുകളൊഴുകുന്ന പ്രദേശം ചിറ്റാറ്റിന്‍കര എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടത് ആറ്റിന്‍കര എന്നായി. ഒടുവില്‍ ആറ്റിങ്ങല്‍ ആയി മാറി എന്ന് ഐതിഹ്യം. വിദേശീയര്‍ക്ക് പണ്ടകശാല കെട്ടാന്‍ മഹാറാണി അനുവാദം കൊടുത്തതോടെ ആറ്റിങ്ങലിന് രാജ്യാന്തര പ്രശസതിയുമായി. അന്ന് തിരുവിതാംകൂറിലെ രാജവംശം കോലത്തുനാട്ടില്‍ നിന്നും രണ്ട് കന്യകമാരെ ദത്തെടുത്തു. ഇവരില്‍ മൂത്ത തമ്പുരാട്ടി ആറ്റിങ്ങലിലെ റാണിയായി. അവര്‍ ആരാധിച്ചിരുന്ന പരദേവതയെ ഇവിടെയുള്ള നാഗര്‍കാവില്‍ കുടിയിരുത്തി. കണ്ണൂര്‍ ജില്ലയിലെ മാടായി തിരുവര്‍കാട് ക്ഷേത്രത്തില്‍ നിന്നാണ് ദേവീ ചൈതന്യം ആവാഹിച്ചുകൊണ്ടുവന്നത്. വിറകുകഷണം കൊണ്ട് അടയാളം കാണിച്ച സ്ഥലത്ത് ക്ഷേത്രം പണിതതുകൊണ്ട് ഈ ക്ഷേത്രത്തിന് തിരുവിറകുകാടെന്ന് പേരുണ്ടായി. പിന്നീട് അത് തിരുവര്‍ക്കാട് എന്നായി അറിയപ്പെട്ടു. ആ സ്ഥലത്തുനിന്നും ദേവിയെ കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിച്ചതുകൊണ്ട് തിരുവാറാട്ടുകാവ് എന്ന് ഈ ദേവീക്ഷേത്രവും പ്രസിദ്ധമായി.
വിശാലമായ ക്ഷേത്രപറമ്പില്‍ പഴക്കം ചെന്ന ധാരളം വൃക്ഷങ്ങളുണ്ട്. അതിലൊരു മരച്ചുവട്ടില്‍ തുമ്പിക്കൈയും ആട്ടി നില്‍ക്കുന്ന കാളിദാസന്‍ – തിരുവാറാട്ടുകാവിലമ്മയുടെ വത്സലപുത്രനായ ആന. ഈയര്‍ന്ന സ്ഥാനത്ത് ക്ഷേത്രാങ്കണം. അവിടെ നിന്നുള്ള കാഴ്ച അതീവ ഹൃദ്യമാണ്. തൊട്ടടുത്ത് ആറ്റിങ്ങല്‍ കൊട്ടാരവുമുണ്ട്. രണ്ട് നടകള്‍. രണ്ടിലും ആനപ്പന്തലും. ചെമ്പുമേഞ്ഞ ചതുരാകൃതിയിലുള്ള ശ്രീകോവിലില്‍ പ്രധാന ദേവീ ഭൈരവി കിഴക്കോട്ട് ദര്‍ശനമേകുന്നു. വാളും പരിചയും ശൂലവും തലയോട്ടിയും പിടിച്ചിരിക്കുന്ന നാല് തൃക്കൈകള്‍. നാലമ്പലത്തിനകത്ത് ശിവനും ഗണപതിയും ശാസ്താവും കിരാതമൂര്‍ത്തിയും നാഗയക്ഷിയും ഉപദേവതകള്‍. കൂടാതെ സപ്തമാതൃക്കളുമുണ്ട്. ഉച്ചപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകിട്ട് അഞ്ചിന് തുറന്ന് ദീപാരാധനയും അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് എട്ടുമണിക്ക് നട അടയ്‌ക്കും. രക്തപുഷ്പാജ്ഞലിയും സ്വയം വരാര്‍ച്ചനയും ഐക്യമത്യാര്‍ച്ചനയും കടുംപായസവും, ഉണ്ണിയപ്പവും, വത്സനും പ്രധാന വഴിപാടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: