പള്ളുരുത്തി: കാലവര്‍ഷമെത്തിയതോടെ ചെല്ലാനം തീരമേഖലയില്‍ കടലിന്റെ കലി തുടങ്ങി.കടല്‍കയറ്റം ശക്തമായതോടെ നാട്ടുകാര്‍ ഭീതിയിലായി.തീരദേശത്തെ മറുവക്കാട്,മാളികപ്പടി,മാലാഖപ്പടി,ചാളക്കടവ്,പുത്തന്‍തോട്,കണ്ടക്കടവ്,ഹാര്‍ബര്‍ എന്നവിടങ്ങളില്‍ കടല്‍ കയറ്റം രൂക്ഷമാണ്.ചെല്ലാനം വേളാങ്കണ്ണി പള്ളിക്ക് പടിഞ്ഞാറ് വശം ശക്തമായ കടല്‍ കയറ്റത്തില്‍ സംരക്ഷണ കവചമായ കടല്‍ഭിത്തി തകര്‍ന്നു.കടലിന്റെ കലിയില് കരിങ്കല്‍ ഭിത്തി പൊട്ടി പോയി.ഇതോടെ ഈ ഭാഗത്തെ മുപ്പതോളം വീടുകള്‍ വെള്ളത്തിലായി.വീട്ടിനകത്തുള്ളവര്‍ കടലിരമ്പത്തില് ഭയന്നോടി.രാത്രികാലങ്ങളില്‍ ഭീതിയിലാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സാധാരണ കാലവര്‍ഷത്തിന് മുന്നോടിയായി കടല്‍ കയറ്റം തടയാന്‍ റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ മണല്‍ ചാക്കുകള്‍ നിരത്തുക പതിവാണെങ്കിലും ഇത്തവണ അതുണ്ടായില്ല.കടല്‍ കയറ്റത്തെ അല്‍പ്പമെങ്കിലും നിര്‍ത്തിയിരുന്ന കടല്‍ഭിത്തി കൂടി തകര്‍ന്നതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ല.ദ്രോണാചാര്യ മാതൃകയില്‍ പുലിമുട്ടുകള്‍ നിര്‍മ്മിക്കണമെന്നത് നാട്ടുകാരുടെ നീണ്ട കാലത്തെ ആവശ്യം.എന്നാല്‍ ഇതിനാവശ്യമായ നടപടികള്‍ ഇത് വരെ പൂര്‍ത്തിയായിട്ടില്ല.കാല വര്‍ഷം കൂടുതല്‍ ശക്തമാകുന്നതോടെ കടലിന്റെ കലി കൂടുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: