പാലാ: രാമപുരത്ത് നാലമ്പതീര്ത്ഥാടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി. നാലമ്പല റോഡുകളുടെ ശോച്യാവസ്ഥ ഈവര്‍ഷവും തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കും. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം , കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് ജില്ലയിലെ നാലമ്പല തീര്‍ത്ഥാടന ക്ഷേത്രങ്ങള്‍. രാമപുരം പഞ്ചായത്തില്‍ നാലു കിലോമീറ്ററിനുളളില്‍ സ്ഥിതിചെയ്യുന്നതിനാല്‍ നാലമ്പല തീര്ത്ഥാടകര്ക്ക്ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. അതിനാല്‍ കര്‍ക്കിടകമാസത്തിലെ തീര്‍ത്ഥാടനത്തിന് വന്‍ ഭക്തജനത്തിരക്കാണിവിടെ.
ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ വീതികുറഞ്ഞതും തകര്ന്നതുമായതിനാല് ഇതുവഴി വാഹന ഗതാഗതം ഏറെ ദുഷ്കരമാണ്. നാലമ്പല റോഡുകളുടെ നവീകരണത്തിനും വികസനത്തിനുമായി 67 കോടി രൂപ ചെലവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും സമീപ റോഡുകളുടെയും അനുബന്ധറോഡുകളുടെയും പണി മാത്രമാണ് പൂര്‍ത്തിയായത്. ക്ഷേത്രങ്ങളിലേക്കുള്ള റോഡുകളുടെ സംരക്ഷണഭിത്തി കെട്ടുന്ന ജോലികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്.
കൂടപ്പുലം- അമനകര, അമനകര- മേതിരി, മേതിരി- ഇരപ്പുങ്കം റോഡുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാകില്ല. റോഡുപണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ പോലും നടക്കാതെ പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഈ റോഡുകള്‍. വാഹനത്തിരക്കിന്റെ സമയത്ത് വാഹനങ്ങള്‍ ഏകദിശാ സമ്പ്രദായത്തില്‍ തിരിച്ചുവിടന്ന റോഡുകളും തകര്‍ന്നിരിക്കുന്നു. പൂവക്കുളം പള്ളിമുതല്‍ ഇരപ്പുങ്കം വരെയുള്ള റോഡിന്റെയും നവീകരണം നടന്നില്ല.
നാലമ്പലങ്ങളെ ബന്ധിപ്പിക്കുന്ന 47 കിലോമീറ്റര്‍ റോഡുപണിക്കാണ് കരാര്‍. ഇതില്‍ ചില പണികള്മാത്രം പൂര്‍ത്തികരിച്ചെങ്കിലും 15 കിലോമീറ്റര്‍ മാത്രം ദൂരമുള്ള നാലമ്പല റോഡുകള്‍ പൂര്‍ത്തിയാക്കാത്തതില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കും ഭക്തര്‍ക്കും പ്രതിഷേധമുണ്ട്. ജൂലൈ 17 മുതല്‍ ഒരുമാസക്കാലമാണ് നാലമ്പല തീര്‍ത്ഥാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: