ജീവന് ഈശ്വരന്റെ ഏറ്റവും അടുത്താണ് വര്‍ത്തിക്കുന്നതെങ്കിലും അഹന്തയുമായുള്ള താദാത്മ്യം കാരണം ജീവന് ഈശ്വരസാന്നിദ്ധ്യം അനുഭവിക്കാന്‍ സാധിക്കുന്നില്ല. അഹങ്കാരവും പരമാത്മാവുമായി ഒരുതരത്തിലും ഒരു ബന്ധവും ഉണ്ടാവുകയില്ല. ബന്ധമുള്ളത് ജീവാത്മാവും പരമാത്മാവും തമ്മിലാണ്. ജീവന് സ്ഥൂലസൂക്ഷ്മകാരണങ്ങളായ ഉപാധികളോടുള്ള താദാത്മ്യത്തില്‍നിന്നാണ് അഹന്ത ഉദിക്കുന്നത്. ഈ ഉപാധികളില്‍ ഏതിനോടെങ്കിലുമായി നിങ്ങള്‍ നാദാത്മ്യം പുലര്‍ത്തിടത്തോളം കാലം നിങ്ങള്‍ക്ക് ഈശ്വരനുമായുള്ള സഹജ് ബന്ധത്തെപ്പറ്റി അറിയാനോ ഈശ്വരനുമായുള്ള ഐക്യം അനുഭവിക്കാനോ സാദ്ധ്യമാകയില്ല.
അഹങ്കാരം മായാജന്യമാണ്. ഈശ്വരന്റെ മോഹശക്തിയാണു മായ. ഈശ്വരനെ മറച്ചുപിടിക്കുന്നതും പ്രകാശിപ്പിക്കുന്നതും മായതന്നെ. ജീവന്റെ ദൃഷ്ടിയില്‍നിന്ന് സത്യചൈതന്യത്തെ മറച്ചുപിടിക്കുമ്പോള്‍ ആ മായയെ അജ്ഞാനം എന്നു വിളിക്കുന്നു. സത്യചൈതന്യത്തെ പ്രകാശിപ്പിക്കുമ്പോള്‍ അത് ജ്ഞാനമെന്നറിയപ്പെടുന്നു.
മായ നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കണം. അതായത് പ്രകാശനക്ഷമമായ ജ്ഞാനമായിത്തീരണം. അത് പ്രതികൂലമായിതീരുമ്പോള്‍ നിങ്ങളെ സംസാരത്തില്‍ തളച്ചിടും. എന്നാല്‍ അത് പ്രസാദാത്മകമായിത്തീരുമ്പോള്‍ ഈശ്വരനുമായുള്ള സുദൃഢബന്ധവും നിങ്ങളെ ബോദ്ധ്യപ്പെടുത്തും. നിങ്ങള്‍ ഈശ്വര കാരുണ്യത്തിന് പാത്രമാകുമ്പോള്‍ മായ അപരോക്ഷ ജ്ഞാനമായി രൂപാന്തരപ്പെടുന്നു.
















