590. നാഗിനീ – മനസാ ദേവിക്ക് നാഗിനീരൂപവും ഉണ്ടായിരുന്നു. നാഗങ്ങളെ സ്വാധീനിക്കുന്ന മന്ത്രങ്ങളുടെ അധിഷ്ഠാനദേവതയായി വര്‍ത്തിക്കുമ്പോള്‍ ദേവിനാഗ സ്ത്രീരൂപം സ്വീകരിക്കും.
591. നാഗഭൂഷണാ – നാഗങ്ങളെ ഭൂഷണമാക്കിയവള്‍ എന്നോ നാഗങ്ങള്‍ക്കു ഭൂഷണമായവള്‍ എന്നോ ഈ നാമത്തെ വ്യാഖ്യാനിക്കാം. മനസാ ദേവിയെ പൂജിക്കുന്നവര്‍ക്ക് നാഗങ്ങളുടെ പ്രസാദവും അനുഗ്രഹവും ലഭിക്കും.
592. കൃഷ്ണഭക്താ – കൃഷ്ണനില്‍ ഭക്തിയുള്ളവള്‍. മൂന്നു യുഗങ്ങള്‍ ശ്രീകൃഷ്ണപരമാത്മാവിനെ ഉദ്ദേശിച്ചു തപസ്സുചെയ്ത് ദേവി ഭഗവാനെ പ്രസാദിപ്പിച്ച കഥ 586-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു.
593. ജരത്കാരൂ – മൂന്നുയുഗം നീണ്ട തപസ്സുകൊണ്ട് ദേവിയുടെ വസ്ത്രങ്ങളും ശരീരവും ജീര്‍ണ്ണിച്ചുപോയതിനാല്‍ ശ്രീകൃഷ്ണദേവിയെ ജരത്കാരവ എന്നു വിളിച്ചനുഗ്രഹിച്ചു.
594. നാഗാനാം പ്രാണരക്ഷികാ – നാഗങ്ങളുടെ പ്രാണനെ രക്ഷിച്ചവള്‍. പരീക്ഷിതു മഹാരാജാവ് തക്ഷകന്റെ വിഷമേറ്റു മരിച്ചതില്‍ കോപിച്ച ജനമേജയന്‍ എല്ലാ സര്‍പ്പങ്ങളെയും നശിപ്പിക്കുന്നതിനായി നടത്തിയ സര്‍പ്പസത്രം തടഞ്ഞത് മനസാദേവിയുടെ പുത്രനായ ആസ്തീകനായിരുന്നു. നാഗങ്ങളുടെ രക്ഷയ്‌ക്കായി ആസ്തികന്‍ പ്രവര്‍ത്തിച്ചത് തന്റെ മാതാവിന്റെ പ്രേരണയും അനുവാദവും കൊണ്ടാകയാല്‍ നാഗങ്ങളുടെ പ്രാണന്‍ രക്ഷിച്ചവളായി മനസാദേവിയെ സ്തുതിക്കുന്നു.
.. തുടരും
















