ആലപ്പുഴ: എന്‍എസ്എസ് കരയോഗം ഹാള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ മൂന്നു പേരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. 3646-ാം നമ്പര്‍ മന്നം ജന്മശതാബ്ദി സ്മാരക കരയോഗത്തിന്റെ ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് പടിഞ്ഞാറുള്ള ഓഫീസ് മന്ദിരം അടിച്ചുതകര്‍ത്ത കേസില്‍ എംഒ വാര്‍ഡ് ശിവഭവനത്തില്‍ ശിവദാസ് (61), ആലിശേരി തൈപ്പറമ്പ് വീട്ടില്‍ സാബു (34), പള്ളാത്തുരുത്ത് ചക്രംപുരയ്ക്കല് വിജീഷ് (32) എന്നിവരെയാണ് പിടികൂടിയത്.
ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംകഌസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ ശിവദാസിന് ജാമ്യം ലഭിച്ചു. മറ്റു രണ്ടുപേരെ റിമാന്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ സംഘം ഇരുമ്പുവടിക്ക് വാതിലുകളും ജനലുകളും അടിച്ച് തകര്‍ക്കുകയായിരുന്നു.
കഴിഞ്ഞ നിരവധി നാളുകളായി മദ്യപസംഘം ഈ ഹാളിന് പരിസരത്ത് മദ്യപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
ഇതില്‍ രോഷാകുലരായാണ് സംഘം അക്രമം നടത്തിയത്.
അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയനില്‍പ്പെട്ട 3646-ാം നമ്പര്‍ എംഒ വാര്‍ഡ് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയുണ്ടായ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ താലൂക്ക് യൂണിയന് അടിയന്തര യോഗം പ്രതിഷേധിച്ചു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. കരയോഗ മന്ദിരത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ കസേരകളും മറ്റുപകരണങ്ങളും തല്ലിത്തകര്‍ക്കുകയും കരയോഗത്തിന്റെ ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തു. പട്ടാപ്പകല്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ഉന്നത പോലീസ് മേധാവികളോട് ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.
ഓഫീസ് മന്ദിരം തകര്‍ക്കുകയും ഫര്‍ണീച്ചറുകളും രേഖകളും പതാകകളും നശിപ്പിക്കുകയും ചെയ്തതില്‍ കരയോഗ നിര്‍വാഹക സമിതി പ്രതിഷേധിച്ചു.
രണ്ടാഴ്ച മുമ്പ് ജില്ലാ പോലീസ് മേധാവിക്ക് സാമൂഹ്യവിരുദ്ധ ശല്യമുണ്ടെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് സാമൂഹ്യവിരുദ്ധ സംഘം അക്രമം നടത്തിയത്. ഇവരെ അമര്‍ച്ച ചെയ്യുവാനും കരയോഗ മന്ദിരം തകര്‍ത്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കരയോഗ മന്ദിരം തല്ലിത്തകര്‍ത്ത സാമൂഹ്യവിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു. പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും കരയോഗ മന്ദിരം സന്ദര്‍ശിച്ച ശേഷം ടൗണ്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബിജെപി നിയോജക മണ്ഡലം സെക്രട്ടറി വി.സി. സാബു, ആര്. കണ്ണന്, ടൗണ്‍ ഏരിയ പ്രസിഡന്റുമാരായ സി.എസ്. സുമാനസന്‍, എ.ഡി. പ്രസാദ്കുമാര്‍, ഭാരവാഹികളായ അനീഷ് രാജ്, വിവേക് ജി.ഷേണായി, യുവമോര്‍ച്ച ടൗണ്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി കെ. രതീഷ് തുടങ്ങിയവര്‍ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: