മീററ്റ്: രാജ്യത്ത് എയിഡ്‌സ് രോഗികളോടുള്ള വിവേചനം വീണ്ടും തുടരുന്നു. യുപിയില്‍ എച്ച്‌ഐവി ബാധിതയായ ഒരു മുപ്പതുകാരിയുടെ ആശുപത്രി കിടക്കയില്‍ ആപായ സൂചകമായി ‘ബയോ ഹസാര്‍ഡ് പോസിറ്റീവ്’ എന്ന് എന്ന് എഴുതിയൊട്ടിച്ചതാണ് വിവാദമായത്.
മീററ്റിലെ ലാലാ ലജ്പത്‌റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനുവേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയാണ് ആശുപത്രി ജീവനക്കാരുടെ ക്രൂരമായ വിവേചനത്തിന് ഇരയായത്.
ശസ്ത്രക്രിയക്ക് ശേഷം തുന്നലെടുക്കുന്ന അവസരത്തില്‍ തുന്നല്‍ മുറിച്ച ശേഷം സ്വയം നൂല് വലിച്ചെടുക്കാന്‍ ഡോക്ടര്‍മാര്‍ രോഗിയോട് നിര്‍ദേശിച്ചു. ഇവരുടെ മെഡിക്കല്‍ വേസ്റ്റുകള്‍ കൈകാര്യം ചെയ്യാനും ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല.
വൈറസ് ബാധിച്ച ഒരു കുട്ടിയെ കൂടി ഈ ലോകത്തേക്ക് കൊണ്ടുവന്നതിന് ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ എച്ച്‌ഐവി ബാധിതയെ ക്രുരമായി ശകാരിച്ചു. ഡോക്ടര്‍മാര്‍ ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിച്ചതിലൂടെ അവരെ സന്ദര്‍ശിച്ച ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് രോഗബാധയെ കുറിച്ച് മനസ്സിലായി. എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവില്‍ നിന്നാണ് തനിക്ക് വൈറസ് ബാധയുണ്ടായതെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇത്രയും കാലം രോഗ വിവരം രഹസ്യമായി സൂക്ഷിച്ചുവെങ്കിലും ആശുപത്രിയധികൃതര്‍ കരുണകാട്ടിയില്ല.
ക്രൂരമായ പീഡനത്തെ കുറിഞ്ഞ് ആശുപത്രിയിലെത്തിയ ‘കെയര്‍ സപ്പോര്‍ട്ട് സെന്റര്‍’ പ്രവര്‍ത്തകരാണ് രോഗിയുടെ കിടക്കയ്‌ക്ക് അരികിലുളള ‘അപായ ബോര്‍ഡ്’ കീറിയെറിഞ്ഞത്.
















