അരൂര്‍: മത്സ്യ സംസ്കരണശാലയിലെ മാലിന്യം പുഴുക്കളായി, നാട്ടുകാര്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും, പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്കി. ആഴ്ചകളായി അടച്ചിട്ടിരിക്കുന്ന ചന്തിരൂരിലെ പ്രമുഖ കയറ്റുമതി സ്ഥാപനത്തിലെ അഴുകിയ മാംസാവശിഷ്ടങ്ങള്‍ കലര്‍ന്ന മലിനജലത്തില്‍ നിന്നാണ് പുഴുക്കള്‍ പെരുകി പ്രദേശവാസികള്‍ക്കും യാത്രികര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്.
കമ്പനിയുടെ പ്രവര്‍ത്തനം മുടങ്ങിയതിനാല്‍ ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്ന മത്സ്യ-മാംസാവശിഷ്ടങ്ങള്‍ അഴുകുകയും, ടാങ്കില്‍ ശേഖരിച്ചിരുന്ന ജലത്തില്‍ പുഴുക്കള്‍ പെരുകുകയുമായിരുന്നു. കമ്പനി കോമ്പൗണ്ടില്‍ പുഴുക്കള്‍ വ്യാപിക്കുകയും സമീപത്തെ കാനയിലൂടെ പ്രദേശമാകെ ഒഴുകിയെത്തുകയും ചെയ്തു.
സമീപത്തുള്ള വീടുകളിലെ അടുക്കളയില്‍ വരെ പുഴുക്കളായി, ഇതേതുടര്‍ന്ന് പ്രദേശവാസികളും, ജനപ്രതിനിധികളും കമ്പനിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. തുടര്‍ന്ന് പഞ്ചായത്ത് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്കി. സ്ഥാപനം നടത്തിപ്പുകാര്‍ക്കെതിരെ അരൂര്‍ പോലീസ് കേസെടുത്തു. ചന്തിരൂരിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
മേഖലയില്‍ മാത്രം സ്ഥിതി ചെയ്യുന്ന പതിനെട്ടോളം മത്സ്യസംസ്കരണ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാതെ പൊതുജനത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും വിധം തോടുകളിലേക്കും, കായലുകളിലേയ്ക്കും തള്ളുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ചന്തിരൂര്‍, കുമ്പഞ്ഞി മേഖലയിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ കടന്നുപോകുന്നത് മാലിന്യങ്ങള്‍ തള്ളുന്ന കാനയിലൂടെയാണ്.
ജലം ഉപയോഗിക്കുന്നവര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പിടിപെടുന്നത് പതിവായി. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് നേരെ അധികൃതര്‍ മുഖം തിരിക്കുകയാണെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: