സുമന്ത്രന്‍ പറഞ്ഞു. ”മഹാരാജാവേ അങ്ങേക്ക് പ്രായാധിക്യമായെന്നും ഭരണഭാരം ദുര്‍വഹമായിത്തുടങ്ങി എന്നതും പരമാര്‍ത്ഥം തന്നെ എന്നാലും അങ്ങ് ഭരണകൃത്യങ്ങളില്‍ നിന്നും വിരമിക്കുന്നതില്‍ ഞങ്ങള്‍ തൃപ്തരല്ല. എങ്കിലും അന്തരവാകാശിയുടെ സര്‍വതോമുഖമായ ഗുണമേന്മ ഞങ്ങളെ ആവേശഭരിതരാക്കുന്നു. ഈ കാര്യത്തില്‍ അങ്ങേക്കും ഞങ്ങള്‍ക്കും അന്യൂനമായ ധന്യതയാണുള്ളതെന്ന പരമാര്‍ത്ഥം കപടതയുടെ കണികപോലുമില്ലാതെ ഞാന്‍ വിനയസഹിതം വ്യക്തമാക്കിക്കൊള്ളട്ടെ.
ഇതെല്ലാം കേട്ട് വസിഷ്ഠ മഹര്‍ഷി പറഞ്ഞു. ”രാജര്‍ഷിപ്രവര, അങ്ങയുടെ ശ്രദ്ധയോടുകൂടിയ ധര്‍മ്മനിഷ്ഠയും, നിഷ്ഠയോടു കൂടിയ കര്‍മ്മശ്രദ്ധയും, രാജ്യഭരണ വിഷയത്തില്‍ പരിപൂര്‍ണ്ണമായി അങ്ങയെ വിജയിപ്പിച്ചിരിക്കുന്നു. ആത്മനിഷ്ഠമായ ഒരു ശക്തിവിശേഷമാണ് അങ്ങേക്ക് ഈ വിജയം കൈവരുത്തിയത്. ആ മഹത്ത്വം ഇപ്പോഴും അങ്ങയില്‍ അക്ഷയമായിത്തന്നെ കുടികൊള്ളുന്നു. ഭരണശേഷി അങ്ങേക്ക് ഒട്ടും കുറഞ്ഞിട്ടില്ലെന്നുമാത്രമല്ല, അത് വളരെ വര്‍ദ്ധിച്ചിട്ടേയുള്ളൂ. ആ നിലക്ക് അങ്ങ് ഇപ്പോള്‍ പറഞ്ഞത് പുത്രന്മാരോടുള്ള കടമനിര്‍വഹിക്കാന്‍ വേണ്ടിയാണെന്ന് ഞാന്‍ അനുമാനിക്കുന്നു. അങ്ങിനെയാണെങ്കില്‍ ഈ തീരുമാനം തികച്ചും യുക്തമാണെന്നതില്‍ സംശയലേശമില്ല.”
പുരുഷാര്‍ത്ഥങ്ങളുടെ അവതാരങ്ങള്‍ പോലെയാണ് അങ്ങയുടെ നാലു പുത്രന്മാര്‍ അവരോട് അങ്ങേക്കുള്ള വാത്സല്യം പോലെത്തന്നെ പ്രജകള്‍ക്കും സ്‌നേഹാദരങ്ങള്‍ ദിനംതോറും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാം. ഇന്നത്തെത്തന്നെ ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. ജനമനസ്സുകളില്‍ പൂര്‍ണ്ണ ചന്ദ്രനെപ്പെലെ പ്രശോഭിക്കുന്ന ശ്രീരാമചന്ദ്രനെ സിംഹാസനത്തിലിരുത്താന്‍ എല്ലാവരും വെമ്പല്‍ കൊള്ളുന്നുണ്ടെങ്കില്‍ അത് അങ്ങയുടെ മാത്രമല്ല നമ്മുടെ എല്ലാവരുടേയും മഹാഭാഗ്യമാണ്. അതുകൊണ്ട് ഉദാസീനരാകാതെ അടുത്ത ശൂഭമുഹൂര്‍ത്തത്തില്‍ തന്നെ ആ മംഗളകൃത്യം ഭംഗിയായി നിര്‍വഹിച്ച് നമുക്ക് കൃതാര്‍ത്ഥരാകാം.
വസിഷ്ഠന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആ വാക്കുകളെല്ലാവരും ഐക്യകണ്‌ഠേന അഭിനന്ദിച്ചു. ദശരഥന് തന്റെ അഭിപ്രായം എല്ലാവരും അംഗീകരിച്ചതില്‍ അഭിമാനം തോന്നി. അങ്ങിനെ ആ മഹാസദസ്സ് ഭാവിശുഭപ്രതീക്ഷകളോടെ പര്യവസാനിച്ചു.
ദശരഥ മഹാരാജാവ് അതിപ്രസന്നതയോടെ വസിഷ്ഠമുനിയോടു പറഞ്ഞു. ചൈത്രം പവിത്രമാണ് പൂക്കാലമായതുകൊണ്ട് അപ്പോള്‍ രാമരാജ്യാഭിഷേകം നടക്കണം മുന്നേ അങ്ങ് ഉചിതമായ ഏര്‍പ്പാടുകള്‍ ചെയ്താലും.
വസിഷ്ഠ മഹര്‍ഷി രാമാഭിഷേകത്തിന്നുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സുമന്ത്രര്‍ ആ സമയത്ത് രാമനേയും കൂട്ടിക്കൊണ്ട് രാജസന്നിധിയിലെത്തി, ശ്രീരാമന്‍ കൈകള്‍ അഞ്ജലീബദ്ധമാക്കി പിതാവിന്നടുത്തെത്തി സ്വനാമമെടുത്തു പറഞ്ഞ് പ്രണമിക്കുകയും അതിനുശേഷം ചരണസ്പര്‍ശം നടത്തി വന്ദിക്കുകയും ചെയ്തു. മഹാരാജാവ് രാമന്റെ കൈകള്‍ പിടിച്ച് സ്വന്തം മാറിലണച്ച് തന്റേതിനു തുല്യമായ സ്വര്‍ണ്ണസിംഹാസനത്തില്‍ ഉയരത്തിലിരുത്തി, രാജനീതിപരമായ ചര്‍ച്ചകള്‍ ആരംഭിച്ചു. യഥായോഗ്യം വേണ്ട ഉപദേശങ്ങള്‍ നല്കുകയും ചെയ്തു. അതിനുശേഷം യുവരാജാവായി അഭിഷേകം ചെയ്യുന്നതിനെപ്പറ്റിയുള്ള സൂചനകള്‍ നല്കി യാത്രയാക്കി. അഭിഷേകനിശ്ചയ വാര്‍ത്ത കൗസല്യയുടെ ചെവിയിലുമെത്തി. നാളെ പൂയം നാളില്‍ രാജ്യാഭിഷേകമെന്ന് നിശ്ചയിച്ചിട്ട് എല്ലാവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയശേഷം ദശരഥന്‍ അന്തപ്പുരത്തിലേക്ക് പോയി.
കുറച്ച് നേരം തനിയെ ഇരുന്ന് ആലോചിച്ചശേഷം അദ്ദേഹം സുമന്ത്രരെ വിളിച്ച് രാമനെ കൂട്ടികൊണ്ടുവരാന്‍ നിയോഗിച്ചു. ദശരഥന്‍ അസ്വസ്ഥചിത്തനപ്പോലെ ഇരിക്കുന്നത് കണ്ട് സുമന്ത്രര്‍ ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും; രാജ്യാഭിഷേകത്തിന്റെ ചിന്തകളായിരിക്കും അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് വിചാരിച്ച് തന്നെ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കുന്നതിനായി അദ്ദേഹം വിടവാങ്ങി.സുമന്ത്രര്‍ നല്കിയ വിവരമനുസരിച്ച് രാമന്‍ അച്ഛന്റെ മുന്നില്‍ എത്തിച്ചേര്‍ന്നു. രാമനെ കണ്ടപ്പോള്‍ പിതാവു പറഞ്ഞു ”മകനെ കുറേ ദിവസമായി ഞാന്‍ അസ്വസ്ഥനാണ്.
എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല. ഈയിടെയായി അശുഭസൂചനകള്‍ നല്കുന്ന ദുസ്വപ്നങ്ങള്‍ ധാരാളം കാണുന്നു. എന്റെ സമനില തെറ്റുമെന്നാണ് തോന്നുന്നത്. അങ്ങിനെ വല്ലതും സംഭവിക്കും മുമ്പ് നിന്റെ രാജ്യാഭിഷേകം നടത്തണം. ഭരതന്‍ ഇപ്പോള്‍ അമ്മാവന്റെ കൂടെയാണ് അവര്‍ വരുന്നതിന്നു മുമ്പായി അഭിഷേകം നടക്കണമെന്നാണ് എന്റെ ആഗ്രഹം. വീണ്ടും ചിലകാര്യങ്ങള്‍ അദ്ദേഹം രാമനോട് ഗോപ്യമായി സംസാരിച്ചു. ശ്രീരാമന്‍ പിതാവിന്റെ വാക്കുകള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വം ശ്രവിച്ചു.”
രാമന്‍ പിതാവില്‍ നിന്നും അനുജ്ഞവാങ്ങി കൗസല്യയുടെ സമീപത്തെത്തി. താനും, അമ്മ സുമിത്രയും, സീതയും അവിടെ ഉണ്ടായിരുന്നു. അഭിഷേകവൃത്താന്തം ഏവരേയും സന്തുഷ്ടരാക്കി. രാമന്‍ രണ്ടമ്മമാരേയും പാദം തൊട്ട് പ്രണമിച്ചു. അവര്‍ രാമനെ ആശ്ലേഷിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു. അതിനുശേഷം സീതയേയും കൂട്ടി അദ്ദേഹം സ്വന്തം കൊട്ടാരത്തിലേക്ക് പോയി.കുറെ സമയങ്ങള്‍ക്കു ശേഷം വസിഷ്ഠമുനി രാമന്റെ കൊട്ടാരത്തിലെത്തി. പതിപത്‌നിമാരോട് യജ്ഞത്തിന് വ്രതമെടുക്കാന്‍ നിര്‍ദ്ദേശിച്ചു. മുനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇരുവരും സ്‌നാന, അഗ്നി, ഹോത്രാദികളനുഷ്ടിച്ചു. രാമരാജ്യാഭിഷേകം നടക്കുന്ന വാര്‍ത്തയറിഞ്ഞ് അയോദ്ധ്യാ വാസികള്‍ സന്തോഷഭരിതരും ഉത്സാഹനിരതരുമായി അവര്‍ നഗരമെല്ലാം അലങ്കരിക്കുകയും വാദ്യഘോഷങ്ങള്‍ മുഴക്കുകയും ചെയ്തു.
കൊടി തോരണാദികള്‍ സര്‍വത്ര പാറിപ്പറന്നു. എല്ലാവരും ആഘോഷത്തില്‍ ആമഗ്നരായി സന്തോഷം കൊണ്ട് മതിമറന്നുവര്‍ത്തിച്ചു. ദശരഥന്റെ വാത്സല്യഭാജനവും കൗസല്യയുടെ കണ്ണിലുണ്ണിയും, അയോദ്ധ്യാ വാസികളുടെ ആരാധനാ മൂര്‍ത്തിയുമായി സകലര്‍ക്കും ബന്ധുവും, പ്രിയനുമായി വര്‍ത്തിക്കുന്ന ഒരാളുടെ പട്ടാഭിഷേക സന്നാഹത്തിന്റെ വൈപുല്യം വളരെ വലുതുതന്നെയായിരുന്നു. എല്ലാവരുടേയും അന്തരംഗം സന്തോഷാതിരേകത്താല്‍ നിറഞ്ഞു. അധരത്തില്‍ പ്രശംസാഗാനവും ഹൃദയത്തില്‍ അഭിമാനവും പേറിക്കൊണ്ട് കോസലരാജ്യത്തിലെ ജനസഞ്ചയം പട്ടാഭിഷേക ദിനത്തെ കാത്തിരുന്നു. മഹാമുനി വസിഷ്ഠന്റെ കാര്‍മ്മികത്വത്തില്‍ പുണ്യാത്മാക്കളായ മഹര്‍ഷിമാരുടെ ഒരു വ്യൂഹം തന്നെ വിശുദ്ധ മന്ത്രോച്ഛാരണത്താല്‍ അന്തരീക്ഷത്തെ മുഖരിതമാക്കികൊണ്ടിരുന്നു. ഭാരതത്തിലെ പലഭാഗങ്ങളില്‍ നിന്നും വന്നിട്ടുള്ള വര്‍ണവര്‍ഗ്ഗഭേദം കൂടാതെയുള്ള സന്ദര്‍ശകരുടെ സമൂഹം അനുനിമിഷം പെരുകികൊണ്ടിരുന്നു.
… തുടരും
















