കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ വനാമി ചെമ്മീന്‍ കൃഷി വന്‍ വിജയം. ഉയര്‍ന്ന അതിജീവനനിരക്കും വളര്‍ച്ചാനിരക്കുമാണ് സംസ്ഥാനത്ത് ആദ്യമായി നടത്തിയ കൃഷി വിളവെടുപ്പ് നടത്തിയപ്പോള്‍ രേഖപ്പെടുത്തിയത്. കേരളത്തിന്റെ പ്രത്യേക ആവാവസവ്യവസ്ഥയ്ക്ക് ഇണങ്ങുന്നതാണ് വനാമി ചെമ്മീന്‍ കൃഷിയെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നടന്ന കൃഷിയിലൂടെ തെളിഞ്ഞു.
വിവിധ സാന്ദ്രതകളിലായി നാലു കുളങ്ങളിലാണ് വനാമി ചെമ്മീന്‍ കൃഷി ചെയ്തത്. ഒരു സ്ക്വയര്‍ മീറ്ററില്‍ 40 കുഞ്ഞുങ്ങള്‍ എന്ന നിരക്കില്‍ 1000 സ്ക്വയര്‍ മീറ്ററുള്ള ഒരു കുളത്തില്‍ 40000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്.
ചെന്നൈയിലുള്ള കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ (സി എ എ) ലൈസന്‍സോടു കൂടി കഴിഞ്ഞ മാര്‍ച്ചിലാണ് കുഫോസിന്റെ പ്രാദേശിക കേന്ദ്രമായ പുതുവൈപ്പിലെ ഫിഷറീസ് സ്റ്റേഷനില്‍ കൃഷി ആരംഭിച്ചത്. 94 ദിവസങ്ങള്‍ക്ക് ശേഷം വിളവെടുപ്പ് നടത്തിയപ്പോള്‍ ഒരു കുളത്തില്‍ നിന്നും 85 ശതമാനം അതിജീവന നിരക്കോടെ 650 കിലോയോളം വനാമി ചെമ്മീന്‍ ലഭിച്ചു. ഇതുപ്രകാരം, സംസ്ഥാനത്തെ ഓരുജലാശയങ്ങളിലും പൊക്കാളിപ്പാടങ്ങളിലും ഒരു ഹെക്ടറില്‍ അഞ്ചര മുതല്‍ ആറു ടണ്‍ വരെ വനാമി ഉല്പാദിപ്പിക്കാമെന്നാണ് പരീക്ഷണ കൃഷിയിലൂടെ കുഫോസ് തെളിയിച്ചത്.
അതേസമയം സംസ്ഥാനത്ത് നിലവില്‍ കൃഷി ചെയ്തവരുന്ന കാരച്ചെമ്മീന് ഒരു ഹെക്ടറില്‍ ഒന്നര ടണ്ണില്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഒരു ഹെക്ടറില്‍ വനാമി ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്ക് 14 ലക്ഷം വരെ ലാഭമുണ്ടാക്കാമെന്ന് പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിയിലൂടെ വ്യക്തമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചെമ്മീന്‍ കര്‍ഷകരുടെ സാന്നിധ്യത്തില്‍ ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോവൈസ്ചാന്സലറുമായ കെ ബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വനാമി വിപ്ലവത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. വനാമിയുടെ വരവ്, വൈറസ് രോഗബാധമൂലം പ്രതിസന്ധിയിലായ ചെമ്മീന്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകും. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ വിജയകരമായി വികസിപ്പിച്ച വനാമി ചെമ്മീന്‍ കൃഷി സമ്പ്രദായം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. തൃശൂര്‍ ജില്ലയിലെ പൊയ്യ ഉള്‍പ്പെടെയുള്ള ഫാമുകളില്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ വനാമി കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വനാമി കൃഷി തുടങ്ങുന്നതിനാവശ്യമായ ചെന്നൈ കോസ്റ്റല്‍ ്അക്വാകള്ച്ചര് അതോറിറ്റിയുടെ ലൈസന്‍സ് ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് എല്ലാവിധ സഹായവും കുഫോസ് നല്‍കുമെന്നും വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു.
ടി എന്‍ പ്രതാപന് എംഎല്‍എ, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി ഐഎഎസ്, കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ അംഗം അന്‍വര്‍ ഹാഷിം, കുഫോസ് പ്രൊ വൈസ്ചാന്‍സലര്‍ ഡോ. കെ പത്മകുമാര്‍, രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ്ജ്, എംപിഇഡിഎ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഷാജി എന്നിവര്‍ സംബന്ധിച്ചു. കുഫോസിനു പുറമെ, വിവിധ ഫിഷറീസ് സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: